ന്യൂയോർക്ക് : ലോകത്ത് വില്പനയ്ക്ക് എത്തുന്നതിൽ ഏറ്റവും വലുതും മൂല്യമേറിയതുമായ മാണിക്യമായ എസ്ട്രെല്ല ഡി ഫ്യൂറ 3.48 കോടി ഡോളറിന് വിറ്റു. 2015ൽ സ്വിറ്റ്സർലൻഡിലെ ജനീവയിൽ വച്ച് 3.03 കോടി ഡോളറിന് ലേലത്തിൽ പോയ 25.59 കാരറ്റുള്ള സൺറൈസ് റൂബിയെ മറികടന്ന് ലോകത്ത് ഏറ്റവും ഉയർന്ന തുകയ്ക്ക് വിറ്റഴിക്കപ്പെട്ട മാണിക്യമെന്ന റെക്കാഡ് സ്വന്തമാക്കിയിരിക്കുകയാണ് എസ്ട്രെല്ല ഡി ഫ്യൂറ.
ഇന്നലെ ന്യൂയോർക്കിൽ നടന്ന ലേലത്തിൽ ഏകദേശം 3.03 കോടിയിലേറെ ഡോളറായിരുന്നു 55.22 കാരറ്റ് മാണിക്യമായ എസ്ട്രെല്ല ഡി ഫ്യൂറയ്ക്ക് പ്രതീക്ഷിച്ചിരുന്നത്. ന്യൂയോർക്ക് ആസ്ഥാനമായുള്ള ലോകപ്രശസ്ത ഫൈൻ ആർട്സ് കമ്പനിയായ സതബീസ് ആണ് എസ്ട്രെല്ല ഡി ഫ്യൂറയെ വില്പനയ്ക്കെത്തിച്ചത്.
കണ്ണഞ്ചിപ്പിക്കുന്ന കടുംചുവപ്പ് നിറവും തിളക്കവുമുള്ള എസ്ട്രെല്ല ഡി ഫ്യൂറയെ കഴിഞ്ഞ വർഷം ജൂലായിൽ മൊസാംബീകിൽ നിന്ന് കനേഡിയൻ കമ്പനിയായ ഫ്യൂറ ജെംസ് ആണ് കണ്ടെത്തിയത്. പോർച്ചുഗീസ് ഭാഷയിൽ ഫ്യൂറയുടെ നക്ഷത്രം എന്ന് എസ്ട്രെല്ല ഡി ഫ്യൂറയുടെ അർത്ഥം.
101 കാരറ്റ് ഭാരമുണ്ടായിരുന്ന കല്ലാണ് ചെത്തിമിനുക്കി ഇപ്പോഴത്തെ രൂപത്തിലെത്തിച്ചത്. സതബീസിന്റെ ' മാഗ്നിഫിസെന്റ് ജുവൽസ് " എന്ന വില്പന പരമ്പരയിലാണ് എസ്ട്രെല്ല ഡി ഫ്യൂറയെ അവതരിപ്പിക്കുന്നത്. ദുബായ്, സിംഗപ്പൂർ, ജനീവ തുടങ്ങിയ നഗരങ്ങളിൽ പ്രദർശിപ്പിച്ച ശേഷമാണ് എസ്ട്രെല്ല ഡി ഫ്യൂറയെ ലേലം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |