മോസ്കോ : എൻജിൻ തകരാറിനെ തുടർന്ന് റഷ്യയിലെ മഗദാൻ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കാനുള്ള വിമാനം ഇന്നലെ മുംബയിൽ നിന്ന് തിരിച്ചു. വിമാനം ഇന്ന് മഗദാനിൽ പ്രാദേശിക സമയം രാവിലെ 6.30ന് ലാൻഡ് ചെയ്യും.
ഇന്ന് തന്നെ ഇവരെ സാൻഫ്രാൻസിസ്കോയിലെത്തിക്കും. യാത്രക്കാർക്കുള്ള ഭക്ഷണം അടക്കമുള്ള അവശ്യ വസ്തുക്കളും വിമാനത്തിലുണ്ട്. ചൊവ്വാഴ്ചയാണ് ന്യുഡൽഹിയിൽ നിന്നു സാൻഫ്രാൻസിസ്‌കോയിലേക്ക് പുറപ്പെട്ട വിമാനം മഗദാനിലേക്ക് വഴിതിരിച്ചുവിട്ടത്. 216 യാത്രക്കാരും 16 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
റഷ്യയിൽ തങ്ങൾക്ക് ജീവനക്കാരില്ലെങ്കിലും സാദ്ധ്യമായ പരമാവധി പിന്തുണ യാത്രക്കാർക്ക് ഉറപ്പാക്കിയെന്ന് എയർ ഇന്ത്യ അറിയിച്ചു. മോസ്കോയിൽ നിന്ന് 10,000 കിലോമീറ്റർ അകലെയുള്ള ഒറ്റപ്പെട്ട മേഖലയാണ് മഗദാൻ. യാത്രക്കാരെ താമസിപ്പിക്കാൻ മതിയായ ഹോട്ടൽ സൗകര്യങ്ങളില്ലാത്തതിനാൽ പ്രാദേശിക അധികൃതരുടെ സഹായത്തോടെ ഹോസ്റ്റലുകളും സ്‌കൂൾ കെട്ടിടവുമാണ് താമസത്തിനായി സജ്ജീകരിച്ചത്.
ഇതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ഭാഷ മനസിലാക്കാൻ കഴിയുന്നില്ലെന്നും ശുചിമുറിയടക്കമുള്ള സൗകര്യങ്ങൾ മോശമാണെന്നും ചിലർ പരാതി ഉന്നയിച്ചിരുന്നു. എന്നാൽ മഗദാൻ വിമാനത്താവള അധികൃതരുടെ ഭാഗത്ത് നിന്ന് മോശം ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് ഇവർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |