തിരുവനന്തപുരം: സർക്കാരിനെതിരെയുള്ള വിമർശനങ്ങളിൽ മന്ത്രിമാരുടെ നിലപാട് സംബന്ധിച്ച് മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ പരാമർശം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുന്നതിനിടെ, പ്രതിരോധിച്ച് സി.പി.എം. ഇക്കാര്യത്തിൽ വിശദീകരണവുമായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തി. രാഷ്ട്രീയകാര്യങ്ങൾ മന്ത്രിമാരുൾപ്പെടെ ശരിയായ ദിശാബോധത്തോടെ സംസാരിക്കണമെന്നത് പാർട്ടി നിലപാടാണ്, മന്ത്രിമാർ അത് ചെയ്യുന്നുണ്ടെന്ന് ഗോവിന്ദൻ പറഞ്ഞു.
എ.ഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായ ആരോപണങ്ങൾ പ്രതിപക്ഷത്ത് നിന്നുയർന്നിട്ടും മന്ത്രിമാരിൽ ആരും കാര്യമായി പ്രതികരിക്കാതിരുന്നത് സി.പി.എമ്മിൽ സംസാരവിഷയമായിരുന്നു. മന്ത്രി പി.രാജീവ് മാത്രമാണ് പ്രതിരോധം തീർത്തത്. മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും കാര്യമായ മറുപടിക്ക് തുനിഞ്ഞില്ല.
അതിനിടെയാണ്, മന്ത്രിമാർ ശക്തിയായി രാഷ്ട്രീയാഭിപ്രായം പറയണമെന്നത് മുഖ്യമന്ത്രിയുൾപ്പെടെ ഇരുന്ന് ചർച്ച ചെയ്തെടുത്ത തീരുമാനമാണെന്ന് കഴിഞ്ഞ ദിവസം ഒരു ചാനൽ അഭിമുഖത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം കൂടിയായ മന്ത്രി റിയാസ് പറഞ്ഞത്. അങ്ങനെ മിണ്ടാതിരിക്കുമ്പോൾ അത് മുഖ്യമന്ത്രിയെ പേടിച്ച് മിണ്ടാത്തതാണെന്ന പ്രചാരണമുണ്ടാവുന്നത് മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമമാണ്. പ്രതിച്ഛായയുടെ തടവറയിലാണ് നമ്മളോരോരുത്തരും എന്ന പ്രചാരണത്തിനെതിരായ പോരാട്ടം കൂടിയാണ് നടത്തേണ്ടത്.
പിണറായിക്കെതിരായ ആക്രമണങ്ങളെ ആരെങ്കിലും ചെറുക്കാൻ വന്നാൽ അത് ഫാൻസ് അസോസിയേഷനാണ്, പാർട്ടി ലൈനല്ല എന്നും പ്രചരിപ്പിക്കുന്നു. അപ്പോൾ മുന്നോട്ടുവരുന്നവരുടെ ശങ്ക, ഞാനിത് പറഞ്ഞാൽ എന്റെ പ്രതിച്ഛായ മോശമാകുമോ, ഫാൻസ് അസോസിയേഷന്റെ ആളായി മാറുമോ എന്നതാണ്. അതുകൊണ്ട് മിണ്ടണ്ട എന്ന് വരുത്തിത്തീർക്കാനുള്ള ബോധപൂർവ്വമായ ശ്രമമുണ്ട്. എന്നാൽ മന്ത്രിമാർ എല്ലാവരും കൃത്യമായി സർക്കാർ നിലപാട് പറയുന്നുണ്ടെന്നും റിയാസ് പറഞ്ഞിരുന്നു.
ഇതാണ് സർക്കാരിനെതിരെയുള്ള ആയുധമായി പ്രതിപക്ഷം ഉയർത്തിയത്. എന്നാൽ, പാർട്ടി സെക്രട്ടറി പ്രതിപക്ഷ വിമർശനങ്ങളെ പ്രതിരോധിച്ച് രംഗത്തെത്തിയത് വിവാദം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്.
'' മന്ത്രിമാർ ശരിയായ രാഷ്ട്രീയനിലപാട് സ്വീകരിച്ചുകൊണ്ട് പ്രതികരിക്കുന്നുണ്ട്. പ്രതികരിക്കണമെന്നത് പാർട്ടി നിലപാടാണ്. മന്ത്രിമാരായത് കൊണ്ട് രാഷ്ട്രീയം മിണ്ടരുത് എന്നില്ല. മന്ത്രിമാരുൾപ്പെടെ എല്ലാവരും സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂട്ടായ്മയോടെ മുന്നോട്ട് പോവുക എന്നുതന്നെയാണ് ഉദ്ദേശിക്കുന്നത്.
-എം.വി. ഗോവിന്ദൻ,
സി.പി.എം സംസ്ഥാന സെക്രട്ടറി
'' അഴിമതിയെ ന്യായീകരിക്കാൻ മന്ത്രിമാരൊന്നും ഇതുവരെ ഇറങ്ങാതിരിക്കെ, ഇറങ്ങണമെന്ന മുന്നറിയിപ്പും ഭീഷണിയുമാണ് മുഹമ്മദ് റിയാസ് നൽകിയത്.
-വി.ഡി.സതീശൻ,
പ്രതിപക്ഷ നേതാവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |