SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.23 AM IST

കള്ളക്കടത്തിന് നേരെ കണ്ണടച്ച് സ്വർണവ്യാപാരികളെ അധിക്ഷേപിക്കരുത്

photo

കേരളത്തിന്റെ പൊതുവായ വളർച്ചയ്‌ക്ക് നിർണായക സംഭാവനകൾ ചെയ്യുന്നതാണ് സ്വർണവ്യാപാര മേഖല. എന്നാൽ ചില കോണുകളിൽനിന്നും സ്വർണവ്യാപാരികളെ നികുതിവെട്ടിപ്പുകാരായി ചിത്രീകരിക്കാനും അപമാനിക്കാനും കരുതിക്കൂട്ടിയുള്ള ശ്രമങ്ങൾ നടന്നുവരുന്നു.

ജി.എസ്.ടി രജിസ്ട്രേഷൻ എടുത്തിട്ടുള്ള പതിനായിരത്തോളം സ്വർണവ്യാപാരികളാണ് കേരളത്തിലുള്ളത്. (വിവരാവകാശ നിയമമനുസരിച്ച് ഡിപ്പാർട്ട്മെന്റിനോട് നിരവധി തവണ ചോദിച്ചിട്ടുണ്ടെങ്കിലും കണക്കുകൾ ലഭിച്ചിട്ടില്ല) 2021-22 സാമ്പത്തികവർഷം 101668.96 കോടി രൂപയുടെ വാർഷിക വിറ്റുവരവാണ് സ്വർണവ്യാപാര മേഖലയിൽ നടന്നിട്ടുള്ളതെന്ന് വിവരാവകാശരേഖയിൽ പറയുന്നുണ്ട്. മൂന്ന് ശതമാനം ജി.എസ്.ടി അനുസരിച്ചുളള നികുതി വരുമാനം സ്വർണവ്യാപാര മേഖലയിൽനിന്ന് ലഭ്യമായിട്ടുണ്ട്. കേരളത്തിലെ സ്വർണവ്യാപാരത്തിന്റെ 50 ശതമാനത്തിലധികം ആഭരണങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നാണെടുക്കുന്നത്. ഒരു സ്വർണ വ്യാപാരിയുടെ വാർഷിക വിറ്റുവരവ് എത്ര കോടിയാണെങ്കിലും അതിന്റെ നികുതി അടച്ചതിനു ശേഷം മാത്രമേ ഓൺലൈനായി വാർഷിക റിട്ടേൺ ഫയലിൽ സ്വീകരിക്കൂ.

ജി.എസ്.ടിക്ക് മുമ്പുള്ള വാറ്റ് കാലഘട്ടത്തിൽ നികുതി മുഴുവൻ സംസ്ഥാനത്തിനു മാത്രമാണ് ലഭിച്ചിരുന്നത്. നികുതി വരുമാനത്തിന്റെ കൃത്യമായ കണക്കുകൾ സർക്കാർ കൈവശമുള്ളപ്പോൾ നികുതി വെട്ടിപ്പ് നടത്തുന്നെന്ന് പറഞ്ഞ് ജി.എസ്.ടി ഉദ്യോഗസ്ഥരെ കയറൂരിവിട്ട് സ്വർണവ്യാപാരികളെ സമൂഹമദ്ധ്യത്തിൽ നികുതി വെട്ടിപ്പുകാരായി ചിത്രീകരിക്കുന്ന സമീപനം ശരിയല്ല.

നിയമവിരുദ്ധമായ പരിശോധനകളാണ് സ്വർണാഭരണശാലകളിൽ ജി.എസ്.ടി ഉദ്യോഗസ്ഥർ നടത്തുന്നത്. കട പരിശോധനയും കണക്കുകളുടെ പരിശോധനയ്ക്കും ശേഷം മാത്രമാണ് നികുതി വെട്ടിപ്പുകളുടെ കണക്ക് പുറത്തുവിടേണ്ടത്. അതിനുപകരം 1000 കോടിയുടെ നികുതിവെട്ടിപ്പ് നടത്തിയെന്ന് പറഞ്ഞ് അപമാനിക്കാനുള്ള ശ്രമമാണ് നടത്തിയത്. ആയിരം കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തണമെങ്കിൽ 30000 കോടി രൂപയുടെ വാർഷികവിറ്റുവരവ് ഉണ്ടാകണം. ഉദ്യോഗസ്ഥരുടെ കണക്കനുസരിച്ച് 50 ടൺ സ്വർണ വ്യാപാരം നടന്നിരിക്കണം. കേരളത്തിൽ ഒരു വർഷം നടത്തുന്ന വ്യാപാരത്തിന്റെ മൊത്തം കണക്ക് ഏകദേശം 200 ടൺ സ്വർണമാണ്. അഞ്ചുകിലോ മുതൽ 25 കിലോ വരെയുള്ള സ്വർണാഭരണശാലകളിലാണ് റെയ്ഡ് നടത്തിയത്. ഊതിവീർപ്പിക്കപ്പെട്ട കണക്കാണ് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്. ചെറുകിട, ഇടത്തരം ജ്വല്ലറികളിൽ മാത്രമാണ് റെയ്ഡ് നടന്നത്.

സ്വർണവ്യാപാരികളെ നിരന്തരം അപമാനിക്കുന്ന ഉദ്യോഗസ്ഥർ വിമാനത്താവളങ്ങൾ വഴി വരുന്ന കള്ളക്കടത്ത് സ്വർണത്തെക്കുറിച്ച് ഗൗരവമേറിയ അന്വേഷണങ്ങൾ നടത്തുന്നതേയില്ല. പരിശോധനയ്ക്കെത്തുന്ന ജി.എസ്.ടി ഉദ്യോഗസ്ഥർ കടയുടമകളോടും, ജീവനക്കാരോടും വളരെ മോശമായാണ് പെരുമാറുന്നത്. സിസിടിവി ദൃശ്യങ്ങൾ റെക്കാർഡ് ചെയ്യാതെ ഓഫ് ചെയ്യുന്നു. പ്രത്യേക വാറന്റില്ലാതെ വീട് പരിശോധിക്കാനുള്ള അവകാശം ജി.എസ്. ടി ഉദ്യോഗസ്ഥർക്കില്ല. വാറന്റ് ഉണ്ടെങ്കിൽപ്പോലും അഞ്ചുമണിക്ക് ശേഷം റെയ്ഡ് നടത്താൻ അധികാരമില്ല.

ഒട്ടേറെ നിയമങ്ങൾ സ്വർണവ്യാപാര മേഖലയെ വലിഞ്ഞു മുറുക്കുന്ന സാഹചര്യത്തിൽ ഒരുതരത്തിലുള്ള നികുതി വെട്ടിപ്പിനും സാദ്ധ്യതയില്ല. ഹാൾമാർക്ക് നിയമങ്ങൾ കർശനമായതോടെ രണ്ട് ഗ്രാമിന് മുകളിലുള്ള എല്ലാ ആഭരണങ്ങളും ഹാൾമാർക്ക് എച്ച്‌.യു.ഐഡി ചെയ്ത് ബില്ലെഴുതി മാത്രമേ വിൽക്കാൻ കഴിയൂ. ഹാൾമാർക്ക് ചെയ്ത ആഭരണങ്ങൾ വിൽക്കണമെങ്കിൽ ജി.എസ്. ടി രജിസ്ട്രേഷൻ അനിവാര്യമാണ്. അങ്ങനെ വരുമ്പോൾ ജി.എസ്.ടി രജിസ്ട്രേഷൻ ഇല്ലാത്ത ആർക്കും സ്വർണവ്യാപാരം ചെയ്യാൻ കഴില്ല. കള്ളപ്പണ നിരോധന നിയമപ്രകാരം (PMLA) 50,000 രൂപയ്ക്ക് മുകളിൽ സ്വർണ്ണം വാങ്ങുന്നവരിൽ നിന്നും കെവൈസി വാങ്ങണം, രണ്ടുലക്ഷം രൂപയ്ക്ക് മുകളിൽ സ്വർണ്ണം വാങ്ങുന്നവരിൽ നിന്ന് പാൻകാർഡ് വാങ്ങണം. 10 ലക്ഷം രൂപയിൽ കൂടുതൽ സ്വർണം വേണമെങ്കിൽ കേന്ദ്രസർക്കാരിന്റെ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിൽ വിവരം അറിയിക്കണമെന്ന വ്യവസ്ഥകൂടി ഇപ്പോൾ വന്നിട്ടുണ്ട്. അങ്ങനെ ഈ വ്യാപാര മേഖലയിൽ കൂടുതൽ നിയമങ്ങൾ കർശനമാക്കിയിട്ടുളള സാഹചര്യത്തിൽ നികുതിവെട്ടിപ്പിന് ഒരുതരത്തിലുള്ള സാദ്ധ്യതകളുമില്ല. ജി.എസ്.ടി രജിസ്ട്രേഷൻ എടുത്ത വ്യാപാരികളെ മാത്രമാണ് ഇത്തരത്തിൽ ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നത്. അനധികൃതമായി വളരെ കൂടുതൽ വ്യാപാരം നടക്കുന്നുണ്ട്. കള്ളക്കടത്ത് സ്വർണ്ണത്തിന്റെ ഒഴുക്ക് അനധികൃത വ്യാപാര മേഖലയിലേക്കാണെന്ന് ഉദ്യോഗസ്ഥർക്ക് അറിയാമെങ്കിലും ആ മേഖലയെ തൊടാൻ ഉദ്യോഗസ്ഥർക്ക് ഭയമാണ്.

( ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷററാണ് ലേഖകൻ )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INCOME TAX RAID ON JEWELLERS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.