കുളത്തൂർ: നഗരം ഹൈടെക്ക് ആകുന്നതോടൊപ്പം ലഹരി ഉപയോഗത്തിലും ഹൈടെക്ക് രീതികളാണ് ലഹരി മാഫിയകൾ ഉപയോഗിക്കുന്നത്. മാരകമായ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിയിൽ അമരുകയാണ് കഴക്കൂട്ടം ഐ.ടി നഗരം. സൈക്കോ ട്രോപിക് മരുന്നുകളാണ് ലഹരിക്കായി ഇവിടങ്ങളിൽ മാരകമായി വിറ്റഴിക്കുന്നത്. നിട്രോസെപ്പാം ടാബ്‌ലറ്റുകളുടെ ശ്രേണിയിൽപ്പെട്ട നിരവധി ടാബ്‌ലറ്റുകളും പരസ്യമായി വിൽക്കുന്നു. പത്തെണ്ണത്തിന്റെ ഒരു സ്ട്രിപ്പിന് 1000 രൂപയാണ് ഈ മരുന്നിന് ഈടാക്കുന്നത്.
ലഹരി ഉപയോഗത്തെയും വില്പനയെയും എതിർക്കുന്നവരെ അപായപ്പെടുത്തുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. മയക്കുമരുന്ന് ഗുളികകളാണ് ഇപ്പോൾ വിപണിയിൽ കൂടുതലും. എം.ഡി.എം.എയും മനോരോഗികൾക്ക് ഡോക്ടർമാരുടെ നിർദ്ദേശാനുസരണം മാത്രം നൽകിവരുന്ന ഗുളികകളുമാണ് വ്യാപകമായി ലഹരിമാഫിയകൾ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും നൽകിവരുന്നത്. മയക്കുമരുന്നിന്റെ പരിധിയിലുള്ള വേദനാസംഹാരികളായ ഗുളികകൾ ഒരെണ്ണത്തിന് 200 രൂപ നിരക്കിലാണ് വിൽക്കുന്നത്.
പർച്ചേസ് വ്യാജ കുറിപ്പുകളുപയോഗിച്ച്
വ്യാജ പ്രിസ്ക്രിപ്ഷനുകൾ ഉപയോഗിച്ച് മെഡിക്കൽ ഷോപ്പുകളിൽ നിന്നാണ് ഗുളികകൾ സംഘടിപ്പിക്കുന്നത്. മനോരോഗത്തിന് നൽകുന്ന മെട്രാസെൻ ടാബ്‌ലറ്റുകൾ പൊതുവിപണിയിൽ വില കുറവാണ്. മരുന്നുകടകളിൽ നിയമാനുസരണം സൂക്ഷിക്കുന്ന ഇവ രജിസ്റ്ററുകളിൽ ഡോക്ടർമാരുടെ കുറിപ്പടിയും രോഗിയുടെ വിവരങ്ങളും വാങ്ങുന്നയാളുടെ മൊബൈൽ നമ്പറും വാങ്ങി മാത്രമാണ് നൽകുന്നത്. കഞ്ചാവിനെക്കാളും ലഹരിയുള്ള ഈ ഗുളികകൾ ചുരുക്കം ചില മെഡിക്കൽ ഷോപ്പുകളിൽ മാത്രമേ ലഭിക്കുള്ളൂ.
മാരക മയക്കുമരുന്നായ എം.ഡി.എം.എയിലൂടെ മണിക്കൂറുകളോളം ലഹരി കിട്ടുമെന്നതും സൂക്ഷിക്കാൻ എളുപ്പമാണെന്നുള്ളതും ആവശ്യക്കാർക്ക് യദേഷ്ടം എത്തിച്ചുനൽകാൻ വില്പനക്കാരെ സഹായിക്കുന്നു. മാനസിക രോഗികൾക്ക് ഡോക്ടർമാരുടെ കുറിപ്പടിയോടെ മാത്രം നൽകുന്ന ഗുളികകൾ 7 മണിക്കൂറിലേറെ ലഹരിനൽകുന്നവയാണ്. വെറും 6 രൂപ വിലയുള്ള ഈ ഗുളികൾക്ക് 100 രൂപയ്ക്കാണ് ലഹരി സംഘങ്ങൾ വിൽക്കുന്നത്.
കടുത്ത ആരോഗ്യ പ്രശ്നങ്ങൾ
ഇത്തരം ഗുളികളുടെ ഉപയോഗം വന്ധ്യതയ്ക്കും മാനസിക വിഭ്രാന്തിയ്ക്കും കാരണമാകുമെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. സിന്തറ്റിക് ലഹരി വസ്തുക്കളുടെ ഉപയോഗവും യുവാക്കളിൽ കൂടിവരുകയാണ്. സംസ്ഥാനത്ത് ഒരു മാസം 10 കോടി രൂപയുടെ ലഹരിവസ്തുക്കളുടെ വില്പന നടക്കുന്നെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |