ചാരുംമൂട്: എൺപതുകാരന്റെ എ.ടി.എം കാർഡ് മോഷ്ടിച്ച് പത്തുലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ. ചുനക്കര കരിമുളയ്ക്കൽ രമ്യ ഭവനത്തിൽ രമ്യയെയാണ് (38) നൂറനാട് സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ചാരുംമൂട് സ്വദേശി നൈനാർ മൻസിലിൽ അബ്ദുൽ റഹ്മാന്റെ എ.ടി.എം കാർഡ് മോഷ്ടിച്ചാണ് പണം തട്ടിയത്. പൊലീസ് പറയുന്നത് : അബ്ദുൽ റഹ്മാൻ ഇപ്പോൾ താമസിച്ചു വരുന്ന വീട്ടുവളപ്പിലെ കുടുംബവീട്ടിൽ വാടകക്ക് താമസിച്ചുവരികയാണ് രമ്യയും ഭർത്താവ് തോമസും. കെ.എസ്.ഇ.ബിയിൽ നിന്ന് ഓവർസിയറായി വിരമിച്ച അബ്ദുൽ റഹ്മാൻ ഇളയ മകൾക്കും മരുമകനും ഒപ്പമാണ് താമസിച്ചുവരുന്നത്. ഭാര്യ നേരത്തെ മരിച്ചു. മകളുടെയും മരുമകനെയും സംരക്ഷണയിൽ കഴിയുന്നതിനാൽ ഇദ്ദേഹം പെൻഷൻ തുക പിൻവലിക്കാറില്ലായിരുന്നു. അതിനാൽ വലിയൊരു തുക ബാങ്കിൽ നിക്ഷേപം ഉണ്ടായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫിസിയോതെറാപ്പിസ്റ്റ്, അസിസ്റ്റന്റ് പ്രൊഫസർ എന്നൊക്കെ പറഞ്ഞ് പരിചയപ്പെടുത്തിയാണ് രമ്യയും ഭർത്താവ് തോമസും വാടകയ്ക്ക് താമസം തുടങ്ങിയത്. അബ്ദുൽ റഹ്മാന്റെ വീട്ടുകാരോട് രമ്യ കൂടുതൽ അടുപ്പം പുലർത്തുകയും വിശ്വാസം നേടുകയും വീട്ടിൽ വലിയ സ്വാതന്ത്ര്യം ഉണ്ടാക്കിയെടുക്കുകയും ചെയ്തു.
അദ്ധ്യാപകരായ അബ്ദുൽ റഹ്മാന്റെ മരുമകനും മകളും രാവിലെ എട്ടുമണിക്കു പോയാൽ വൈകിട്ട് 6 മണിയോടുകൂടിയാണ് മടങ്ങിയെത്തുക. ഇത്രയും സമയം അബ്ദുൽ റഹ്മാൻ മാത്രമാണ് വീട്ടിൽ ഉണ്ടാവുക. ഉച്ചഭക്ഷണം കഴിഞ്ഞ് അദ്ദേഹം കിടന്നുറങ്ങുക പതിവായിരുന്നു. വാതിലുകൾ തുറന്നിട്ടിരിക്കും. ഈ സമയമെപ്പോഴോ രമ്യ മേശയ്ക്കുള്ളിൽ ഉണ്ടായിരുന്ന എ.ടി.എം കാർഡും പേപ്പറിൽ കുറിച്ചുവച്ചിരുന്ന പാസ്വേഡും കൈക്കലാക്കി.
കാർഡ് മോഷണം പോയ വിവരം ആരും അറിഞ്ഞിരുന്നില്ല. ജനുവരി 13 മുതൽ രമ്യ ഈ കാർഡ് ഉപയോഗിച്ച് ദിവസേന പണം പിൻവലിച്ചു കൊണ്ടിരുന്നു. 10000 രൂപ ഒറ്റ സമയം പിൻവലിച്ചാൽ അക്കൗണ്ട് ഉടമയുടെ മൊബൈലിലേക്ക് ഒ.ടി.പി വരുമെന്നറിയാവുന്ന രമ്യ ഓരോ ദിവസവും എ.ടി.എം കൗണ്ടറിലെത്തി 9000 രൂപ വീതം രണ്ടുതവണയും 2000 രൂപ ഒരു തവണയും എടുത്ത് ഒരു ദിവസം ഇരുപതിനായിരം രൂപ വീതമാണ് പിൻവലിച്ചിരുന്നത്. അബ്ദുൽ റഹ്മാന്റെ മൊബൈൽ നമ്പർ ബാങ്കിൽ പോയി അപ്ഡേറ്റ് ചെയ്യാത്തതിനാൽ പണം പിൻവലിക്കുമ്പോൾ മെസ്സേജ് വരില്ലായിരുന്നു. നാലു മാസത്തിനുള്ളിൽ രമ്യ ഇത്തരത്തിൽ അക്കൗണ്ടിൽ നിന്നും 10 ലക്ഷം രൂപയാണ് പിൻവലിച്ചത്. മകൾക്ക് ഒരു സ്കൂട്ടർ വാങ്ങാനായി പണം ആവശ്യം വന്നപ്പോഴാണ് അബ്ദുൽ റഹ്മാൻ എ.ടി.എം കാർഡ് തിരക്കിയത്. അപ്പോഴാണ് കാർഡ് കാണുന്നില്ല എന്ന് മനസ്സിലായത്. കാർഡിനായുള്ള തിരച്ചിലിൽ രമ്യ ഉൾപ്പെടെ പങ്കെടുക്കുകയും ചെയ്തു. പക്ഷേ എ.ടി.എം കാർഡ് കണ്ടെടുക്കാൻ സാധിച്ചില്ല. നഷ്ടപ്പെട്ടു പോയതായിരിക്കാം എന്ന് കരുതി അബ്ദുൽ റഹ്മാൻ മകളെയു കൂട്ടി എസ്.ബി.ഐ ചാരുംമൂട് ശാഖയിലെത്തി പണം പിൻവലിക്കാൻ നോക്കുമ്പോഴാണ് അക്കൗണ്ടിൽ പണമില്ലെന്നറിയുന്നത്. നൂറനാട് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു. എ.ടി.എമ്മുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് രമ്യയെ തിരിച്ചറിഞ്ഞത്.
പിൻവലിച്ച തുകയിൽ നിന്ന് 10000 രൂപയും എ.ടി.എം കാർഡും കണ്ടെത്തി. രമ്യ മുൻപും ഇതുപോലുള്ള തട്ടിപ്പുകേസുകളിൽ പ്രതിയായിട്ടുണ്ട്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |