ന്യൂയോർക്ക് : യു.എസ് സർക്കാരിന്റെ കൈവശം അന്യഗ്രഹ ജീവികളുടെ വാഹനങ്ങൾ കേടുകൂടാതെ സൂക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന വിചിത്ര വാദവുമായി മുൻ ഇന്റലിജൻസ് ഓഫീസർ രംഗത്ത്. തിരിച്ചറിയാൻ കഴിയാത്ത അജ്ഞാത ആകാശ വസ്തുക്കളെ പറ്റി യു.എസിന്റെ പ്രതിരോധ ഏജൻസിക്കുള്ളിൽ അന്വേഷണം നടത്തിയ സംഘത്തിലെ അംഗമായിരുന്ന ഡേവിഡ് ഗ്രഷിന്റേതാണ് അവകാശവാദം.
പറക്കും തളികകൾ അല്ലെങ്കിൽ യു.എഫ്.ഒകൾ അല്ലെങ്കിൽ തിരിച്ചറിഞ്ഞിട്ടില്ലാത്ത ആകാശ പ്രതിഭാസങ്ങൾ (യു.എ.പി - Unidentified aerial phenomena) സമീപ കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. യു.എഫ്.ഒകളെ അന്യഗ്രഹ ജീവികളുമായി ബന്ധപ്പെടുത്തി നിരവധി കഥകൾ പ്രചാരത്തിലുണ്ടെങ്കിലും അവ സാങ്കല്പികമാണെന്ന് ശാസ്ത്രലോകം പറയുന്നു. ഇതേ പറ്റി അന്വേഷിച്ച സർക്കാരിനും ഇതേ നിലപാടാണ്. എന്നാൽ ഇതിന് എതിരായാണ് ഡേവിഡിന്റെ പ്രസ്താവന.
മനുഷ്യനുമായി ബന്ധപ്പെട്ട ഉത്ഭവം ഇല്ലാത്ത പേടകം യു.എസിന്റെ പക്കലുണ്ടെന്നും പൊതുജനങ്ങളിൽ നിന്ന് ഇത് മറച്ചുവച്ചിരിക്കുകയാണെന്നും ഡേവിഡ് പറയുന്നു. മനുഷ്യ നിർമ്മിതമല്ലാത്ത ഈ ടെക്നിക്കൽ വാഹനങ്ങളെ വേണമെങ്കിൽ ബഹിരാകാശ വാഹനങ്ങളെന്ന് പറയാം.
ഇവ ഭൂമിയിലേക്ക് ഇറങ്ങിയതോ തകർന്നുവീണതോ ആണ്. വാഹനങ്ങളെ സംബന്ധിച്ച ചില രഹസ്യ വിവരങ്ങൾ യു.എസ് കോൺഗ്രസിനെ അറിയിച്ചപ്പോൾ സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് താൻ തിരിച്ചടി നേരിട്ടു.
വിവരങ്ങൾ കോൺഗ്രസ് അനധികൃതമായി തടഞ്ഞുവച്ചിരിക്കുകയാണെന്നും ഒരു വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ ഡേവിഡ് പറഞ്ഞു. അതേ സമയം, പേടകങ്ങളുടെ ചിത്രങ്ങൾ താൻ നേരിട്ട് കണ്ടിട്ടില്ലെന്നും വിവരമറിയാവുന്ന ഇന്റലിജൻസ് ഓഫീസർമാരുമായി ദീർഘ ചർച്ചകൾ നടത്തിയിരുന്നെന്നും അദ്ദേഹം പറയുന്നു. 14 വർഷത്തെ സേവനത്തിന് ശേഷം ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഡേവിഡ് ഇന്റലിജൻസ് മേഖല വിട്ടത്.
അതേ സമയം നാഷണൽ എയർ ആൻഡ് സ്പേസ് ഇന്റലിജൻസ് സെന്ററിലെ ഓഫീസറായ ജോനാഥൻ ഗ്രേയും സമാന പരാമർശം നടത്തിയിരുന്നു. മനുഷ്യനിർമ്മിതമല്ലാത്ത ചില വസ്തുക്കളുടെ നിലനിൽപ് സത്യമാണെന്നും ഇത്തരം വസ്തുക്കൾ യു.എസിൽ നിന്ന് മാത്രമല്ല ലഭിച്ചിട്ടുള്ളതെന്നും ജോനാഥൻ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |