SignIn
Kerala Kaumudi Online
Thursday, 28 March 2024 5.52 PM IST

അങ്കം ചെങ്കോലിനായി

cricket

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇന്ന് ഓവലിൽ തുടക്കം

ലണ്ടൻ : ടെസ്റ്റ് ക്രിക്കറ്റിന്റെ ചെങ്കോലിന് അധിപതിയാകുന്നത് ഇന്ത്യയോ ഓസ്ട്രേലിയയോ?. ഇന്ന് ഇംഗ്ളണ്ടിലെ ഓവൽ ഗ്രൗണ്ടിൽ ഇരുടീമുകളും തമ്മിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിനിറങ്ങുമ്പോൾ ട്വന്റി-20യുടെ കാലഘട്ടത്തിലും ടെസ്റ്റ് ക്രിക്കറ്റ് ലോക ശ്രദ്ധയിലേക്കെത്തുകയാണ്. കഴിഞ്ഞ തവണ കൈവിട്ട ലോക ടെസ്റ്റ് ചാമ്പ്യൻമാരുടെ ചെങ്കോൽ സ്വന്തമാക്കാനായി രോഹിത് ശർമ്മയും സംഘവും ഇറങ്ങുമ്പോൾ ലോക ചാമ്പ്യൻമാരെന്ന പട്ടമണിഞ്ഞ് ആഷസിന് ഇറങ്ങുകയാണ് ട്വന്റി-20 ലോകകപ്പ് ജേതാക്കളായ ഓസീസിന്റെ ലക്ഷ്യം.

ഐ.പി.എൽ കഴിഞ്ഞ് ഇംഗ്ളണ്ടിലെത്തിയ ഇന്ത്യൻ ടീം ട്വന്റി-20 ഫോർമാറ്റിൽ നിന്ന് റെഡ് ബാൾ ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള കഠിനപരിശീലനത്തിലാണ്. നായകൻ രോഹിത് ശർമ്മ ഐ.പി.എല്ലിൽ അത്ര മികച്ച ഫോമിലായിരുന്നില്ല. എന്നാൽ തുറുപ്പുചീട്ടുകളായ വിരാട് കൊഹ്‌ലിയും ശുഭ്മാൻ ഗില്ലും അതിഗംഭീര ഫോമിലാണ്. പേസർ ജസ്പ്രീത് ബുംറ കളിക്കാനില്ലാത്ത സാഹചര്യത്തിൽ ഐ.പി.എല്ലിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച മുഹമ്മദ് ഷമിയിലാണ് പ്രതീക്ഷകൾ. ടീമിലേക്ക് തിരിച്ചെത്തിയ അജിങ്ക്യ രഹാനെ,ചേതേശ്വർ പുജാര, രവി ചന്ദ്രൻ അശ്വിൻ,രവീന്ദ്ര ജഡേജ തുടങ്ങിയവരുടെ പരിചയസമ്പത്താണ് ഇന്ത്യയ്ക്ക് കരുത്തേകുന്ന ഘടകം. മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്,ശാർദൂൽ താക്കൂർ,അക്ഷർ പട്ടേൽ,ശ്രീകാർ ഭരത്,ഇഷാൻ കിഷൻ തുടങ്ങിയവരും ഇന്ത്യൻ സംഘത്തിലുണ്ട്.

പാറ്റ് കമ്മിൻസ് നയിക്കുന്ന ഓസ്ട്രേലിയൻ ടീമിൽ വൈസ് ക്യാപ്ടനായി പരിചയസമ്പന്നനായ സ്റ്റീവൻ സ്മിത്തുണ്ട്. ഡേവിഡ് വാർണർ,ലാബുഷേയ്ൻ, ട്രാവിസ് ഹെഡ്,ഉസ്മാൻ ഖ്വാജ,നഥാൻ ലിയോൺ,മിച്ചൽ സ്റ്റാർക്ക് തുടങ്ങിയ മികച്ച താരങ്ങളുടെ നിരതന്നെ കംഗാരുപ്പടയിലുണ്ട്. എന്നാൽ അവസാന നിമിഷം പരിക്കുമൂലം ജോഷ് ഹേസൽവുഡിന് പിന്മാറേണ്ടിവന്നത് അവർക്ക് തിരിച്ചടിയായിട്ടുണ്ട്. ഹേസൽവുഡിന് പകരം മൈക്കേൽ നെസറിനെ ടീമിലെടുത്തിട്ടുണ്ട്.

ഫൈനലിലേക്കുള്ള വഴി

കഴിഞ്ഞ സീസണിലെ 19 മത്സരങ്ങളിൽ 11 വിജയങ്ങളും അഞ്ചുസമനിലയും മൂന്ന് തോൽവികളും ഉൾപ്പടെ 66.67 എന്ന വിജയശതമാനവുമായി ഒന്നാമന്മാരായാണ് ഓസ്ട്രേലിയ ഫൈനലിന് ടിക്കറ്റെടുത്തിരിക്കുന്നത്. സീസണിൽ 18 മത്സരങ്ങൾ കളിച്ച ഇന്ത്യ 10 ജയവും മൂന്ന് സമനിലകളുമാണ് നേടിയത്. അഞ്ചു മത്സരങ്ങളിൽ തോറ്റിരുന്നെങ്കിലും 58.80 എന്ന വിജയശതമാനം കാത്തുസൂക്ഷിക്കാനായതിനാൽ മൂന്നാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയെ മറികടന്ന് രണ്ടാമന്മാരായി ഫൈനലിലെത്താനായി. ഇന്ത്യയുടെ രണ്ടാം ഫൈനലാണിത്. കഴിഞ്ഞ ഫൈനലിൽ ന്യൂസിലാൻഡാണ് ഇന്ത്യയെ തോൽപ്പിച്ചത്.

പ്ളേയിംഗ്ഇലവനിൽ ആരൊക്കെ?

ഇംഗ്ളണ്ടിലെ പിച്ചിൽ നാലുപേസർമാരുമായി ഇറങ്ങണമോ രണ്ട് സ്പിന്നർമാരെ ഉൾപ്പെടുത്തണമോ എന്നതാണ് ഇന്ത്യ നേരിടുന്ന വലിയ ചോദ്യം. ബുംറ ഇല്ലെങ്കിലും ഇന്ത്യൻ പേസ് നിര ശക്തമാണ്. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്,ഉമേഷ് യാദവ്,ശാർദ്ദൂൽ താക്കൂർ എന്നിവരാണ് പേസ് ബൗളർമാർ. നാലുപേസർമാരെ കളിപ്പിക്കുകയാണെങ്കിൽ മികച്ച ആൾറൗണ്ടർമാരായ രവീന്ദ്ര ജഡേജ, അശ്വിൻ,അക്ഷർ പട്ടേൽ എന്നിവരിൽ ഒരാൾക്ക് മാത്രമേ പ്ളേയിംഗ് ഇലവനിൽ അവസരം നൽകാനാവൂ. വിക്കറ്റ് കീപ്പറായി മികച്ച ബാറ്റിംഗ് ഫോമിലുള്ള ഇഷാൻ കിഷൻ വേണോ ശ്രീകാർ ഭരത് വേണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

2-1

ഈ വർഷമാദ്യം നാലുടെസ്റ്റുകളുടെ പരമ്പരയ്ക്കായി ഓസ്ട്രേലിയ ഇന്ത്യയിലെത്തിയിരുന്നു. ഈ പരമ്പര ഇന്ത്യ 2-1ന് വിജയിച്ച് ബോർഡർ ഗാവസ്കർ ട്രോഫി സ്വന്തമാക്കി. നാഗ്പുരിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്നിംഗ്സ് വിജയം ആഘോഷിച്ച ഇന്ത്യ ഡൽഹിയിലെ രണ്ടാം ടെസ്റ്റിൽ ആറുവിക്കറ്റ് ജയം നേടി. ഇൻഡോറിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഒൻപത് വിക്കറ്റിന് ജയിച്ച് ഓസ്ട്രേലിയ തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും അഹമ്മദാബാദിലെ അവസാന ടെസ്റ്റ് സമനിലയിലാക്കി ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു.

സാദ്ധ്യതാ ഇലവനുകൾ

ഇന്ത്യ : രോഹിത് ശർമ്മ,ശുഭ്മാൻ ഗിൽ,ചേതേശ്വർ പുജാര,വിരാട് കൊഹ്‌ലി,അജിങ്ക്യ രഹാനെ,രവീന്ദ്ര ജഡേജ,കെ.എസ്.ഭരത്/ ഇഷാൻ കിഷൻ,അശ്വിൻ/ശാർദൂൽ താക്കൂർ,ഉമേഷ് യാദവ്/ ജഡേജ,ഷമി,സിറാജ്

ഓസ്ട്രേലിയ : ഡേവിഡ് വാർണർ,ഉസ്മാൻ ഖ്വാജ,മാർനസ് ലാബുഷേയ്ൻ,സ്റ്റീവൻ സ്മിത്ത് ,ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ,അലക്സ് കാരേ,പാറ്റ് കമ്മിൻസ്(ക്യാപ്ടൻ),മിച്ചൽ സ്റ്റാർക്ക്,നഥാൻ ലയൺ,സ്കോട്ട് ബോളണ്ട്.

പിച്ച്

ബൗൺസ് കൂടുതലുള്ള പിച്ചാണ് ഓവലിലേത്. എന്നാൽ പേസ് ബൗളർക്കാർക്ക് മാത്രമല്ല സ്പിന്നർമാർക്കും സഹായം ലഭിക്കും. എന്നാൽ സാധാരണഗതിയിൽ ഇവിടെ മത്സരം നടക്കുന്നത് സെപ്തംബർ -ഒക്ടോബർ മാസങ്ങളിലാണ്. അപ്പോഴത്തെ സ്ഥിതിയാവില്ല ജൂണിൽ എന്നാണ് കരുതുന്നത്.

ആദ്യമായാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് മത്സരത്തിന് മറ്റൊരു രാജ്യം വേദിയാവുന്നത്.

ജയിക്കാനും കിരീടങ്ങൾ നേടാനുമാണ് ഞങ്ങൾ കളിക്കാനിറങ്ങുന്നത്. പത്തുവർഷത്തിലേറെയായി ഐ.സി.സി കിരീടങ്ങൾ നേടിയിട്ട് എന്നതിനെക്കുറിച്ച് ആലോചിച്ച് ടെൻഷനടിക്കുന്നില്ല. ഇപ്പോഴത്തെ ഫൈനലിനെക്കുറിച്ചുമാത്രമാണ് ചിന്തിക്കുന്നത്. - രോഹിത് ശർമ്മ, ഇന്ത്യൻ ക്യാപ്ടൻ

ഈ സീസണിൽ ഓസ്ട്രേലിയൻ ടീമിനെ കാത്തിരിക്കുന്ന രണ്ട് ഫൈനലുകളിൽ ആദ്യത്തേതാണിത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കഴിഞ്ഞാൽ ആഷസും നേടണമെന്നാണ് ഞങ്ങളുടെ ആഗ്രഹം - പാറ്റ് കമ്മിൻസ്

ഇന്ത്യയുടെ കുന്തമുനകൾ

ശുഭ്മാൻ ഗിൽ

ഈ വർഷം ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി-20യിലും ഐ.പി.എല്ലിലുമെല്ലാം സെഞ്ച്വറിയുമായി തകർപ്പൻ ഫോമിൽ

വിരാട് കൊഹ്‌ലി

ഫോമിലേക്ക് തിരിച്ചെത്തിയതിന് ശേഷം മിന്നുന്ന പെർഫോമൻസാണ് മുൻ നായകന്റേത്. ഇംഗ്ളണ്ടിൽ മികച്ച ട്രാക്ക് റെക്കാഡ്.

ചേതേശ്വർ പുജാര

ഇംഗ്ളീഷ് കൗണ്ടി ക്രിക്കറ്റിൽ തകർപ്പൻ പ്രകടനവുമായാണ് പുജാര ഇന്ത്യൻ ടീമിലേക്ക് എത്തിയിരിക്കുന്നത്.

മുഹമ്മദ് ഷമി

ഐ.പി.എല്ലിലെ പർപ്പിൾ ക്യാപ്പിനുടമയായ ഷമി ഇംഗ്ളണ്ടിലെ സാഹചര്യങ്ങളിൽ അപകരകാരിയായി മാറാൻ സാദ്ധ്യത വളരയേറെയാണ്.

വിരലിന് പരിക്ക്, രോഹിത് കളിക്കുമോ ?

ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ തലേന്ന് ഇന്ത്യൻ ആരാധകരിൽ ആശങ്ക പകർന്ന് ക്യാപ്ടൻ രോഹിത് ശർമയ്ക്ക് പരിക്ക്. ഇന്നലെ നെറ്റ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ രോഹിത്തിന്റെ വലത്കയ്യിലെ തള്ളവിരലിന് പന്ത് തട്ടിയാണ് പരിക്കേറ്റത്. തുടർന്ന് രോഹിത് പരിശീലനം മതിയാക്കി മടങ്ങിയിരുന്നു. പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം. ഇതുസംബന്ധിച്ച് ടീം മാനേജ്‌മെന്റ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും നിർണായക മത്സരത്തിൽ രോഹിത് കളിച്ചേക്കുമെന്ന് തന്നെയാണ് വിവരം.

3 pm മുതൽ സ്റ്റാർ സ്പോർട്സിൽ ലൈവ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, CRICKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.