കുമരകം : കുമരകം ചേർത്തല റോഡിൽ കവണാറ്റിൻകര പാലത്തിൽ സ്‌കൂട്ടറിലെത്തിയയാൾ വൃദ്ധയുടെ സ്വർണ മാല പൊട്ടിച്ചെടുത്തു കടന്നു. കവണാറ്റിൻകര വിരിപ്പുകാല ക്ഷേത്രത്തിന് സമീപം മറ്റത്തിൽ ലളിതയുടെ (78) മാലയാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചരയോടെയാണ് സംഭവം.
ലളിത പാൽ വാങ്ങാൻ ആർ.എ.ആർ.എസ് ഫാമിലേയ്ക്ക് കവണാറ്റിൻകര പാലത്തിലൂടെ നടന്നു പോകുമ്പോൾ സ്‌കൂട്ടറിലെത്തിയ മോഷ്ടാവ് 'അമ്മ നടക്കാനിറങ്ങിയതാണോ ' എന്ന് ചോദിച്ച് മാലയിൽ പിടിച്ച് വലിക്കുകയായിരുന്നു. ലളിത മോഷ്ടാവിന്റെ കൈയിൽ കടിച്ചു. മൽപിടുത്തത്തിനിടെ മാലപൊട്ടി പോയെങ്കിലും മോഷ്ടാവ് കൈയിൽ കിട്ടിയഭാഗവുമായി കുമരകം ഭാഗത്തേയ്ക്ക് കടന്നു.
പിന്നിൽ നമ്പരില്ലാത്ത കറുത്ത ആക്ടീവ സ്‌കൂട്ടറിൽ കൈപ്പുഴമുട്ട് ഭാഗത്തു നിന്നെത്തിയ യുവാവാണ് മോക്ഷണം നടത്തിയത്. മുഖത്തിനും ഇടതുതോളിനും പരുക്കേറ്റ ലളിത കുമരകം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്.
കോട്ടയം കുമരകം റോഡിൽ ദിനംപ്രതി നിരവധി ആളുകളാണ് പുലർച്ചെ നടക്കുവാൻ എത്താറുള്ളത്. ഈ സംഭവം പുലർച്ചെ നടത്തക്കാരിൽ ഭീതി ഉളവാക്കിയിട്ടുണ്ട്. വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |