ന്യൂയോർക്ക് : യു.എസിലെ പെൻസിൽവേനിയയിലെ ഡ്യൂപോണ്ട് പട്ടണത്തിലുള്ളവർക്ക് ഏറെ സുപരിചിതനായിരുന്നു മില്ലോ എന്ന നായ. 2019 സെപ്തംബർ മുതൽ ഉടമയായ കെവിൻ കറിക്കൊപ്പം രണ്ട് തവണ ഡ്യൂപോണ്ടിലെ വീഥികളിലൂടെ മില്ലോ നടക്കാൻ പോകാറുണ്ടായിരുന്നു. തെരുവുകളിലെല്ലാം മില്ലോയ്ക്ക് അഭിവാദ്യം നൽകാൻ നിരവധി പേരുണ്ടാകും. എന്നാൽ ഇക്കഴിഞ്ഞ ശനിയാഴ്ച മില്ലോ ഡ്യൂപോണ്ടിലെ തെരുവുകളിലൂടെ നടന്നപ്പോൾ പലരുടെയും കണ്ണുകൾ നിറഞ്ഞു. ചിലർ അവനൊപ്പം നടക്കാൻ കൂടി.
ഭൂമിയിൽ നിന്ന് വിട്ടുപോകുന്നതിന് മുമ്പുള്ള അവന്റെ അവസാന യാത്രയായിരുന്നു അത്. അതിവേഗം പടരുന്ന ലിംഫോമ കാൻസറിന്റെ പിടിയിലാണ് മില്ലോ ഇപ്പോൾ. രോഗവിവരം അറിഞ്ഞ കെവിൻ തന്റെ പ്രിയപ്പെട്ട മില്ലോയ്ക്ക് മികച്ച യാത്രയയപ്പ് നൽകാൻ ഒരു നോട്ടീസും മില്ലോ കടന്നുപോകുന്ന വഴിയുടെ മാപ്പും അയൽക്കാർക്ക് നൽകി. പലരും ഇത് സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തു.
ഇതോടെ നിരവധി പേരാണ് മില്ലോയ്ക്ക് സമ്മാനങ്ങൾ നൽകാൻ വഴിയരികിൽ കാത്തുനിന്നത്. ചിലർ മില്ലോയെ കാണാൻ കെവിന്റെ വീട്ടിലെത്തി. ഇത്രയും കാലം സുഹൃത്തിനെ പോലെ തന്നോടൊപ്പമുണ്ടായിരുന്ന മില്ലോയ്ക്ക് സ്നേഹത്തോടെ യാത്രഅയപ്പ് നൽകാനായതിൽ ഒരു നാടിന് മുഴുവൻ നന്ദി പറയുകയാണ് കെവിൻ. ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രമേ മില്ലോ ഭൂമിയിലുണ്ടാകൂ എന്ന ദുഃഖത്തിലാണ് അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |