SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.27 PM IST

ജൂൺ 15 വരെ സമരം മരവിപ്പിച്ചു, ബ്രിജ് ഭൂഷണെതിരെ കുറ്റപത്രം നൽകും, ഗുസ്‌തി താരങ്ങൾക്ക് കേന്ദ്രം വഴങ്ങി

wrestlers

 ബ്രിജ് ഭൂഷണോ കുടുംബാംഗങ്ങളോ ഫെഡറേഷൻ തലപ്പത്തേക്ക് വരില്ല

ന്യൂഡൽഹി : വനിതാ ഗുസ്‌തി താരങ്ങളുടെ കണ്ണീർ രാജ്യത്തിന്റെ

നൊമ്പരമായതോടെ രാഷ്ട്രീയ തിരിച്ചടി ഭയന്ന് കേന്ദ്രസർക്കാർ അവരുടെ ആവശ്യങ്ങൾ മിക്കതും അംഗീകരിച്ചു. ഇതോടെ ജൂൺ 15 വരെ താരങ്ങൾ സമരം മരവിപ്പിച്ചു.

കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂർ, സമരത്തിന്റെ മുൻനിരയിലുളള ബജ്‌രംഗ് പുനിയ, സാക്ഷി മാലിക്, സത്യവ്രത് കദിയൻ എന്നിവരുമായി ഇന്നലെ ആറ് മണിക്കൂറോളം നടത്തിയ ചർച്ചയിലാണ് ധാരണയായത്.

താരങ്ങൾക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയ ഗുസ്തി ഫെഡറേഷൻ മുൻ അദ്ധ്യക്ഷൻ ബ്രിജ്ഭൂഷണിനെതിരെയുള്ള അന്വേഷണം ജൂൺ 15ഓടെ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കും,ബ്രിജ് ഭൂഷൺ ഇനി ഫെഡറേഷൻ തലപ്പത്തേക്ക് വരില്ല തുടങ്ങിയ ഉറപ്പുകൾ മന്ത്രി നൽകി. ജൂൺ 15വരെ സമരം നടത്തില്ലെന്നും ഉറപ്പുകൾ പാഴായാൽ വീണ്ടും സമരമെന്നും ചർച്ചയ്‌ക്ക് ശേഷം താരങ്ങൾ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
ലോക കായിക രംഗത്തെ പ്രമുഖരും സംഘടനകളും പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടതും ജാട്ട് സമുദായാംഗങ്ങളായ ഗുസ്‌തി താരങ്ങളുടെ വിഷയത്തിൽ ഒളിച്ചുകളിച്ചാൽ വരുന്ന തിരഞ്ഞെടുപ്പുകളിൽ ജാട്ട് സ്വാധീനമുളള ഹിന്ദി ഹൃദയഭൂമിയിൽ തിരിച്ചടിയാകുമെന്ന ഭീതിയും, കർഷക നേതാക്കളുടെ ഇടപെടലും സർക്കാരിനെ സമ്മർദ്ദത്തിലാക്കിയിരുന്നു.

ബ്രിജ് ഭൂഷണിനെതിരെ ജനുവരി 18നാണ് താരങ്ങൾ സമരം തുടങ്ങിയത്. മേയ് 28ന് പുതിയ പാർലമെന്റ് ഉദ്ഘാടനം ചെയ്‌ത വേളയിൽ താരങ്ങളെ പൊലീസ് വലിച്ചിഴച്ചത് രാജ്യം ഞെട്ടലോടെയാണ് കണ്ടത്. മേയ് 30ന് താരങ്ങൾ മെഡലുകൾ ഗംഗാനദിയിൽ ഒഴുക്കാനെത്തിയത് രാജ്യത്തിന്റെ കണ്ണീരായി. കർഷക നേതാക്കളാണ് പിന്തിരിപ്പിച്ചത്.

 താരങ്ങളുടെ അഞ്ച് ആവശ്യങ്ങൾ

1. ബ്രിജ് ഭൂഷണിന്റെ അറസ്റ്റ് . കൃത്യമായ അന്വേഷണം.

2. ഗുസ്‌തി ഫെഡറേഷന് വനിതാ അദ്ധ്യക്ഷ

3. ഫെഡറേഷനിൽ ന്യായമായ തിരഞ്ഞെടുപ്പ്

4. ബ്രിജ് ഭൂഷണോ അടുപ്പക്കാരോ ഫെഡറേഷനിൽ പാടില്ല

5. തങ്ങൾക്കെതിരെയുള്ള പൊലീസ് കേസ് പിൻവലിക്കണം

 കേന്ദ്രത്തിന്റെ ഉറപ്പുകൾ

1. ജൂൺ 15ഓടെ കുറ്റപത്രം സമർപ്പിക്കും

2. ജൂൺ 30നകം ഫെഡറേഷൻ തിരഞ്ഞെടുപ്പ്

3. ബ്രിജ് ഭൂഷണോ ബന്ധക്കാരോ ഫെഡറേഷനിൽ മത്സരിക്കില്ല

4. വനിത അദ്ധ്യക്ഷയായി ആഭ്യന്തര പരാതി പരിഹാര സമിതി

4. ജന്തർ മന്ദർ സമരക്കേസ് പൊലീസ് പിൻവലിക്കും

5. താരങ്ങൾക്ക് സുരക്ഷ നൽകും

എല്ലാ വിഷയങ്ങളും ചർച്ച ചെയ്‌തു. ച‌‌ർച്ച വിജയമായിരുന്നു.

-അനുരാഗ് താക്കൂർ,

കേന്ദ്ര കായികമന്ത്രി

ജൂൺ 15ഓടെ നടപടിയുണ്ടായില്ലെങ്കിൽ സമരം തുടരും. ഖാപ് പഞ്ചായത്തിനെ ചർച്ചയുടെ വിവരങ്ങൾ അറിയിക്കും.

-ബജ്‌രംഗ് പുനിയ,

ഗുസ്‌തി താരം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, WRESTLERS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.