തൃശൂർ: ന്യുമോണിയ ബാധിച്ചെത്തിയ കുട്ടി മരിച്ചത് ഡോക്ടറുടെ ചികിത്സാപിഴവ് മൂലമെന്ന് മാതാപിതാക്കൾ. തൃശൂർ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലെ ഡോക്ടർ ഷാജി ജേക്കബിനെതിരെയാണ് മാതാപിതാക്കളുടെ ആരോപണം. നടവരമ്പ് സ്വദേശികളായ ഷിബുവിന്റെയും ഭാര്യയുടേയും മകൻ ശ്രീറാമാണ് മരണപ്പെട്ടത്. കുട്ടിയെ ചികിത്സിച്ച ഡോക്ടർ ന്യുമോണിയയ്ക്ക് പകരം അഞ്ചാം പനിയുടെ മരുന്ന് നൽകിയെന്നും അത് മൂലമാണ് തങ്ങളുടെ മകൻ മരണപെട്ടതെന്നുമാണ് മാതാപിതാക്കൾ ആരോപിക്കുന്നത്.
എന്നാൽ കുട്ടി മരിച്ചത് ഡോക്ടറുടെ പിഴവ് കാരണമല്ലെന്ന് പറഞ്ഞുകൊണ്ട് ആശുപത്രി അധികൃതർ രംഗത്തെത്തി. ഡോക്ടർ ശരിയായി തന്നെയാണ് രോഗ നിർണയം നടത്തിയതെന്നും ഇവർ പറയുന്നു. കുട്ടി ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയപ്പോൾ ന്യുമോണിയയുടെ ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചില്ലെന്നും തുടർന്നുള്ള ചികിത്സയ്ക്കായി കുട്ടിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ കുട്ടിയുടെ മാതാപിതാക്കൾ തയാറായില്ലെന്നുമാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.
ജൂൺ 18നാണ് കടുത്ത പനിയും ഛർദ്ദിയുമായി ആശുപത്രിയിലേക്ക് കൊണ്ടുവന്ന ശ്രീറാമിനെ ഡോക്ടർ ഷാജി ജേക്കബ് ചികിത്സിക്കുന്നത്. എന്നാൽ കുട്ടിക്ക് അഞ്ചാം പനിയുടെ മരുന്ന് നൽകി ഡോക്ടർ പറഞ്ഞയക്കുകയായിരുന്നുവെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. കുട്ടിയുടെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മൂന്ന് ദിവസം കഴിഞ്ഞ് കുട്ടിയേയും കൊണ്ട് ഷിബുവും ഭാര്യയും വീണ്ടുമെത്തി. തുടർന്ന് കുട്ടിയെ സ്കാനിംഗിന് വിധേയനാക്കുകയും ശ്രീറാമിന് ന്യുമോണിയ ആണെന്നുള്ള നിഗമനത്തിൽ എത്തുകയും ചെയ്തു. ശ്രീറാമിനേയും കൊണ്ട് ഉടൻ തന്നെ മാതാപിതാക്കൾ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് എത്തിയെങ്കിലും രോഗം കലശലായ കുട്ടി മരിക്കുകയായിരുന്നു.