പ്രേക്ഷകരെ കുടുകുട ചിരിപ്പിച്ച കൊല്ലം സുധി ഒരുപാട് കരയിച്ചു യാത്രയായി. മിമിക്രി കലാകാരനും നടനുമായ സുധി വാഹനാപകടത്തെത്തുടർന്ന് മരണമടഞ്ഞു എന്നത് വിശ്വസിക്കാൻ കലാലോകത്തിന് കഴിയുന്നില്ല. ഏറെ പ്രതിസന്ധികളെ അതിജീവിച്ചാണ് സുധി പ്രശസ്തിയുടെ ലോകത്ത് എത്തിയത്. കലാജീവിതത്തിൽ വളർച്ചയുടെ പടവുകൾ കയറുമ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ വിട പറഞ്ഞതിന്റെ ഞെട്ടലിലാണ് പ്രിയപ്പെട്ടവർ . സിനിമാ കഥയേക്കാൾ വെല്ലുന്നതാണ് സുധിയുടെ ജീവിതം. പാട്ട് പാടിയാണ് കലാരംഗത്തേക്ക്ചുവടുവയ്ക്കുന്നത്. പിന്നീട് സുധി പോലും അറിയാതെ മിമിക്രി കൂട്ടുകാരനായി. കൊല്ലം എസ്.എൻ. കോളജിൽ പഠിക്കുമ്പോൾ ക്ളബുകളുടെ പരിപാടികളിൽ മിമിക്രി അവതരിപ്പിച്ച് പൊളിഞ്ഞപ്പോൾ നാട്ടുകാർ മണ്ണ് വാരിയെറിയുകയും ചെരുപ്പുമാല അണിയിക്കുകയും ചെയ്തപ്പോൾ ഓടികയറിയത് സ്വന്തം വീട്ടുമുറ്റത്തേക്കായിരുന്നുവെന്ന് സുധി തന്നെ പറഞ്ഞിട്ടുണ്ട്.
ഇതേ നാട്ടുകാർ പിന്നീട് സുധിയുടെ കലാപരിപാടി കണ്ട് കൈയടിച്ചു. കൊല്ലം സിറാജും , ഷമ്മി തിലകനും ഷോബി തിലകനും കൊല്ലത്ത് മിമിക്രി രാജാക്കൻമാരായി തിളങ്ങുന്ന കാലത്ത് അവരോടൊപ്പം പ്രോഗ്രാമിൽ തുടക്കം കുറിക്കാൻ സുധിക്ക് കഴിഞ്ഞിട്ടുണ്ട്. കോളേജിൽ പഠിക്കുമ്പോൾ മാള അരവിന്ദനെ അവതരിപ്പിച്ച് തുടക്കം. പിന്നീട് സുരേഷ് ഗോപിയെയും ജഗദീഷിനെയും . സുധിയുടെ അവസാന പ്രോഗ്രാമിലും അവതരിപ്പിച്ചത് സുരേഷ് ഗോപിയെ ആയിരുന്നു. മുഖത്ത് നോക്കരുതെന്ന് തമാശയായി കാഴ്ചക്കാരോട് പറയുകയും ചെയ്തു. 16 വർഷം നീണ്ട പ്രണയത്തിനൊടുവിൽ ആയിരുന്നു സുധിയുടെ വിവാഹം. ഒന്നര വയസുമാത്രം പ്രായമുള്ള മകനെയും
തന്നെയും ഉപേക്ഷിച്ചു ആദ്യ ഭാര്യ മറ്രൊരാളോടൊപ്പം പോയപ്പോൾ സുധി സ്റ്രേജിൽ തന്റെ സങ്കടങ്ങൾ മറച്ചുവച്ചു ചിരിപ്പിച്ചു.മകനെയും കൊണ്ട് സുധി സ്റ്രേജുകളിൽനിന്ന് സ്റ്രേജുകളിലേക്ക് യാത്ര ചെയ്തു. അഞ്ചു വയസുള്ളപ്പോൾ മുതൽ മകൻ രാഹുൽ സ്റ്രേജിന്റെ കർട്ടൻ പിടിക്കാൻ തുടങ്ങി.
രേണുവിന്റെ സുധിക്കുട്ടൻ
തന്റെ ജീവിതത്തിലേക്ക് ഭാര്യമായി രേണു വന്നതോടെയാണ് ജീവിതത്തിലെ നല്ല കാലം ആരംഭിച്ചതെന്ന് സുധി പറയുമായിരുന്നു. ആദ്യ ബന്ധത്തിലെ മകനാണ് രാഹുൽ എന്ന് സുധി പറയുന്നത് രേണുവിന് ഇഷ്ടമല്ലായിരുന്നു. രേണു രാഹുലിനെ മൂത്തമകനായി കണ്ടു. രാഹുൽ രേണുവിനെ അമ്മ എന്നുവിളിച്ചു.സുധിക്കുട്ടൻ എന്നാണ് രേണു സുധിയെ വിളിച്ചത്. നല്ല ഭർത്താവും അച്ഛനും അമ്മയും സുഹൃത്തുമായി സുധി മാറി. ഇതിന്റെ പതിന്മടങ്ങ് സ്നേഹം രേണു തിരികെ നൽകുകയും ചെയ്തു. സുധിയുമായുള്ള പ്രണയം അറിഞ്ഞപ്പോൾ രേണുവിന്റെ വീട്ടിൽ എതിർപ്പുകൾ ഏറെയായിരുന്നു. രേണുവിന്റെ ആദ്യവിവാഹവും. ജഗദീഷിന്റെ രൂപമുള്ള ആളിനെയാണ് ഭർത്താവായി രേണു കണ്ടിരുന്നത്. ഷോകളിൽ സുധി തിളങ്ങിയത് ജഗദീഷിനെ അനുകരിച്ചും.
കോട്ടയം ഞാലിയാഴി ആണ് രേണുവിന്റെ വീട്. ഇവിടെ ഒരു വാടക വീട്ടിലാണ് സുധിയുടെയും രേണുവിന്റെയും മക്കളായ രാഹുലിന്റെയും ഋതുലിന്റെയും താമസം. ഇവിടെ നിന്നാണ് സുധി വടകര ഇരങ്ങിൽ ക്രാഫ്ട് വില്ലേജിലെ പ്രോഗ്രാമിന് പോയത്.
ഇതിന് യോഗം വേണം
പത്താംക്ളാസിലാണ് ഇപ്പോൾ രാഹുൽ. സുധിയുംരാഹുലും ഡ്രസും ഷൂസും പരസ്പരം മാറിയിടാറുണ്ട്. ഇതിന് യോഗം വേണം എന്നായിരുന്നു സുഹൃത്തുക്കളോട് സുധി പറഞ്ഞിരുന്നത്. രാഹുൽ എന്തു പറഞ്ഞാലും സാധിച്ചു കൊടുക്കുമായിരുന്നു.തന്റെ നെഞ്ചോട് ചേർത്താണ് സുധി രാഹുലിനെ വളർത്തിയത്. സുധിയുടെ സന്തോഷത്തിലും ദുഖത്തിലും കൂടെ ഉണ്ടായിരുന്ന മകനാണ് രാഹുൽ.സുധിയെ അവസാനമായി രാഹുൽ കണ്ടത് ഹൃദയഭേദകമായിരുന്നു, കുറെ പ്രോഗ്രാമുകൾ വന്ന സമയത്ത് വീടും പറമ്പും വാങ്ങാനുള്ള ശ്രമം സുധി നടത്തിയിരുന്നു. എന്നാൽ ഉദ്ദേശിച്ച പോലെ പൈസ ഒത്തുവരാത്തതിനാൽ നടന്നില്ല.അതു നഷ്ടപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞു കൊണ്ടാണ് സുഹൃത്തുക്കളോട് ഇക്കാര്യം പങ്കുവച്ചത്.വീട് എന്ന സ്വപ്നം ഈ വർഷം നേടിയെടുക്കാനുള്ള ഓട്ടത്തിലായിരുന്നു സുധി. സുധി അവസാനമായി പങ്കെടുത്ത ഷോയിൽ ടിനി ടോമും ഉണ്ടായിരുന്നു. പരിപാടി കഴിഞ്ഞ് മടങ്ങാൻ ഒരുങ്ങുമ്പോൾ ഒരു സെൽഫി എടുക്കണമെന്ന് സുധി ആവശ്യപ്പെട്ടിരുന്നു. പിന്നീട് അത് ടിനിക്ക് തന്നെ അയച്ചു കൊടുത്തു.
ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പോസ്റ്റ് ചെയ്യാനാണോ ചിത്രം അയച്ചുതന്നത്. മോനേ, ഇനി നീ ഇല്ലേ, ആദരാഞ്ജലികൾ മുത്തേ... ബിനു അടിമാലിയും കലാഭവൻ പ്രജോദിനും ഒപ്പമുള്ള ആ സെൽഫി ചിത്രം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച് ടിനി കുറിച്ചു.
എനിക്കിനി ചത്താ മതി
ഉരുളയ്ക്കുപ്പേരി പോലെയാണ് സുധിയുടെ തഗ്ഗ് മറുപടികൾ. ജഗദീഷിനെ അനുകരിച്ച് കൈയടി. ഇതാണ് മിനി സ്ക്രീനിലെ സുധി. എന്നാൽ ബിഗ് സ്ക്രീനിൽ നൽകിയതും ഓർത്തിരിക്കാവുന്ന കഥാപാത്രങ്ങൾ. ബിഗ് ബ്രദർ സിനിമയിലെ കഥാപാത്രം മാത്രം മതി ഉദാഹരണം. സാറ് എന്നെയാണോ സാർ എന്ന് വിളിച്ചത്. എനിക്കിനി ചത്താ മതി എന്ന് സുധിയുടെ കഥാപാത്രം മോഹൻലാലിനോട് പറയുന്ന ഡയലോഗ് ഇപ്പോഴും വൈറലാണ്,കുട്ടനാടൻ മാർപാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി, കേശു ഇൗ വീടിന്റെ നാഥൻ, എസ്കേപ്പ് ബിഗ് ബ്രദർ, നിഴൽ, ആദ്യരാത്രി എന്നിവയാണ് മറ്റു പ്രധാന ചിത്രങ്ങൾ. ചിത്രീകരണം പുരോഗമിക്കുന്ന ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന സ്വർഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |