ന്യൂഡൽഹി: സിഗ്നലിംഗ് സംവിധാനത്തിൽ വന്ന പിഴവാണ് വെള്ളിയാഴ്ച ഒഡീഷയിലെ ബാലസോറിൽ രാജ്യം കണ്ട വൻ ട്രെയിൻ ദുരന്തത്തിന് കാരണമെന്ന് ബോധ്യമായതോടെയാണ് അട്ടിമറി കണ്ടെത്താൻ റെയിൽവേ ബോർഡ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
സാധാരണഗതിയിൽ ട്രെയിൻ കടന്നുപോകാൻ
എല്ലാ പോയിന്റുകളും സജ്ജീകരിച്ചശേഷം, ഇന്റർലോക്ക് സിസ്റ്റം വഴി സിഗ്നലുകൾ പച്ചയാക്കും. അപകടം നടന്ന ബഹനാഗ ബസാർ സ്റ്റേഷനിൽ അന്ന് പക്ഷേ, അസ്വാഭാവികമായ ചില നടപടികൾ ഉണ്ടായി.
ട്രെയിൻ പ്രധാന ട്രാക്കിലൂടെ പോകുന്നതിനുള്ള പോയിന്റിനെ നോർമൽ പൊസിഷൻ എന്നും ലൂപ്പ് ട്രാക്കിലേക്കുള്ളതിനെ റിവേഴ്സ് പൊസിഷൻ എന്നും വിളിക്കുന്നു.
ഇരുമ്പയിര് കയറ്റിയ ചരക്കു വണ്ടയെ റിവേഴ്സ് പൊസിഷനിലേക്ക് സജ്ജീകരിച്ച് അപ് ലൂപ്പ് ട്രാക്കിലേക്ക് മാറ്റിനിറുത്തിയിരുന്നു. അതിനുശേഷം, കോറമണ്ഡൽ എക്സ്പ്രസിന് പ്രധാന ലൈനിൽ സിഗ്നൽ നൽകി. പിന്നീട് അത് സ്വിച്ച് ഓഫ് ചെയ്തു. അതായത് പോയിന്റ് നോർമൽ ആക്കിയശേഷം പിന്നീട് റിവേഴ്സ് പൊസിഷനിലേക്ക് മാറി. ഇതാണ് ട്രെയിൻ ലൂപ്പ് ട്രാക്കിലൂടെ കടന്നു വരാനിടയാക്കിയത്. എന്നാൽ ഇക്കാര്യം കൺട്രോൾ റൂമിലെ പാനലിൽ തെളിഞ്ഞിരുന്നില്ല. അവിടെ ട്രെയിൻ നോർമൽ പൊസിഷൻ ആയിരുന്നു. ഇങ്ങനെ സംഭവിച്ചതിലാണ് ദുരൂഹത.
സാധാരണ ഗതിയിൽ സാങ്കേതിക തരാറുണ്ടായാൽ സിഗ്നലുകൾ ചുവപ്പായി ട്രെയിനുകളുടെ നീക്കം തടയും. പച്ച സിഗ്നൽ ലഭിച്ച പ്രകാരം കടന്നുവന്ന കോറമണ്ഡൽ എക്സ്പ്രസ് ലൂപ്പ് ട്രാക്കിലേക്ക് ആരെങ്കിലും വഴിതെറ്റിച്ചു വിട്ടതാണോ എന്നാണ് അറിയേണ്ടത്.
ഇന്റർലോക്കിംഗും
പോയിന്റ് മെഷീനും
പാളങ്ങൾ പരസ്പരം മുറിച്ചു കടക്കുന്ന ജംഗ്ഷനുകളിലും സ്റ്റേഷനുകളിലും ട്രെയിനിന്റെ നീക്കം സുരക്ഷിതമാക്കുന്നതാണ് ഇന്റർലോക്കിംഗ് സംവിധാനം. സിഗ്നലുകൾ, പോയിന്റുകൾ (സ്വിച്ചുകൾ), ട്രാക്ക് സർക്യൂട്ട് എന്നിവയുടെ ഏകോപനമാണിതിൽ.
ഒരു ട്രാക്കിൽ നിന്ന് മറ്റൊന്നിലേക്ക് ദിശ മാറ്റാൻ അനുവദിക്കുന്ന പോയിന്റുകൾ ശരിയായി വിന്യസിച്ച് ലോക്ക് ചെയ്യുന്നത് ഇന്റർലോക്കിംഗ് സംവിധാനമാണ്. ട്രാക്കിൽ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക്കൽ സർക്യൂട്ടുകളാണ് ട്രെയിനിന്റെ സാന്നിധ്യം കണ്ടെത്തുന്നത്. ഇന്റർലോക്കിംഗ് സംവിധാനം രണ്ട് ട്രെയിനുകൾ ഒരേ ട്രാക്കിൽ വരുന്നത് തടയും.
പണ്ട് ലിവറുകൾ കൈകൊണ്ട് വലിച്ച് നിയന്ത്രിച്ചിരുന്ന പാളത്തിനോട് ചേർന്നുള്ള പോയിന്റുകൾക്ക് പകരം ഇപ്പോൾ സ്റ്റേഷനിലോ, സിഗ്നൽ കാബിനിലെയോ നിയന്ത്രണ പാനലിലെ സ്വിച്ചുകൾ അമർത്തി പോയിന്റുകളിൽ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രോണിക് പോയിന്റ് മെഷീനുകൾ വഴി ട്രാക്കുകൾ നീക്കാം. ഇതിനായി സ്വിച്ചിംഗ് പോയിന്റുകൾക്ക് അടുത്തായി മോട്ടോറുകളും മറ്റ് ഉപകരണങ്ങളും ഉണ്ട്. പോയിന്റ് മെഷീനുകൾ കൺട്രോൾ റൂമുമായി ബന്ധിപ്പിക്കുന്നത് വയറുകൾ വഴിയാണ്.
പോയിന്റുകൾ ഏതു ട്രാക്കുമായാണ് ബന്ധിപ്പിച്ചിരിക്കുന്നതെന്ന് തൽസമയം സിഗ്നൽ റൂമിലെ ഡിജിറ്റൽ ഡിസ്പ്ലേ സ്ക്രീനിൽ വ്യക്തമാകും. വിവിധ ട്രാക്കുകളിലെ ട്രെയിനുകളുടെ സ്ഥാനവും സ്ക്രീനിൽ അറിയാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |