SignIn
Kerala Kaumudi Online
Thursday, 25 April 2024 4.57 PM IST

ആഗോള ജാലകം തുറന്ന് കെ ഫോൺ; ഇന്റർനെറ്റ് ഇനി എല്ലാവർക്കും സ്വന്തം

photo

"ഡിജിറ്റൽ വിടവ് എന്ന് വിളിക്കപ്പെടുന്ന പ്രതിസന്ധി സാമ്പത്തിക അസമത്വത്തിന്റെ കൂടെപ്പിറപ്പാണ്. അസമത്വം രൂക്ഷമായ ഒരു രാജ്യത്ത് സർവരംഗത്തും ഈ വിടവ് കാണാനാകും. ജി.ഡി.പി.കൂടുന്നതിനർത്ഥം സമ്പന്നർ കൂടുതൽ സമ്പന്നരും ദരിദ്രർ കൂടുതൽ ദരിദ്രരും ആകുന്നുവെന്നാണ്. അതായത് സാമ്പത്തിക വളർച്ചയുടെ ഗുണം സാധാരണ മനുഷ്യർക്ക് കിട്ടുന്നില്ല."

-സാങ്കേതികവളർച്ചയും സാമൂഹ്യ,സാമ്പത്തിക കുതിപ്പും സംബന്ധിച്ച ആഗോള സാങ്കേതിക കൗൺസിൽ റിപ്പോർട്ടിൽ നിന്ന്

നോർക്കയുടെ സമ്മേളനത്തിൽ പങ്കെടുക്കാനും ഒൗദ്യോഗിക ആവശ്യങ്ങൾക്കുമായി കേരള മുഖ്യമന്ത്രി അമേരിക്കയിൽ പോയിരിക്കുകയാണ്. അദ്ദേഹം മന്ത്രിസഭായോഗം ചേരുന്നതും ഫയലുകൾ കൈകാര്യം ചെയ്യുന്നതും ഒാൺലൈനായാണ്. മുമ്പ് ഇതൊന്നും സാദ്ധ്യമായിരുന്നില്ല. സാങ്കേതിക വളർച്ച ഇപ്പോൾ കാര്യങ്ങൾ എളുപ്പമാക്കുന്നു. ഇടമലക്കുടി പോലുള്ള മലയോരമേഖലയിൽ ഒരു കുട്ടി മാത്രമുള്ള വിദ്യാലയത്തിൽ പോകാൻ അദ്ധ്യാപകർക്ക് താത്‌പര്യമുണ്ടാകില്ല. താത്‌പര്യമുണ്ടായാൽത്തന്നെ അവിടെ എത്തുന്നതിന് യാത്രാസൗകര്യവും സമയവും പ്രതിസന്ധിയാണ്. ഡിജിറ്റൽ ക്ളാസ് റൂം ഇൗ പ്രശ്നങ്ങൾ പരിഹരിക്കും. വിദ്യാഭ്യാസം മാത്രമല്ല, ആരോഗ്യപരിപാലനവും സർക്കാർ സേവനങ്ങളും ഇതേ മാതൃകയിൽ നൽകാനാകും. ഇതും പുതിയ സാങ്കേതിക വളർച്ചയുടെ നേട്ടം തന്നെ. ഇതെല്ലാം സാദ്ധ്യമാകണമെങ്കിൽ മുഖ്യമന്ത്രിക്ക് തലസ്ഥാനമായ തിരുവനന്തപുരത്തും ആദിവാസിവിദ്യാർത്ഥികൾക്ക് മലയോരമേഖലയായ ഇടമലക്കുടിയിലും ഇന്റർനെറ്റ് സൗകര്യം വേണം. തലസ്ഥാനത്ത് ഇന്റർനെറ്റ് സൗകര്യമൊരുക്കാൻ വൻകിട കമ്പനികളുണ്ടാകും. ഇടമലക്കുടിയിൽ ആരും അതിന് മുതിരില്ല. ലാഭം കിട്ടില്ല എന്നതുതന്നെ കാരണം. ഭരണം, വികസനം, തൊഴിൽ, ചികിത്സ ഇവയെ സാങ്കേതികവിദ്യ നിയന്ത്രിക്കുന്ന കാലമാണിത്. അതുകൊണ്ട് തന്നെ സാങ്കേതികവളർച്ച സാമൂഹ്യവളർച്ചയ്ക്ക് അനിവാര്യമാകുന്നു. അത് ലഭ്യമാക്കാനാകാത്തവർ വളർച്ചയുടെ കുതിപ്പിൽ പിന്തള്ളപ്പെടും. വളരാനുള്ള സാഹചര്യം ഒരുവിഭാഗത്തിന് നിഷേധിക്കപ്പെടുന്നത് ഭീഷണിയായി പടരുകയാണ്. ഡിജിറ്റൽ വിടവ് എന്ന് വിളിക്കുന്ന ഇൗ ദുരന്തത്തെ ഇല്ലാതാക്കാൻ രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനം മുന്നോട്ട് വന്നിരിക്കുകയാണ് കെഫോൺ പദ്ധതിയിലൂടെ.

നിലമ്പൂർ പന്തലാടിക്കുന്ന് ആദിവാസി കോളനിയിലെ നഴ്സിംഗ് വിദ്യാർത്ഥി വിസ്മയ മുഖ്യമന്ത്രിയോട് പറയുന്നത് ഇങ്ങനെ:

"സർ, നിലമ്പൂർ പന്തലാടിക്കുന്നിൽ കെഫോൺ വഴി ഇന്റർനെറ്റ് ലഭ്യമായി. ഇതെന്റെ നഴ്സിംഗ് പഠനം പൂർത്തിയാക്കാൻ ഉപകരിച്ചു. അതുപോലെ ജോലികിട്ടാനും. ഇൗ സേവനം എന്നെപോലെ മറ്റുള്ളവർക്കും വേണം"

ഇന്റർനെറ്റ് പൗരന്റെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഇതിന് പിന്നാലെയാണ് സർക്കാർതലത്തിൽ കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് എന്ന കെഫോൺ പദ്ധതി യാഥാർത്ഥ്യമാകുന്നത്. എല്ലാവർക്കും താങ്ങാവുന്ന നിരക്കിൽ ഗുണമേന്മയുള്ള ഇന്റർനെറ്റ് നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്താകെ 52,000 കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല യാഥാർത്ഥ്യമാവുന്നതോടെ സെക്കൻഡിൽ 10മെഗാബൈറ്റ് മുതൽ ഒരു ജിഗാബൈറ്റ് വരെ വേഗതയിൽ ഇന്റർനെറ്റ് ലഭ്യമാകും. രാജ്യത്തെ എല്ലാ ഇന്റർനെറ്റ് സർവീസ് ദാതാക്കളുടെയും സേവനങ്ങൾ ഏകോപിപ്പിക്കുക, സംസ്ഥാനം മുഴുവൻ അതിവേഗ ഒപ്‌ടിക്കൽ ഫൈബർ ശൃംഖലയിലൂടെ ബന്ധിപ്പിക്കുക, സർക്കാർ ചെലവിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യമൊരുക്കുക, ഇതാണ് കെ ഫോൺ മുന്നോട്ട് വയ്ക്കുന്നത്.

അടിസ്ഥാനസൗകര്യങ്ങൾ സർക്കാർ ഒരുക്കുമ്പോൾ പകരമായി സർവീസ് ദാതാക്കൾ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് നൽകണമെന്നാണ് വ്യവസ്ഥ. 20 ലക്ഷത്തോളം വരും ഈ ഗുണഭോക്താക്കൾ. 30,000ത്തോളം സ്‌കൂളുകൾ, ആശുപത്രികൾ, സർക്കാർ ഓഫീസുകൾ തുടങ്ങി സർവത്ര ഇന്റർനെറ്റ് സൗകര്യം. കെ.എസ്.ഇ.ബിയുടെ ഹൈടെൻഷൻ പ്രസരണ ലൈനുകളിലൂടെയാണ് ഇന്റർനെറ്റ് കണക്ഷൻ എത്തിക്കുന്നത്. സബ്‌സ്റ്റേഷൻ വരെ എത്തുന്ന ഇത്തരം ലൈനുകളിൽ നിന്ന് (കോർ നെറ്റ് വർക്ക്) നെറ്റ് കണക്ഷനുള്ള കേബിൾ, കെ.എസ്.ഇ.ബിയുടെ തന്നെ 40 ലക്ഷത്തിലേറെ വരുന്ന പോസ്റ്റുകളിലൂടെ വീടുകളിലും ഓഫീസുകളിലും എത്തിക്കും. ഇതിനായി കേരള വിഷൻ പോലുള്ള പ്രാദേശിക ഏജൻസികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഭീകരമാകുന്ന

ഡിജിറ്റൽ ഡിവൈഡ്

രാജ്യത്ത് 61 ശതമാനം മൊബൈൽ ഫോണുകളും പുരുഷന്മാരുടേതാണെന്ന് ഓക്‌സ്‌ഫാം ഇന്ത്യ പ്രസിദ്ധീകരിച്ച ഡിജിറ്റൽ ഡിവൈഡ് റിപോർട്ട് 2022 പറയുന്നു. സമ്പന്നകുടുംബങ്ങൾക്ക് മാത്രമായി ഇത്തരം സൗകര്യങ്ങൾ പരിമിതപ്പെട്ടിരിക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജനറൽ വിഭാഗത്തിൽ എട്ട് ശതമാനം പേർക്ക് കമ്പ്യൂട്ടറോ ലാപ്‌ടോപ്പോ ഉണ്ട്. അതേസമയം പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരിൽ രണ്ടും പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരിൽ ഒന്നും ശതമാനത്തിന് മാത്രമേ ഇവയുള്ളൂ. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമിയുടെ 2018 മുതൽ 21 വരെയുള്ള കണക്കുകളാണ് റിപ്പോർട്ട് തയ്യാറാക്കാൻ പ്രാഥമിക ഡാറ്റയായി ഉപയോഗിച്ചിരിക്കുന്നത്. നാഷണൽ സാമ്പിൾ സർവേയുടെ വിവരങ്ങൾ ദ്വിതീയ ഡാറ്റയായും ഉപയോഗിച്ചു. ശമ്പളമുള്ള സ്ഥിരം ജോലിക്കാരിൽ 95 ശതമാനത്തിനും മൊബൈൽ ഫോണുണ്ട്. എന്നാൽ കൂലിപ്പണിക്കാരിലും തൊഴിലന്വേഷകരിലും 50 ശതമാനത്തിനേ ഫോണുള്ളൂ. ദേശീയ അടിസ്ഥാനത്തിൽ, ഗ്രാമീണമേഖലയിൽ ഫോണുള്ളവർ വളരെ കുറവാണ്. കൊവിഡ് മഹാമാരിക്ക് മുമ്പ് ഗ്രാമീണ മേഖലയിൽ മൂന്ന് ശതമാനം പേർക്ക് കമ്പ്യൂട്ടർ ഉണ്ടായിരുന്നു. മഹാമാരിക്ക് ശേഷം ഇത് ഒരു ശതമാനമായി കുറഞ്ഞെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

സമസ്തമേഖലയും ഡിജിറ്റൽവത്കരിക്കപ്പെടുന്ന ഒരു സമൂഹത്തിൽ ഒരു കൂട്ടർ പിന്തള്ളപ്പെടുന്നത് മനുഷ്യാവകാശപ്രശ്നം തന്നെയാണ്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സേവനങ്ങൾ, സർക്കാർ,സ്വകാര്യ മേഖലയിൽ ലഭ്യമാകുന്നത് ഓൺലൈൻ സംവിധാനങ്ങളിലൂടെയാണ്. കേരളത്തിൽപോലും 900ത്തോളം സർക്കാർ സേവനങ്ങൾ ഒാൺലൈനായാണ് നൽകുന്നത്. കേന്ദ്രസർക്കാരിന്റെ ദാരിദ്ര്യനിർമ്മാർജ്ജന, ആരോഗ്യചികിത്സാ, തൊഴിൽദാന പദ്ധതികളെല്ലാം ഒാൺലൈനിലൂടെയാണ്. ഡിജിറ്റൽ വിടവ് വളരെ കുറവുള്ള കേരളത്തിൽപ്പോലും ഓൺലൈൻ ക്ലാസ്സുകൾ വ്യാപകമായപ്പോൾ ആയിരക്കണക്കിന് കുട്ടികളാണ് പഠനത്തിൽനിന്ന് പുറത്തായത്. സംസ്ഥാനത്തെ 52 ലക്ഷം സ്കൂൾ വിദ്യാർത്ഥികളിൽ 2.61 ലക്ഷം കുട്ടികൾക്ക് പഠിക്കാൻ മൊബൈൽഫോൺ പോലുമില്ലെന്ന് സമഗ്രശിക്ഷാ പദ്ധതി പ്രോഗ്രാം കോ ഒാർഡിനേറ്റർമാർ നടത്തിയ സർവേയിൽ കണ്ടെത്തി. വാർത്താവിനിമയം, അറിവ് വ്യാപനം, ഗവേഷണം എല്ലാം ഡിജിറ്റലാണ്. സർക്കാരിന്റെ പദ്ധതികളിൽ അംഗമാകണമെങ്കിൽ നിങ്ങൾ ഓൺലൈനിൽ ഉണ്ടായിരിക്കണം. തൊഴിലുറപ്പ്, കാർഷികപദ്ധതികൾ, സബ്സിഡികൾ, ക്ഷേമ പെൻഷനുകൾ, പൊതുവിതരണ സംവിധാനം എല്ലാം നടപ്പാകുന്നതിൽ ഇന്റർനെറ്റും ഡിജിറ്റൽ ഡിവൈസും പ്രധാനമാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഡിജിറ്റൽ സൗകര്യം ലഭ്യമല്ലാത്തവർ എല്ലായിടത്തും തഴയപ്പെടുകയാണ്. അവർക്ക് ലഭിക്കേണ്ട അവകാശങ്ങൾ മറ്റാരെങ്കിലും തട്ടിയെടുക്കും. ഉത്തരേന്ത്യൻ വിദൂരഗ്രാമങ്ങളുടെ ശോച്യാവസ്ഥക്ക് കാരണം ഡിജിറ്റൽ വിടവ് കൂടിയാണെന്നാണ് പഠനങ്ങൾ കാണിക്കുന്നത്.

വ്യവസായ വളർച്ചയ്ക്ക്

വഴിതുറക്കും

കൊവിഡാനന്തരകാലത്ത് പുതിയൊരു തൊഴിൽസംസ്‌കാരമാണ് രൂപപ്പെടുന്നത്. വർക്ക് ഫ്രം ഹോം, വർക്ക് നിയർ ഹോം, വർക്ക് എവേ ഫ്രം ഹോം എന്നിങ്ങനെയുള്ള പ്രവൃത്തിരീതികൾ വർദ്ധിച്ച തോതിൽ നിലവിൽ വരികയാണ്. അവയുടെ പ്രയോജനം ലഭിക്കണമെങ്കിൽ മികച്ച ഇന്റർനെറ്റ് സേവനങ്ങൾ എല്ലായിടത്തും ഉണ്ടാകണം. അതിനുള്ള ഉപാധിയാണ് കെഫോൺ.

മികച്ച വാസസ്ഥലമായി കണ്ട് കേരളത്തിലേക്ക് വരുന്ന ടൂറിസ്റ്റുകളിൽ പലരും ഇവിടെ താമസിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്നവരാണ്. എല്ലായിടത്തും ഇന്റർനെറ്റ് ലഭ്യത അത്തരക്കാർക്കും പ്രയോജനപ്പെടും. വ്യവസായമേഖലയിൽ വിവരസാങ്കേതികതയിൽ അധിഷ്ഠിതമായ വികസനത്തിന് സാദ്ധ്യതയേറിയ കാലത്ത് കെഫോൺ അതിന് അനുകൂലമാകും. കേബിൾ വഴി 2000 വൈഫൈ ഹോട് സ്‌പോട്ടുകൾ സ്ഥാപിക്കും. അതോടെ വീടുകളിലും ഒാഫീസിലും പൊതുസ്ഥലങ്ങളിലും സുഗമമായി ഇന്റർനെറ്റ് കിട്ടുന്ന സംസ്ഥാനമായി കേരളം മാറും.

രാജ്യത്ത് വൈദ്യുതി ഏറ്റവും കുറഞ്ഞ നിരക്കിൽ നൽകിയിരുന്ന കാലമുണ്ടായിരുന്നു കേരളത്തിന്. അന്ന് നിരവധി നിക്ഷേപകർ ഇൗ ആനുകൂല്യം കണക്കിലെടുത്ത് കേരളത്തിലെത്തി. പുതിയ കാലത്ത് നിക്ഷേപകരെ കേരളത്തിലേക്ക് ആകർഷിക്കുന്ന പ്രധാനഘടകമായി കെ.ഫോണും അതുണ്ടാക്കുന്ന സാർവത്രിക ഇന്റർനെറ്റ് സംവിധാനവും മാറുമെന്നതിൽ സംശയമില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KFONE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.