ഇടുക്കി: ആറ് വർഷത്തിനിടെ മൂന്ന് വട്ടം മയക്കുവെടിയേറ്റു അരിക്കൊമ്പന്. ഇതിൽ അവസാന രണ്ട് വട്ടം മയക്കുവെടിയേറ്റത് 40 ദിവസത്തിനുള്ളിൽ. ആദ്യ രണ്ട് തവണയും കേരളത്തിലെയും ഇപ്പോൾ തമിഴ്‌നാട്ടിലെയും വനംവകുപ്പ് അധികൃതരാണ് മയക്കുവെടിവച്ചത്.
ആദ്യമായി 2017 ജൂലായ് 25, 26 തീയതികളിലായി ഡോ. അരുൺ സക്കറിയയും ഡോ. അബ്ദുൾ ഫത്തേഹും അഞ്ച് തവണയാണ് അരിക്കൊമ്പനെ മയക്കു വെടിവച്ചത്. എന്നാൽ കലീം, വെങ്കിടേഷ് എന്നീ കുങ്കിയാനകൾ അരിക്കൊമ്പനെ ലോറിയിൽ കയറ്റാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പാതി മയക്കത്തിലും അരിക്കൊമ്പൻ ശക്തമായി ചെറുത്തതോടെ കുങ്കികൾ തളർന്നു. ഇതോടെ ദൗത്യം ഉപേക്ഷിച്ചു.
ചിന്നക്കനാൽ, ശാന്തമ്പാറ പഞ്ചായത്തുകളിൽ ആക്രമണങ്ങൾ രൂക്ഷമായതോടെ 2023 ഫെബ്രുവരി 21നാണ് അരിക്കൊമ്പനെ വീണ്ടും മയക്കുവെടിവയ്ക്കാൻ അനുവാദം നൽകി വനംവകുപ്പ് ഉത്തരവിറക്കുന്നത്. പിന്നാലെ വയനാട്ടിൽ നിന്ന് കുങ്കിയാനകളായ വിക്രം, സൂര്യ, കുഞ്ചു, കോന്നി സുരേന്ദ്രൻ എന്നിവർ ചിന്നക്കനാലിലെത്തി. ആദ്യം ആനയെ പിടികൂടി കൂട്ടിലാക്കി കുങ്കിയാനയാക്കാനായിരുന്നു തീരുമാനം. എന്നാൽ ഹൈക്കോടതി ഇടപെടലിനെ തുടർന്ന് ആനയെ ഉൾവനത്തിൽ വിടാൻ തീരുമാനിച്ചു. പ്രതിഷേധത്തെ തുടർന്ന് ആദ്യം പറമ്പികുളത്തേക്ക് മാറ്റാനുള്ള തീരുമാനം ഉപേക്ഷിച്ചു. പിന്നീട് സർക്കാർ കണ്ടെത്തിയ സ്ഥലം രഹസ്യമായി സൂക്ഷിച്ചു. ഏപ്രിൽ 28ന് പുലർച്ചെ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ദൗത്യം ആരംഭിച്ചെങ്കിലും ആനയെ കണ്ടെത്താനായില്ല. തുടർന്ന് ഒമ്പതു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ ആദ്യദിനത്തെ ദൗത്യം അവസാനിപ്പിച്ചു. ഏപ്രിൽ 29ന് രാവിലെ ദൗത്യം തുടങ്ങി. രാവിലെ 7.30ന് സൂര്യനെല്ലിക്കും സിങ്കുകണ്ടത്തിനും ഇടയ്ക്കുള്ള 92 കോളനിയിൽ അരിക്കൊമ്പനെയും ചക്കക്കൊമ്പനെയും നാട്ടുകാർ കണ്ടെത്തി. പടക്കമെറിഞ്ഞു ചക്കക്കൊമ്പനെ ദൂരേക്കു മാറ്റിയ ശേഷം 11.57നു ആദ്യ മയക്കുവെടി വച്ചു. പിന്നീടു കൃത്യമായ ഇടവേളകളിൽ നാല് ബൂസ്റ്റർ ഡോസുകൾ കൂടി നൽകി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വൈകിട്ടോടെ നാല് കുങ്കികളുടെയും സഹായത്തോടെ അരിക്കൊമ്പനെ ലോറിയിൽ കയറ്റി. ആനയുടെ കഴുത്തിൽ ജി.പി.എസ് കോളർ ഘടിപ്പിച്ചു. ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെ അരിക്കൊമ്പനെ 122 കിലോ മീറ്റർ അകലെയുള്ള പെരിയാർ കടുവാ സങ്കതത്തിനുള്ളിലെത്തിച്ച് 30ന് പുലർച്ചെ തുറന്നുവിട്ടു. ഇവിടെ ഏതാനും ദിവസം ചുറ്റിത്തിരിഞ്ഞ അരിക്കൊമ്പൻ പിന്നീട് അതിർത്തിവിട്ട് തമിഴ്‌നാട്ടിലെ മേഘമല കടുവാ സങ്കേത്തിലേക്ക് കടന്നു. രണ്ടാഴ്ച ഇവിടെ കറങ്ങി നടന്നു. പിന്നീട് തിരിച്ച് പെരിയാറിലെത്തി. പിന്നാലെ ഇവിടെ നിന്ന് ലോവർ ക്യാമ്പ് ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. ഇതിനിടയിലാണ് ആന കമ്പം ടൗണിലെത്തി പരാക്രമം നടത്തിയത് തുടർന്ന് ആനയെ മയക്കുവെടി വയ്ക്കാൻ തമിഴ്നാട് സർക്കാർ ഉത്തരവിടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |