തിരുവനന്തപുരം: അമ്പൂരിയിൽ യുവതിയെ കഴുത്തുഞെരിച്ചു കൊന്ന് കുഴിച്ചുമൂടിയ കേസിലെ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും നാലര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികൾ നെയ്യാറ്റിൻകര തിരുപ്പുറം പുത്തൻകട സ്വദേശി രാഖിമോളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടുകയായിരുന്നു. അമ്പൂരി തട്ടാമുക്ക് അശ്വതി ഭവനിൽ സൈനിക ഉദ്യോഗസ്ഥനായ അഖിൽ ആർ. നായർ, സഹോദരൻ രാഹുൽ ആർ. നായർ, ഇരുവരുടെയും സുഹൃത്തും അയൽവാസിയുമായ ആദർശ് ഭവനിൽ ആദർശ് നായർ എന്നിവരാണ് കുറ്റക്കാർ. 2019 ജൂൺ 21നാണ് പ്രതികൾ രാഖിയെ കൊലപ്പെടുത്തിയത്.
ലഢാക്കിൽ സൈനിക ഉദ്യോഗസ്ഥനായ അഖിൽ വർഷങ്ങളായി രാഖിമോളുമായി പ്രണയത്തിലായിരുന്നു. ഇവർ ഭാര്യാഭർത്താക്കന്മാരെപ്പോലെയാണ് കഴിഞ്ഞിരുന്നത്. ഇതിനിടെ ഇരുവരും രഹസ്യമായി വിവാഹം ചെയ്‌തിരുന്നു. അഖിലിന് മറ്റൊരു യുവതിയുമായി വീട്ടുകാർ വിവാഹം ഉറപ്പിച്ചതിനെച്ചൊല്ലി ഇരുവരും കലഹിച്ചു. അമ്പൂരിയിൽ പുതുതായി പണിയുന്ന വീട് കാണിച്ചുകൊടുക്കാമെന്ന് പറഞ്ഞാണ് രാഖിമോളെ പ്രതികൾ നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ നിന്ന് കാറിൽ കയറ്റിക്കൊണ്ടുപോയത്.
കളമശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്ന രാഖിമോൾ അഖിലിനെ കാണാനാണ് നാട്ടിലെത്തിയത്. കാറിൽ വച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അഖിലിന്റെ വീടിന് സമീപമെടുത്ത കുഴിയിൽ മൃതദേഹം മറവുചെയ്യുകയായിരുന്നു. കൊലയ്‌ക്കുശേഷം അഖിൽ ജോലിസ്ഥലത്തേക്കും മറ്റ് പ്രതികൾ ഗുരുവായൂരിലേക്കും പോയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |