തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 15 വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് കെ.എസ്.ഇ.ബി. വൈദ്യതി ഭവനിൽ ഇന്ന് നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ആവശ്യത്തിന് മഴ ലഭിക്കാത്ത സാഹചര്യത്തിൽ ലോഡ് ഷെഡ്ഡിംഗ് അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനാണ് അവലോകന യോഗം ചേർന്നത്.
ഈ മാസം 15 വരെ നിയന്ത്രണം ഉണ്ടാകില്ല. എന്നാൽ 15ന് ശേഷം യോഗം ചേർന്ന് സ്ഥിതി വിലയിരുത്തിയശേഷമായിരിക്കും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. സംസ്ഥാനത്തേക്ക് 64 മില്യൺ യൂണിറ്റ് വൈദ്യുതി വരുന്നത് സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനുകളിൽ നിന്നും സ്വകാര്യ നിലയങ്ങളിൽ നിന്നുമാണ്. ഇവയിൽ രണ്ടെണ്ണം ഒഴികെ ബാക്കിയുള്ളവ കൽക്കരിയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന നിലയങ്ങളാണ്. അവിടെനിന്ന് വൈദ്യുതി ലഭിക്കുന്നതിന് എന്തെങ്കിലും തടസം നേരിട്ടാൽ മാത്രമേ ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തേണ്ടതായി വരൂ.
ഇത്തരമൊരു സാഹചര്യം എല്ലാകാലത്തും ഉണ്ടാകാറുള്ളതാണ്. അപ്പോഴൊക്കെ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇപ്പോൾ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കാൻ സാദ്ധ്യമല്ലെന്നും കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ്. പിള്ള വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അതേ സമയം സംസ്ഥാനത്ത് വൈദ്യുതനിരക്ക് അടുത്തയാഴ്ച വർധിപ്പിക്കും. ഗാർഹിക ഉപഭോക്താക്കൾക്ക് 10 ശതമാനം വർധനവിനാണ് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ തീരുമാനം.