SignIn
Kerala Kaumudi Online
Saturday, 20 April 2024 1.53 AM IST

വയ്, രാജാ വയ്

pinarayi

ചൂതാട്ടം രാജാക്കന്മാർക്ക് വിധിച്ചിട്ടുള്ളതാണ്. ധർമ്മപുത്രർ പോലും ചൂതുകളിയിൽപെട്ട് രാജ്യത്തേയും പ്രിയപത്നിയേയും സഹോദരന്മാരേയും തന്നെത്തന്നെയും പണയപ്പെടുത്തിയ കഥ പ്രസിദ്ധമാണല്ലോ? ധർമ്മിഷ്ടന്റെ അധർമ്മമായി അത് പെരുമപ്പെടുകയും ചെയ്തു. ധനസമ്പാദനമാണ് ചൂതുകളിയുടെ ഉന്നം. ഉത്സവപ്പറമ്പിലെ നാടകുത്തും, കുലുക്കിക്കുത്തുമെല്ലാം ഇതിന്റെ ജനകീയ രൂപങ്ങൾ തന്നെ. പണപ്പിരിവും ഒരുതരം ചൂതാട്ടം തന്നെ. കാര്യലാഭത്തിനാണല്ലോ പാർട്ടിക്കാർക്കും ജനം സംഭാവന കൊടുക്കുന്നത്. വൈകുണ്ഠം നന്നാവാൻ ആരും വ്രതം നോക്കാറില്ലല്ലോ? അസൂയ മൂത്താൽ അതിനു മരുന്നില്ല. പ്രതിപക്ഷത്തെ വലിയ മെത്രാപ്പോലിത്തമാരുടെ ക്ഷോഭം കണ്ടാൽ തോന്നും നാളെ മുഖ്യമന്ത്രിയായാൽ ഇവരൊന്നും അന്താരാഷ്ട്ര പിരിവ് മഹോത്സവത്തിന് മുതിരില്ലെന്ന്. ലോകം ചുറ്റിനടന്ന് ആഘോഷിക്കേണ്ട ആളാണന്ന വീണ്ടുവിചാരമുണ്ടെങ്കിൽ ഇപ്പോൾ മൗനം ഭജിക്കുന്നതാണ് ബുദ്ധി. തിന്നുകയുമില്ല; തീറ്റിക്കുകയുമില്ല എന്ന പുല്ക്കൂട് നയം ശരിയല്ല.

ലോക കേരളസഭ രൂപീകരിച്ചതു തന്നെ ഉത്‌പന്നപ്പിരിവിന് മറ്റൊരു മാനം നല്കാനാണെന്ന് ആർക്കാണറിയാത്തത്? മുഖ്യമന്ത്രിയോടൊപ്പം സെൽഫിയെടുക്കാൻ, ഗ്രൂപ്പ് ഫോട്ടോയെടുക്കാൻ, ഒന്നിച്ചിരുന്നൊരു കട്ടൻചായ കുടിക്കാൻ, ടിക്കറ്റെടുത്ത് ക്യൂവിൽ നില്‌ക്കുന്നവരാണ് ദേശസ്നേഹികൾ. സർക്കാരിന് ഉൗരുചുറ്റാൻ പണമില്ലെങ്കിൽ, പണമുള്ളവരുടെ തോളിൽക്കയറി ചുറ്റിയടിക്കുക എന്നതാണ് നയം. വേദിയിലിരിക്കാൻ ഇത്ര ലക്ഷം, സദസിൽ മുൻനിരയിൽ ഇത്ര ലക്ഷം, പ്രവേശനത്തിന് ഇത്ര ലക്ഷം, കാര്യം നേടാൻ ഇത്ര ലക്ഷം എന്നൊക്കെ താരിഫുണ്ടത്രേ. പണ്ടൊക്കെ പിരിവു നല്കുന്നവരെ അങ്ങോട്ടുചെന്നു കാണുക എന്ന മര്യാദ പതിവുള്ള ഏർപ്പാടാണ്. വരുത്തി വെടിവയ്ക്കുക എന്നൊരു സൂത്രവുമുണ്ട്. പ്രവാസികളെ നാട്ടിൽ വരുത്തി ചെല്ലും ചെലവുംകൊടുത്ത് പ്രീണിപ്പിക്കുക എന്നിട്ട് അവരുടെ രാജ്യത്ത് ചെന്ന് ആതിഥ്യ സത്‌കാരങ്ങളും പണക്കിഴിയും ഏറ്റുവാങ്ങി പകരം വീട്ടുക.

മഹാത്മാഗാന്ധി മുതലുള്ളവർ പ്രസംഗത്തിനൊടുവിൽ ആളുകളുടെ സ്വർണവും പണവുമൊക്കെ സ്വരൂപിക്കുകയുണ്ടായിട്ടുണ്ട്. പിരിവിനെ പ്രാർത്ഥനാപൂർണമായ വിശുദ്ധ കർമ്മമാക്കിയ എം.പി മന്മഥൻ സാർ ആരംഭിച്ച ഉത്‌പന്നപിരിവ് ഇപ്പോഴും പലപേരുകളിൽ സജീവമാണ്. സ്കൂൾ യുവജനോത്സവവും പാർട്ടി സമ്മേളനങ്ങളും ഭാഗവത സപ്താഹങ്ങളിലുമൊക്കെ കലവറ നിറയ്ക്കൽ എന്നൊരു ആചാരം നിലവിലുണ്ട്. സംഭവം ഉത്‌പന്നപ്പിരിവു തന്നെ.

കൊവിഡുകാലത്തും പ്രളയകാലത്തുമൊക്കെ വൈകുന്നേരങ്ങളിൽ മുഖ്യമന്ത്രിയുടെ മുഖ്യ അജണ്ടയും സഹായ അഭ്യർത്ഥനകളായിരുന്നല്ലോ? ഇപ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് നടത്തുന്ന അന്താരാഷ്ട്ര പിരിവു മഹോത്സവത്തെ ജനകീയപദങ്ങൾ കൊണ്ട് പരിഹസിക്കുന്നത് ശരിയല്ല. നെറ്റിപ്പട്ടം കെട്ടിയ മന്ത്രിപുംഗവന്മാർക്കു മുന്നിൽ പ്രവാസികൾക്ക് പറനിറയ്ക്കാനൊരവസരം എന്നോ വിഭവസമാഹരണം എന്നോ ഭംഗിവാക്കു പറയുന്നതാണുത്തമം. കേന്ദ്രം ചെലവിനു തരാതെ മന്ത്രിമാരെ പട്ടിണിക്കിടാനാണ് ഭാവമെങ്കിൽ സ്വന്തം പാർട്ടിക്കാരെയെങ്കിലും അത്താഴപ്പട്ടിണിയില്ലാതെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഭരിക്കുന്നവർക്കില്ലേ? അന്യായമൊന്നും പറഞ്ഞില്ലല്ലോ? അടുത്തിരുന്ന് ചായ കുടിക്കാൻ മടിയിൽ കനമുള്ളവർ വന്നാൽ മതി. ആരെയും ഓടിച്ചിട്ടു പിടിക്കുന്നില്ലല്ലോ? കാശില്ലാത്തവന് നാട്ടിലും മറുനാട്ടിലും കഷ്ടകാലം തന്നെ. ദർശനം ദൂരെനിന്നു മാത്രം!

എല്ലാം കണ്ടിട്ടും ഉള്ളിൽ ബോധമുണ്ട്; പുറമേ മിണ്ടാനാവുന്നില്ല എന്ന സ്ഥിതിയാണ് ബുദ്ധിജീവികൾക്കും ഇടതുപക്ഷ നിലയ വിദ്വാന്മാർക്കും. കേന്ദ്രത്തെയും കേരളത്തേയും വിമർശിക്കാനാവാത്ത സ്ഥിതി. കോൺഗ്രസ് ഭരിക്കുന്ന കാലത്ത് ഡൽഹിക്കമ്മിറ്റികളിലൊക്കെ നുഴഞ്ഞുകയറി ഉപജീവനം കഴിക്കാമായിരുന്നു. ബി.ജെ.പി വന്നതോടെ നുഴഞ്ഞുകയറ്റം നിന്നു. ദില്ലിയിലെ സാംസ്കാരിക നായകന്മാർ കൂട്ടത്തോടെ തൃശ്ശൂരേക്ക് വണ്ടികയറി. അവിടെ അക്കാഡമികളെങ്കിലുമുണ്ടല്ലോ? കിട്ടുന്ന ക്യാപ്‌സൂൾ കൊണ്ട് ഉപജീവനം കഴിക്കേണ്ട സ്ഥിതിയിലാണീ ശിങ്കിടിമുങ്കന്മാരെല്ലാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOKA KERALA SABHA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.