മുഹമ്മ : എൻ.പി.രവീന്ദ്രനാഥ് എന്ന റിട്ട.അദ്ധ്യാപകന് എൺപത്തിയൊന്ന് വയസുണ്ട്. എന്നാൽ, ആരും അത് വിശ്വസിക്കില്ല. അത്രയ്ക്ക് ചുറുചുറുക്കോടെയാണ് അദ്ദേഹം വായനശാലാ പ്രവർത്തനങ്ങളിൽ ഇടപെടുന്നതും പ്രവർത്തിക്കുന്നതും. മുഹമ്മ രവീന്ദ്രനാഥെന്നാണ് എഴുത്തിന്റെ ലോകത്ത് ഇദ്ദേഹത്തിന്റെ വിലാസം.
രണ്ടാം ക്ലാസിൽ തുടങ്ങിയ പത്രവായനയും അഞ്ചാം ക്ലാസിൽ തുടങ്ങിയ പുസ്തകവായനയും ഇന്നും അതേ നിഷ്ഠയോടെ അദ്ദേഹം തുടരുന്നു. ജീവിതം ഇരുൾ മൂടി ചെറുപ്പകാലത്ത് വായനയുടെ ശക്തിയാണ് വെളിച്ചമായതെന്ന് രവീന്ദ്രനാഥ് പറയുന്നു. മുഹമ്മ എസ്.ഡി ഗ്രന്ഥാലയത്തിന്റെ പ്രവർത്തകനും ആര്യക്കര സ്ക്കൂളിലെ അദ്ധ്യാപകനുമായിരുന്ന ജ്യേഷ്ഠൻ എൻ.പി.പുരുഷോത്തമനാണ് രവീന്ദ്രനാഥിനെ വായനയിലേക്ക് നയിച്ചത്.
മുഹമ്മ കെ.പി.എം യു.പി സ്ക്കൂളിൽ നിന്ന് എഴാം ക്ളാസ് വിജയിച്ചെങ്കിലും വീട്ടിലെ സ്ഥിതി മോശമായതിനാൽ തുടർ പഠനം വഴിമുട്ടി. പിതാവ് അസുഖബാധിതനായതോടെ ഭക്ഷണത്തിന് പോലും വകയില്ലാതായി. ഒടുവിൽ പഠിക്കാനുള്ള അടങ്ങാത്ത ആഗ്രഹം കണ്ടറിഞ്ഞ ജ്യേഷ്ഠൻ മുൻകൈയെടുത്ത് കലവൂർ ഗവ.ഹൈസ്കൂളിൽ ചേർത്തു. തുടർന്ന് പത്താം ക്ലാസിൽ ഉയർന്ന മാർക്ക് വാങ്ങി ജയിച്ചെങ്കിലും കോളേജിൽ ചേരാൻ നിവൃത്തിയില്ലായിരുന്നു. പിന്നീട് ടി.ടി.സി പാസായി. മുഹമ്മ ആസാദ് എൽ.പി സ്ക്കൂളിൽ താത്കാലിക അദ്ധ്യാപകനായി. തുടർന്ന് വാരനാട് മറ്റത്തി ഭാഗം ഹരിജൻ വെൽഫെയർ എൽ. പി സ്ക്കൂൾ, തിരുനെല്ലൂർ യു. പി. എസ്, മണ്ണഞ്ചേരി ഹൈസ്ക്കൂൾ ,ആലപ്പുഴ മുഹമ്മദൻസ് സ്കൂൾ എന്നിവിടങ്ങളിൽ ജോലി നോക്കി.
മണ്ണഞ്ചേരി ഗവ.ഹൈസ്ക്കൂളിൽ ജോലി ചെയ്യുമ്പോഴാണ് വീണ്ടും പഠിക്കണമെന്ന മോഹമുദിച്ചത്. അങ്ങനെ തനിയെ പഠിച്ച് പ്രീഡിഗ്രി, ബി.എ, എം.എ, ബിഎഡ് എന്നിവ നേടി. ഇതോടെ ഹൈസ്ക്കൂൾ അദ്ധ്യാപകനായി. അദ്ധ്യാപക ജോലിക്കൊപ്പം സംഘടനാ പ്രവർത്തനവും പൊതുപ്രവർത്തനവും നടത്തി വന്നു. മുഹമ്മയിലെ മഞ്ജുള കലാസമിതിയുടെ കീഴിലുള്ള സാക്ഷരതാക്ലാസിലും ശാസ്തസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ മുഹമ്മ വിശ്വഭാരതിയിലെ നിശാപാഠശാലയിലും സർക്കാരിന്റെ സാക്ഷരതായജ്ഞത്തിലും പ്രവർത്തിച്ചു. നാട്ടിലെ വായനശാലാ പ്രവർത്തനങ്ങളിലും ലൈബ്രറി കൗൺസിൽ താലൂക്ക്, ജില്ലാ തലങ്ങളിലും സജീവമാണ്. വയോജന കൗൺസിൽ സംസ്ഥാന സമിതി അംഗം ,താലൂക്ക് യോജന സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
ഏഴ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിസ്ഥിതി മുദ്രഗീത മത്സരത്തിലും സാക്ഷരത മിഷൻ സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ സാക്ഷരത സന്ദേശ മുദ്രാവാക്യ രചനയ്ക്കും അവാർഡ് ലഭിച്ചിട്ടുണ്ട്. മുഹമ്മ പഞ്ചായത്ത് മെമ്പറും സി.പി.എം മുഹമ്മ എൽ.സി അംഗവുമായിരുന്നു. ആരോഗ്യവകുപ്പ് മുൻ ഉദ്യോഗസ്ഥ എം. നളിനപതിയാണ് ഭാര്യ. ആരോഗ്യ വകുപ്പിലെ ഫാർമസിസ്റ്റായ എൻ.എൻ.ജിത, എസ്.എൽ.പുരം ഗവ. എച്ച്. എസ്. എസ് അദ്ധ്യാപിക എൻ.എൻ. ജയ എന്നിവർ മക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |