കോട്ടയം: ഓർത്തോർത്തു ചിരിക്കാൻ ഒരുപാട് നർമ്മ മുഹൂർത്തങ്ങൾ സമ്മാനിച്ച കൊല്ലം സുധിക്ക് കണ്ണീരോടെ വിട. വാകത്താനം പൊങ്ങന്താനത്തെ വാടകവീട്ടിലും പൊങ്ങന്താനം സ്കൂളിലും പഞ്ചായത്ത് ഓഡിറ്റോറിയത്തിലേക്കുമെല്ലാം ഒഴുകിയെത്തിയ ജനസമുദ്രം കൊല്ലം സുധിയെന്ന കലാകാരൻ എത്രത്തോളം ജനമനസിൽ ഇടംപിടിച്ചിരുന്നെന്നതിന്റെ തെളിവായി. ഒടുവിൽ കണ്ണീർമഴയുടെ അകമ്പടിയിൽ തോട്ടയ്ക്കാട് റിഫോംഡ് ആംഗ്ളിക്കൽ ചർച്ച് ഒഫ് ഇന്ത്യ സെമിത്തേരിയിൽ അന്ത്യനിദ്ര.
കൊല്ലത്തുനിന്ന് പുലർച്ചയോടെ സുധിയുടെ ഭൗതീകദേഹം പൊങ്ങന്താനത്തെ വീട്ടിലെത്തിച്ചപ്പോൾ ഭാര്യ രേണു ഇളയമകൻ ഋതുലിനെയും മാറോടടക്കി അലറിക്കരഞ്ഞു. അപകടത്തിൽപ്പെടുന്നതിന് മണിക്കൂറുകൾ മുന്നേ വീഡിയോ കാൾ വിളിച്ചതും ഋതുലിന്റെ പല്ലുവേദനയെപ്പറ്റി പറഞ്ഞതും രേണു ആവർത്തിച്ചുകൊണ്ടേയിരുന്നു. മൃതദേഹത്തിനരികിൽ കരഞ്ഞു തളർന്നിരുന്ന രേണുവിനെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കൾ കുഴങ്ങി. ഹൃദയം നുറുങ്ങും വേദനയോടെ മൂത്തമകൻ രാഹുൽ മൃതദേഹത്തിനരികിൽ നിന്നു.
ഒരു ചിരിയകലെയുണ്ടായിരുന്ന പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരം ഫ്രീസറിൽ മരവിച്ചുകിടക്കുന്നത് കണ്ട് സുഹൃത്തുക്കളും പൊട്ടിക്കരഞ്ഞു. സഹകലാകാരന്മാർ, രാഷ്ട്രീയക്കാർ, സാംസ്കാരിക പ്രവർത്തകർ, സാധാരണക്കാർ തുടങ്ങി സമൂഹത്തിന്റെ നാനാതുറയിലുള്ളവരെല്ലാം സുധിക്ക് അന്ത്യാഞ്ജലിയർപ്പിക്കാനെത്തി. മന്ത്രി വി.എൻ. വാസവൻ, ഗവ. ചീഫ് വിപ്പ് എൻ.ജയരാജ്, സുധിയുടെ സുഹൃത്തുക്കളായ ലക്ഷ്മി നക്ഷത്ര, പാഷാണം ഷാജി, ഷിയാസ് കരിം, ബിനീഷ് ബാസ്റ്റിൻ തുടങ്ങിയവരെല്ലാം അന്തിമോപചാരമർപ്പിക്കാൻ വാകത്താനത്ത് എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |