ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് പള്ളികളിലെ ഭരണം സംബന്ധിച്ച വിധി നടപ്പാക്കാത്തതിന് കേരള സർക്കാരിനെ രൂക്ഷമായി ശാസിച്ച സുപ്രീംകോടതി, കോടതിയലക്ഷ്യത്തിന് ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി ജയിലിലടയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകി. സർക്കാർ നിയമത്തിന് അതീതമല്ലെന്നും ജസ്റ്റിസ് അരുൺമിശ്ര, എം.ആർ. ഷാ എന്നിവരുടെ ബെഞ്ച് ഓർമ്മിപ്പിച്ചു.
കട്ടച്ചിറ, വരിക്കോലി പള്ളികളിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ യാക്കോബായ വിഭാഗം അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഓർത്തഡോക്സ് വിഭാഗത്തിന്റെ ഹർജിയിലാണ് നടപടി. മലങ്കര പള്ളികളിലെ ഭരണം 1934ലെ ഭരണഘടന പ്രകാരം ആയിരിക്കണമെന്ന് 2017 ജൂലായ് 3ന് ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ചാണ് വിധിച്ചത്. ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് 2018ൽ വിധി ശരിവച്ചു. എന്നാൽ കഴിഞ്ഞ മാർച്ചിൽ കട്ടച്ചിറ, വരിക്കോലി പള്ളികളിൽ യാക്കോബായ വിശ്വാസികൾക്ക് ശവസംസ്കാരത്തിനും ആരാധനയ്ക്കും ഹൈക്കോടതി അനുവാദം നൽകിയിരുന്നു.
തുടർന്നാണ് സുപ്രീംകോടതി വിധി നടപ്പാക്കാതെ സർക്കാർ കോടതിയലക്ഷ്യം കാട്ടുന്നതായി ചൂണ്ടിക്കാട്ടി ഓർത്തഡോക്സ് വിഭാഗം സുപ്രീംകോടതിയെ സമീപിച്ചത്.
സർക്കാരിന് ശകാരവർഷം
ഇന്നലെ കേസെടുത്തപ്പോൾ ജസ്റ്റിസ് അരുൺ മിശ്ര സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനം തുടങ്ങി. സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചും രണ്ടംഗ ബെഞ്ചും തീർപ്പാക്കിയ കേസാണ്. ആ വിധി അന്തിമമാണ്. അതു നടപ്പാക്കാത്തത് കോർട്ടലക്ഷ്യമാണ്. ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തി ജയിലിലടയ്ക്കും. ബീഹാർ ചീഫ് സെക്രട്ടറിക്ക് സംഭവിച്ചത് അറിയാമല്ലോ.
ക്ഷുഭിതനായ ജസ്റ്റിസ് അരുൺമിശ്ര ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തുമെന്ന് ഉച്ചത്തിൽ നാലു തവണ പറഞ്ഞു. കേരള സർക്കാർ നിയമത്തിന് അതീതമല്ലെന്നും കോടതിയെ കബളിപ്പിക്കാൻ നോക്കരുതെന്നും പറഞ്ഞ അദ്ദേഹം സർക്കാർ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയെ മറുപടി പറയാൻ പോലും അനുവദിച്ചില്ല.
തുടർന്ന് ജസ്റ്റിസ് ഷായുമായി ആലോചിച്ച ശേഷം ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്താനുള്ള ഉത്തരവ് തയ്യാറാക്കാൻ തുടങ്ങിയെങ്കിലും ജയദീപ് ഗുപ്ത അഭ്യർത്ഥിച്ചതിനെ തുടർന്ന് അതൊഴിവാക്കി.
എന്നാൽ കേരളവുമായി ബന്ധപ്പെട്ട മറ്റൊരു കേസ് പരിഗണിച്ചപ്പോഴും ചീഫ് സെക്രട്ടറിക്കെതിരെ നടപടി വേണ്ടി വരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഓർത്തഡോക്സ് വിഭാഗത്തിനു വേണ്ടി രാജേഷ് ദ്വിവേദി, ഇ.എം.എസ്. അനാം, സർക്കാരിനു വേണ്ടി സ്റ്റാൻഡിംഗ് കോൺസൽ ജി. പ്രകാശ്, യാക്കോബായ വിഭാഗത്തിനു വേണ്ടി മുകുൾ റോഹ്തഗി എന്നിവരും ഹാജരായി.
ബീഹാർ ചീഫ് സെക്രട്ടറിയുടെ ധിക്കാരം
2003ൽ പാട്ന ഹൈക്കോടതിയാണ് അന്നത്തെ ബീഹാർ ചീഫ് സെക്രട്ടറി കെ.എ.എച്ച്. സുബ്രഹ്മണ്യനെ രണ്ടു മണിക്കൂർ ജയിലിലടച്ചത്. സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പിൽ ഡയറക്ടറെ നിയമിക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തതിന് ജസ്റ്റിസ് ആർ.എസ്. ഗാർഗ് ചീഫ് സെക്രട്ടറിയെ കോടതിയിൽ വിളിച്ചുവരുത്തി. ഉത്തരവ് എന്തുകൊണ്ട് നടപ്പാക്കിയില്ലെന്ന ചോദ്യത്തിന് സുബ്രഹ്മണ്യൻ കൃത്യമായ മറുപടി നൽകിയില്ല. വിധിപ്പകർപ്പ് വായിക്കാൻ ജസ്റ്റിസ് ഗാർഗ് ആവശ്യപ്പെട്ടു. അതിന് വിസമ്മതിച്ച ചീഫ് സെക്രട്ടറി തന്നെ ജയിലിലടച്ചോളാൻ പറഞ്ഞു. ഏത് ജയിലിലേക്ക് പോകണമെന്ന് കോടതിയുടെ ചോദ്യം. ഏതായാലും കുഴപ്പമില്ലെന്ന് ചീഫ് സെക്രട്ടറി. പിന്നാലെ സുബ്രഹ്മണ്യനെ ജയിലിലടയ്ക്കാൻ വിധി. 10,000 രൂപയുടെ ജാമ്യത്തിനാണ് പുറത്തിറങ്ങിയത്.