തിരുവനന്തപുരം: നാല് സ്വാശ്രയ മെഡിക്കൽ കോളേജുകളിലായി 450 എം.ബി.ബി.എസ് സീറ്റുകൾ നഷ്ടപ്പെടുന്ന സാഹചര്യമൊഴിവാക്കാൻ ആരോഗ്യ സർവകലാശാല ഇന്ന് യോഗം വിളിച്ചു. ഉച്ചയ്ക്ക് രണ്ടിന് ഓൺലൈനായാണ് യോഗം. വാഴ്സിറ്റി, സർക്കാർ, കോളേജ് പ്രതിനിധികൾ പങ്കെടുക്കും.
ദേശീയ മെഡിക്കൽ കമ്മിഷന്റെ വ്യവസ്ഥകൾ പാലിക്കാതിരുന്നതിന് ഗോകുലം, ജൂബിലി, കാരക്കോണം കോളേജുകളുടെ അംഗീകാരം പിൻവലിക്കുകയും തിരുവനന്തപുരം എസ്.യു.ടിയുടെ 100 സീറ്റ് പകുതിയാക്കുകയും ചെയ്തു. ഇതിലൂടെ 450 എം.ബി.ബി.എസ് സീറ്റുകളാണ് സംസ്ഥാനത്ത് ഇക്കൊല്ലം നഷ്ടമാവുക. മെഡിക്കൽ കമ്മിഷന്റെ പരിശോധനയിൽ കണ്ടെത്തിയ കുറവുകൾ പരിഹരിച്ചാൽ അംഗീകാരം തിരികെ ലഭിച്ചേക്കുമെന്ന് കമ്മിഷനംഗം കൂടിയായ ആരോഗ്യ സർവകലാശാലാ വി.സി ഡോ.മോഹനൻ കുന്നുമ്മൽ പറഞ്ഞു. കോളേജുകളിലെ പ്രശ്നം എന്താണെന്ന് മനസിലാക്കി പരിഹരിക്കാനുള്ള മാർഗനിർദ്ദേശങ്ങൾ നൽകാനും മെഡിക്കൽ കമ്മിഷന് ശുപാർശ നൽകാനും ലക്ഷ്യമിട്ടാണ് ഇന്നത്തെ യോഗമെന്ന് വി.സി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |