ഭോപ്പാൽ: പത്തൊൻപതുകാരിയായ നഴ്സിംഗ് വിദ്യാർത്ഥിനി വിവാഹത്തിന് തൊട്ടുമുമ്പ് കാമുകനൊപ്പം ഒളിച്ചോടി. യൂസഫ് എന്ന യുവാവിനൊപ്പമാണ് പെൺകുട്ടി കടന്നുകളഞ്ഞത്. മുസ്ലീം യുവാവുമായുള്ള പ്രണയത്തിൽ നിന്ന് പെൺകുട്ടിയെ പിന്തിരിപ്പിക്കാൻ ഭോപ്പാലിലെ ബി ജെ പി എംപിയായ പ്രഗ്യാ സിംഗ് ഠാക്കൂർ അടക്കമുള്ളവർ ശ്രമിച്ചിരുന്നു.
ഭോപ്പാലിലെ നായാ ബസേരയിലാണ് പത്തൊൻപതുകാരിയും കുടുംബവും താമസിക്കുന്നത്. അയൽവാസിയായ യൂസഫുമായി പെൺകുട്ടി പ്രണയത്തിലായി. ബന്ധുക്കൾ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനുപിന്നാലെ കുടുംബം പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ സഹായം തേടുകയായിരുന്നു. പെൺകുട്ടിയെ മനംമാറ്റാൻ വേണ്ടി സുദിപ്‌തോ സെൻ സംവിധാനം ചെയ്ത 'ദി കേരള സ്‌റ്റോറി' എന്ന ചിത്രം കാണുന്നതിന് എം പി പെൺകുട്ടിയെ കൊണ്ടുപോയി.
തുടർന്ന് മറ്റൊരു യുവാവുമായി മേയ് മുപ്പതിന് പെൺകുട്ടിയുടെ വിവാഹം നിശ്ചയിച്ചു. എന്നാൽ വിവാഹത്തിന് തൊട്ടുമുൻപ് പണവും സ്വർണാഭരണങ്ങളുമെടുത്തുകൊണ്ടാണ് പെൺകുട്ടി കാമുകനൊപ്പം പോയതെന്ന് കുടുംബം ആരോപിക്കുന്നു.
പഞ്ചാര വാക്കുകൾ പറഞ്ഞ് യൂസഫ് മകളെ കെണിയിൽ വീഴ്ത്തിയതാണെന്ന് കാണിച്ച് പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ സ്വന്തം ഇഷ്ടപ്രകാരമാണ് യൂസഫിനോടൊപ്പം പോയതെന്നാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്. ആറോളം കേസുകളിൽ പ്രതിയാണിയാൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |