കൊച്ചി: സ്ത്രീയുടെ നഗ്നമായ മാറിടം കാണിക്കുന്നത് അശ്ലീലമല്ലെന്ന് കേരള ഹൈക്കോടതി.നഗ്ന ശരീരത്തിൽ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ചതിന് രഹ്ന ഫാത്തിമയ്ക്കെതിരെ എടുത്ത പോക്സോ കേസിലെ തുടർനടപടികൾ റദ്ദാക്കി കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നിരീക്ഷണം. സ്ത്രീക്ക് സ്വന്തം ശരീരത്തോടുള്ള അധികാരം ചോദ്യംചെയ്യപ്പെടരുത്, നഗ്നത അധാർമ്മികമല്ലെന്നും കോടതി നീരീക്ഷിച്ചു.
പുരുഷന്റെ നഗ്നമായ മാറിടം അശ്ലീലമായി ആരും കാണുന്നില്ല. എന്നാൽ സ്ത്രീകളെ അങ്ങനെയല്ല പരിഗണിക്കുന്നത്. സ്ത്രീയുടെ നഗ്ന ശരീരത്തെ ചിലർ ലൈംഗികതയ്ക്കോ ആഗ്രഹപൂർത്തീകരണത്തിനോ ഉള്ള വസ്തുവായി കാണുന്നു. നഗ്നത ലൈംഗികതയുമായി ബന്ധിപ്പിക്കരുതെന്നും കോടതി പറഞ്ഞു, രഹ്ന ഫാത്തിമ കുട്ടികളെ കൊണ്ട് മാറിടത്തൽ ചിത്രീകരണം നടത്തിയത് കല എന്ന നിലയിലാണെന്നും അതിനെ ലൈംഗിക ഉദ്ദേശ്യത്തോടെയാണെന്ന് വ്യാഖ്യാനിക്കാൻ ആകില്ലെന്നും കോടതി വ്യക്തമാക്കി.
പോക്സോ പ്രകാരമായിരുന്നു രഹ്നക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് ഐ.ടി ആക്ടിലെ 67 വകുപ്പ് പ്രകാരവും കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75ാം വകുപ്പ് പ്രകാരവുമാണ് കേസെടുത്തത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നിൽ ശരീര പ്രദർശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണെന്ന്ചൂണ്ടിക്കാട്ടിയാണ് തിരുവല്ല സ്വദേശിയായ അഭിഭാഷകൻ പൊലീസിൽ പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |