വാഷിംഗ്ടൺ : യു.എസിലെ വിർജീനിയയിലുണ്ടായ വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 2.45ഓടെയായിരുന്നു സംഭവം. റിച്ച്മോണ്ടിലെ ഒരു ഹൈസ്കൂളിന്റെലെ ബിരുദദാനച്ചടങ്ങ് നടന്ന വേദിക്ക് പുറത്ത് കൂടിനിന്നവർക്ക് നേരെ 19കാരനാണ് വെടിവയ്പ് നടത്തിയത്. നാല് കൈത്തോക്കുകളുമായാണ് ഇയാൾ ആക്രമണം നടത്തിയത്. ഓടിരക്ഷപ്പെട്ട പ്രതിയെ വൈകാതെ പൊലീസ് പിടികൂടി.
കൊല്ലപ്പെട്ടവരിൽ ഒരാളെ പ്രതിക്ക് മുൻപരിചയം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ബിരുദം സ്വീകരിക്കാനെത്തിയ 18കാരനും ചടങ്ങിൽ പങ്കെടുക്കാനെത്തിയ 36കാരനുമാണ് കൊല്ലപ്പെട്ടത്. 14നും 58നും ഇടയിൽ പ്രായമുള്ളവർക്കാണ് പരിക്കേറ്റത്. വെടിവയ്പിനിടെ ജനങ്ങൾ പരിഭ്രാന്തരായി ഓടുന്നതിനിടെ ഒമ്പത് വയസുള്ള ഒരു പെൺകുട്ടിക്ക് കാറിടിച്ച് പരിക്കേറ്റു. നിരവധി പേർക്ക് വീണും പരിക്കേറ്റു.
അതേ സമയം, യു.എസിൽ കൂട്ടവെടിവയ്പുകൾക്ക് തടയിടാൻ അധികൃതർക്ക് കഴിയാത്തതിൽ സാധാരണക്കാർക്കിടെയിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. നാലോ അതിലധികമോ ആളുകൾ കൊല്ലപ്പെടുകയോ അല്ലെങ്കിൽ പരിക്കേൽക്കുകയോ ചെയ്യുന്ന വെടിവയ്പുകളാണ് കൂട്ടവെടിവയ്പുകൾ അല്ലെങ്കിൽ മാസ് ഷൂട്ടിംഗ് എന്ന് ഗൺ വയലൻസ് ആർക്കൈവ് ചൂണ്ടിക്കാട്ടുന്നു.
2023ന്റെ ആദ്യ 157 ദിവസങ്ങൾക്കിടെ യു.എസിലുണ്ടായ ആകെ കൂട്ട വെടിവയ്പുകൾ ( വിർജീനിയയിലേത് അടക്കം ) - 279
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |