ആത്മവിശ്വാസവും ഇച്ഛാശക്തിയും പ്രയത്നവും ഒത്തുചേർന്നാൽ മനുഷ്യന് സാധിക്കാത്തതായി യാതൊന്നുമില്ല എന്നത് ഒരർത്ഥത്തിൽ ശരി തന്നെ
വിധിയെയും പ്രയത്നത്തെയും കുറിച്ച് രണ്ടു കാഴ്ചപ്പാടുകളാണ് ലോകത്തുള്ളത്. ഒന്ന്, മനുഷ്യൻ വിധിയുടെ കയ്യിലെ വെറും കളിപ്പാവയാണെന്നത്.മറ്റേത് മനുഷ്യൻ വിധിയുടെ സ്രഷ്ടാവാണ് എന്നതാണ്. ഏതാണ് ശരി?
ആത്മവിശ്വാസവും ഇച്ഛാശക്തിയും പ്രയത്നവും ഒത്തുചേർന്നാൽ മനുഷ്യന് സാധിക്കാത്തതായി യാതൊന്നുമില്ല എന്നത് ഒരർത്ഥത്തിൽ ശരി തന്നെ.
അതിസമർത്ഥനും സാഹസികനുമായ ഒരു സേനാധിപനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആത്മവിശ്വാസവും വീര്യവും കാരണം എല്ലാ യുദ്ധങ്ങളും ജയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. അങ്ങനെയിരിക്കെ ഒരു ശത്രുരാജ്യത്തെ ആക്രമിക്കാൻ അദ്ദേഹം പുറപ്പെട്ടു. ശത്രുരാജ്യത്തിന് അവർക്കുള്ളതിനേക്കാൾ അഞ്ചിരട്ടി സൈന്യമുണ്ടായിരുന്നു. അതുകാരണം അദ്ദേഹത്തിന്റെ പട്ടാളക്കാർ ആശങ്കയിലായിരുന്നു. അപ്പോൾ അദ്ദേഹം സൈന്യത്തിന്റെ ആത്മവിശ്വാസവും ആവേശവും ആകാശത്തോളം ഉയർത്തുന്ന ഒരു പ്രസംഗം നടത്തി. ഒടുവിൽ പറഞ്ഞു. 'ദൈവാനുഗ്രഹമുള്ള ഒരാളാണ് ഞാൻ. ഞാൻ ഒരിക്കലും തോൽക്കുകയില്ല. ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ ഞാൻ ഒരു നാണയം മുകളിലേക്ക് എറിയാം. അച്ചാണ് വീഴുന്നതെങ്കിൽ നമ്മൾ തീർച്ചയായും ജയിക്കും. പുള്ളിയാണ് വീഴുന്നതെങ്കിൽ തോറ്റുപോയേക്കാം. ഇത്രയും പറഞ്ഞ് അദ്ദേഹം നാണയം മുകളിലേക്കെറിഞ്ഞു. താഴെ വീണ നാണയം എടുത്ത് എല്ലാവരെയും കാണിച്ചു. അത് അച്ചായിരുന്നു. ഭടന്മാരെല്ലാം ആവേശത്തോടെ യുദ്ധത്തിനു പുറപ്പെട്ടു. യുദ്ധം ജയിക്കുകയും ചെയ്തു.
അടുത്ത ദിവസം ഉപസേനാധിപൻ സേനാധിപനോടു പറഞ്ഞു.
'അങ്ങു ജയിക്കണമെന്നത് വിധിയാണ്. വിധിയെ ആർക്ക് മറികടക്കാൻ കഴിയും.?"
'ശരിയാണ്, സേനാധിപൻ പറഞ്ഞു. പക്ഷേ ആ വിധി സൃഷ്ടിക്കുന്നത് ഞാൻ തന്നെയാണ്. നോക്കൂ, ഈ നാണയം?"
ഉപസേനാധിപൻ നോക്കിയപ്പോൾ നാണയത്തിന്റെ ഇരുവശവും അച്ചുതന്നെ !
യഥാർത്ഥത്തിൽ നമ്മുടെ വിധിയുടെ സ്രഷ്ടാക്കൾ നമ്മൾ തന്നെയാണ്. എന്നാൽ ഒരു കാര്യമുണ്ട്. നമ്മുടെ വിധിയുടെ നല്ലൊരുഭാഗം നമ്മൾ ഇപ്പോൾത്തന്നെ സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു. നമ്മുടെ പൂർവ്വകർമ്മങ്ങൾ തന്നെയാണ് വിധിയുടെ ആ ഭാഗം സൃഷ്ടിച്ചത്. പൂർവ്വകർമ്മങ്ങളുടെ ഫലങ്ങൾ അനുഭവിച്ചുതുടങ്ങുമ്പോൾ അതിനെ പ്രാരാബ്ധം എന്നു വിളിക്കും.മുൻപ് ചെയ്ത സത്കർമ്മങ്ങൾ അനുകൂലമായ പ്രാരബ്ധവും, ദുഷ്കർമ്മങ്ങൾ പ്രതികൂലമായ പ്രാരാബ്ധവും സൃഷ്ടിക്കുന്നു. പ്രയത്നം കൊണ്ടും ഈശ്വരനെ ആശ്രയിക്കുന്നതുകൊണ്ടും പ്രാരബ്ധത്തെ മറികടന്ന് ലക്ഷ്യം നേടാൻ നമുക്ക് തീർച്ചയായും കഴിയും.
എന്നാൽ മുമ്പുചെയ്ത ദുഷ്കർമ്മങ്ങളുടെ തീവ്രതയ്ക്കനുസരിച്ച് അവ നമ്മുടെ പാതയിൽ പ്രതിബന്ധങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കും. ഉദാഹരണത്തിന് നമ്മൾ ഒരാണി ഒരു പലകയിൽ തറയ്ക്കുകയാണെങ്കിൽ എത്ര ശക്തി പ്രയോഗിച്ചാണോ ആ ആണി പലകയിൽ തറച്ചത് അത്രയും തന്നെ ശക്തി ആ ആണി അവിടെ നിന്ന് വലിച്ചൂരാനും ആവശ്യമായി വരും. ഇതുപോലെ നമ്മൾ മുൻപ് ചെയ്ത ദുഷ്കർമ്മങ്ങൾ എത്ര തീവ്രമാണോ അത്രയും തീവ്രമായ പ്രയത്നം അതിനെ മറികടക്കാൻ ആവശ്യമായി വരും. നമ്മുടെ മുൻകരുതൽ കൊണ്ടും പ്രയത്നം കൊണ്ടും ദുഃഖാനുഭവങ്ങളുടെയും പ്രതിബന്ധങ്ങളുടെയും തീവ്രത കുറയ്ക്കാനും സുഖാനുഭവങ്ങൾ വർദ്ധിപ്പിക്കാനും കഴിയും.
അതാണ് പ്രയത്നത്തിന്റെ പ്രസക്തി.പ്രാരാബ്ധത്തെ പൂർണ്ണമായും ഒഴിവാക്കുക എന്നത് പ്രയാസമാണ്.
നമ്മൾ ചെയ്ത കർമ്മത്തിന്റെ ഫലം നമ്മളിലേക്കു കുറച്ചെങ്കിലും തിരിച്ചുവരിക തന്നെ ചെയ്യും. കണ്ണിൽ കൊള്ളേണ്ടത് പുരികത്തിൽ കൊണ്ട് പോയി എന്ന് പറയാറില്ലേ. ഈശ്വരോപാസന കൊണ്ടും സത്കർമ്മം കൊണ്ടും നമ്മുടെ പ്രാരാബ്ധത്തിന്റെ തീവ്രത കുറയ്ക്കുവാനും പ്രയത്നത്തിലൂടെ ലക്ഷ്യം നേടാനും നമുക്ക് സാധിക്കും.എങ്ങനെ നോക്കിയാലും നമ്മുടെ വിധിയുടെ സ്രഷ്ടാക്കൾ നമ്മൾ തന്നെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |