കൊച്ചി: മാർക്ക് ലിസ്റ്റ് വിവാദത്തിലെ ഗൂഢാലോചനകൾ പുറത്തുവരുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. സംഭവത്തിൽ കോളേജിലെ എസ് എഫ് ഐയ്ക്ക് പങ്കില്ലെന്നും ആവശ്യമില്ലാതെ സംഘടനയുടെ പേര് വലിച്ചിഴയ്ക്കരുതെന്നും ആർഷോ മാദ്ധ്യമങ്ങളോട് പറഞ്ഞു.
"മാർക്ക് തിരുത്തി പരീക്ഷ ജയിച്ചു എന്ന് പറഞ്ഞതിൽ നിന്ന് അത് അങ്ങനെയല്ലയെന്ന് നിങ്ങൾക്ക് മനസിലായിട്ടുണ്ട്. പക്ഷേ അത് പൊതുജനങ്ങളെ ശരിയായ രീതിയിൽ അറിയിക്കാൻ മാദ്ധ്യമങ്ങൾക്ക് കഴിയുന്നില്ല. വ്യാജ രേഖ വിഷയത്തിൽ വളരെ കൃത്യമായി എസ് എഫ് ഐ നിലപാട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ വ്യാജ രേഖ എസ് എഫ് ഐയുടെ മേൽ കെട്ടിവയ്‌ക്കണ്ടയെന്നും" അദ്ദേഹം പറഞ്ഞു.
"എന്റെ പേര് പലവട്ടം വ്യാജ രേഖ സംഭവത്തിൽ പലരും പറഞ്ഞിട്ടുണ്ട്. തെളിവുണ്ടെന്ന് പറയുന്നതല്ലാതെ കൃത്യമായ തെളിവ് ആരും പുറത്തുവിട്ടിട്ടില്ല. കെ എസ് യു സംസ്ഥാന പ്രസിഡന്റ് തെളിവുണ്ട് എന്ന് പറഞ്ഞിട്ടുണ്ട് എന്നിട്ട് എവിടെ ? നിങ്ങൾ അവരോട് പോയി ചോദിക്ക്. എന്റെ ഭാഗത്ത് തെറ്റില്ലയെന്ന് കണ്ടാൽ അവർ മാപ്പ് പറയാം എന്ന് പറഞ്ഞിട്ട് എവിടെ?. ആരോപണം ഉന്നയിക്കുന്നവരുടെ കെെയിൽ തെളിവ് ഉണ്ടെങ്കിൽ അത് പുറത്ത് വിടുക. തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് ഒരു സംഘടനയെ തകർക്കാൻ ശ്രമിക്കേണ്ട. അത് തകരില്ല." - പി എം ആർഷോ
അതേസമയം, അദ്ധ്യാപകനെതിരായ ആർഷോയുടെ പരാതിയിൽ കഴമ്പില്ലെന്നാണ് എക്‌സാമിനേഷൻ കമ്മിറ്റിയുടെ റിപ്പോർട്ട്. കെ എസ് യു പ്രവർത്തകയായ വിദ്യാർത്ഥിനിയ്ക്ക് പുനർ മൂല്യനിർണയത്തിൽ കൂടുതൽമാർക്ക് കിട്ടാൻ അദ്ധ്യാപകനായ വിനോദ്‌കുമാർ ഇടപെട്ടെന്നായിരുന്നു ആർഷോയുടെ പരാതി.എക്‌സാമിനേഷൻ കമ്മിറ്റി റിപ്പോർട്ട് പ്രിൻസിപ്പലിന് കെെമാറി. പുനർ മൂല്യനിർണയത്തിൽ 12മാർക്ക് കൂടുതൽ കിട്ടിയതിൽ അസ്വഭാവികത ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |