ആലപ്പുഴ: മാവേലിക്കരയിൽ ക്രൂരമായി കൊല്ലപ്പെട്ട നക്ഷത്രയുടെ മാതാവ് വിദ്യയുടെ മരണവും കൊലപാതകമാണെന്ന് മാതാപിതാക്കളും ബന്ധുക്കളും ആരോപിച്ചു. 2019 ജൂൺ നാലിന് രാത്രിയിലാണ് വിദ്യയെ ഭർത്താവും നക്ഷത്രയെ കൊലപ്പെടുത്തിയ പ്രതിയുമായ ശ്രീമഹേഷിന്റെ മാവേലിക്കര പുന്നമൂട്ടിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യയുടെ മുഖത്ത് അടിയേറ്റ പാടുകളുണ്ടായിരുന്നെന്നും ബന്ധുക്കൾ ആരോപിച്ചു.
പലചരക്ക് വ്യാപാരിയായ പത്തിയൂർ വില്ലേജ് ഓഫീസിന് സമീപം തൃക്കാർത്തികയിൽ ലക്ഷ്മണന്റെയും വീട്ടമ്മയായ രാജശ്രീയുടെയും രണ്ട് മക്കളിൽ ഇളയവളായിരുന്നു വിദ്യ. 2013 ഒക്ടോബർ 17നായിരുന്നു വിദ്യയും ശ്രീമഹേഷുമായുള്ള വിവാഹം. ഗൾഫിൽ നഴ്സാണെന്നു പറഞ്ഞാണ് ശ്രീമഹേഷ്, ബി.എസ്‌സി ബി.എഡുകാരിയായ വിദ്യയെ വിവാഹം ചെയ്തത്. 101 പവനും പണവുമുൾപ്പെടെ സ്ത്രീധനവും വാങ്ങി. തുടർന്ന് ഗൾഫിൽ പോയ ശ്രീമഹേഷ് ഒരുവർഷത്തിനകം തിരിച്ചെത്തി. പിതാവിന്റെ ആശ്രിത പെൻഷനിൽ കഴിഞ്ഞ ശ്രീമഹേഷ് മദ്യപാനിയായിരുന്നു. മദ്യലഹരിയിൽ വിദ്യയെ മർദ്ദിച്ചിരുന്നു. ഇതേത്തുടർന്ന് പലപ്പോഴും ചികിത്സ തേടിയിരുന്നെങ്കിലും നാണക്കേട് ഭയന്ന് പരാതിപ്പെട്ടില്ലെന്നും മാതാപിതാക്കൾ പറഞ്ഞു. വിദ്യയുടെ മരണത്തിൽ പുനഃരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകാനാണ് ഇവരുടെ തീരുമാനം.
അന്നും ആത്മഹത്യാശ്രമം
ലക്ഷ്മണൻ ഗൾഫിലായിരുന്നപ്പോഴാണ് വിദ്യയെ കാണാനില്ലെന്നു പറഞ്ഞ് പത്തിയൂരിലെ വീട്ടിലേക്ക് ശ്രീമഹേഷിന്റെ ബന്ധു വിളിച്ചത്. തുടർന്ന് രാജശ്രീ ബന്ധുവായ നിഥിനൊപ്പം ശ്രീമഹേഷിന്റെ വീട്ടിലെത്തിയപ്പോൾ അമ്മ സുനന്ദയെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. തുടർന്നുള്ള തെരച്ചിലിലാണ് അടുക്കളയോടു ചേർന്ന് വിദ്യ തൂങ്ങിനിൽക്കുന്നത് കണ്ടത്. കെട്ടഴിച്ച് ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെ ശ്രീമഹേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും നാട്ടുകാർ പിന്തിരിപ്പിച്ചു. വിദ്യയുടെ മരണത്തെ തുടർന്നാണ് ലക്ഷ്മണൻ പ്രവാസ ജീവിതം അവസാനിപ്പിച്ചത്. അമ്മയുടെ മരണശേഷം അന്ന് രണ്ടുവയസുണ്ടായിരുന്ന നക്ഷത്ര ആറുമാസത്തിലേറെ വിദ്യയുടെ വീട്ടിലായിരുന്നു. മകളെ കാണാൻ ശ്രീമഹേഷ് ഇടയ്‌ക്കിടെ വന്നിരുന്നു. വല്ലപ്പോഴും കൂട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. പിന്നീട് മകളെ താൻ വളർത്താമെന്ന് ശാഠ്യം പിടിച്ചു. അതിനിടെ വിദ്യയുടെ സ്വർണം മാതാപിതാക്കൾ വിറ്റ് നക്ഷത്രയുടെ പേരിൽ സ്ഥിരനിക്ഷേപം നടത്തി. തനിക്ക് കടമുണ്ടെന്നും വീട് ജപ്തിയിലാണെന്നും പറഞ്ഞ് ഈ പണം വാങ്ങാൻ ശ്രീമഹേഷ് ശ്രമിച്ചെങ്കിലും വിദ്യയുടെ കുടുംബം വഴങ്ങിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |