ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ 2023 ജൂണിലെ അമേരിക്കന്‍ സന്ദര്‍ശനം എല്ലാ അര്‍ത്ഥത്തിലും രാജ്യ താല്പര്യങ്ങള്‍ക്ക് അനുകൂലമായിരുന്നുവെന്ന് നിസംശയം പറയാം. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിക്കും മുമ്പെങ്ങും ലഭിക്കാത്തവിധം പരവതാനിവിരിച്ചും ആചാരവെടിയോടും കൂടി നരേന്ദ്രമോഡിയെ അമേരിക്കന്‍ ഭരണകൂടം സ്വീകരിച്ചുവെങ്കില്‍ അതിന് പിന്നില്‍ വ്യക്തമായ കാരണങ്ങളും ബോധ്യങ്ങളും അവര്‍ക്കുണ്ട് എന്നു തന്നെ അനുമാനിക്കാം.
രാജ്യത്തിന്റെ അതിഥിയായാണ് മോഡി അമേരിക്കയില്‍ സ്വീകരിക്കപ്പെട്ടത്. ഇന്ത്യയിലെ ജനാധിപത്യത്തെയും മതസ്വാതന്ത്ര്യത്തെയും കുറിച്ച് വിമര്‍ശനാത്മക സമീപനം പുലര്‍ത്തിയിരുന്ന യു എസ്, മോഡിയുടെ സന്ദര്‍ശന വേളയില്‍ അത്തരം പരാമര്‍ശങ്ങള്‍ ഒന്നും നടത്തിയിട്ടില്ലായെന്നതും ശ്രദ്ധേയമാണ്.
ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയ്ക്ക് വര്‍ദ്ധിച്ചുവരുന്ന സ്വാധീനവും ലോകത്തെ അഞ്ചാമത്തെ സാമ്പത്തികശക്തിയായി മാറിയ ഇന്ത്യയുടെ കുതിപ്പും ഇന്ത്യയെന്ന വിപണിയും അമേരിക്കയെന്നല്ല, ഏതു രാജ്യത്തിനും കാണാതിരിക്കാനോ അവഗണിക്കാനോ ആവാത്തതലത്തിലെത്തി നില്‍ക്കുകയാണ്. മാറുന്ന ഇന്ത്യയെ ഇന്ന് അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാഷ്ട്രങ്ങള്‍ക്കും വികസ്വര രാഷ്ട്രങ്ങള്‍ക്കും ആവശ്യമുണ്ട്. ക്വാഡ്, ഐ2 യു2 , ജി7 സഖ്യങ്ങളിലും ഇന്ത്യയ്ക്ക് ലഭിക്കുന്ന പ്രാധാന്യവും ക്ഷണവും മറ്റു രാജ്യങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഒരുകാലത്ത് വികസിത രാജ്യങ്ങള്‍ സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് കൈമാറാന്‍ വിസമ്മതിച്ചപ്പോള്‍ പകരം സംവിധാനങ്ങള്‍ സ്വയം കണ്ടെത്തി ഇന്ത്യ പര്യാപ്തതയിലേക്ക് നടന്നു കയറുന്നത് ലോകം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഇന്ത്യയുടെ ഈ പുരോഗതികള്‍ കണ്ടെറിഞ്ഞു തന്നെയാണ് അമേരിക്ക ഇപ്പോള്‍ ഇന്ത്യയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയായി മാറിയത്.
2016ല്‍ തന്നെ ഇന്ത്യയെ പ്രധാന പ്രതിരോധ പങ്കാളിയായി യു എസ് അംഗീകരിച്ചിരുന്നു. സൈനികസഖ്യം ഇല്ലാതെ തന്നെ ഇന്ത്യയുമായി വന്‍തോതിലുള്ള സൈനിക സാങ്കേതിക സഹകരണത്തിനാണ് യു എസ് ഇപ്പോള്‍ തയ്യാറായിരിക്കുന്നത്. യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുവാനുള്ള സാങ്കേതികവിദ്യ അമേരിക്കന്‍ കമ്പനിയായ ജനറല്‍ ഇലക്ട്രിക്സും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക് ലിമിറ്റഡും തമ്മില്‍ കൈമാറാനുള്ള ധാരണാപത്രം ഒപ്പുവച്ചത് വലിയൊരു സ്ഥിതിമാറ്റത്തെ സൂചിപ്പിക്കുന്നു.
നിര്‍മ്മിത ബുദ്ധി വികസനം, സൈബര്‍ സുരക്ഷാ സാങ്കേതികവിദ്യ വികസനം, പ്രതിരോധ സാങ്കേതികവിദ്യ വികസനം, ബഹിരാകാശത്തെ സാങ്കേതികവിദ്യ കൈമാറ്റ നിയന്ത്രണങ്ങളില്‍ ഇളവ്. ഇന്ത്യന്‍ ആണവ ശാസ്ത്രജ്ഞര്‍ക്ക് യു.എസില്‍ പരിശീലനം നടത്തുന്നതിന് സൗകര്യം, എം.ക്യു.9 റീപ്പര്‍ ഡ്രോണ്‍ കരാര്‍ എന്നിങ്ങനെ ഒട്ടേറെ കരാറുകളാണ് മോഡിയുടെ യു.എസ്. സന്ദര്‍ശനത്തില്‍ ഒപ്പുവയ്ക്കപ്പെട്ടത്. ഇന്തോ- പസഫിക് മേഖലയില്‍ മേല്‍ക്കൈ നേടാനുള്ള ചൈനയുടെ ശ്രമത്തിനെതിരെ ഇന്ത്യയുടെ ശ്രദ്ധ പതിയുമ്പോള്‍ ഇന്ത്യയെ കൂടുതല്‍ കരുത്തുറ്റതാക്കേണ്ടത് അമേരിക്കയുടെ കൂടെ ആവശ്യമായി വന്നിരിക്കുകയാണ്.
ലോക വ്യാപാര സംഘടനയില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ ചില വിഷയങ്ങളില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നുവെങ്കിലും ഇപ്പോള്‍ അതൊന്നും കാര്യമാക്കാതെയാണ് അമേരിക്ക ഇന്ത്യയുമായുള്ള വാണിജ്യ വ്യാപര ഉടമ്പടികളില്‍ അത്യുത്സാഹം കാട്ടുന്നത്. ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കല്‍, ഇന്ത്യന്‍ ബഹിരാകാശ യാത്രികര്‍ക്ക് യു.എസിൽ പരിശീലനം, ഇന്ത്യന്‍ റെയില്‍വേയെ സീറോ എമിഷന്‍ സംവിധാനമാക്കല്‍, സെമികണ്ടക്ടറുടെ നിര്‍മ്മാണത്തില്‍ നിക്ഷേപം തുടങ്ങി ഇന്ത്യയുടെ വികസനത്തിന് ഊര്‍ജ്ജം പകരുന്ന ഒട്ടേറെ മേഖലകളില്‍ സഹകരണത്തിനാണ് യു.എസ്. തയ്യാറായിരിക്കുന്നത്. എല്ലാത്തിനും പുറമേ അമേരിക്കയുടെ എച്ച് 1 ബി വിസയുടെ കാര്യത്തില്‍ ഇളവ് നല്‍കാനും ബംഗളുരുവിലും അഹമ്മദാബാദിലും അമേരിക്കന്‍ കോണ്‍സുലേറ്റുകള്‍ സ്ഥാപിക്കാനും മോഡിയുടെ സന്ദര്‍ശനം വഴിയൊരുക്കി. ഇന്ത്യന്‍ വംശജര്‍ക്ക് എച്ച്-1 ബി വിസ യു.എസില്‍ നിന്നുതന്നെ പുതുക്കാനാവുമെന്നത് ഐ.ടി. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വളരെ ഗുണം ചെയ്യും.
യു.എസ്. സന്ദര്‍ശനവേളയില്‍ ഇന്ത്യന്‍ സമൂഹത്തെ റൊണാള്‍ഡ് റീഗന്‍ ഹാളില്‍ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞത് ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധത്തിലെ പുതിയ അധ്യായം തുടങ്ങിയെന്നാണ്. "ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവും അമേരിക്ക ചാമ്പ്യനുമാണ്. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. യു.എസും- ഇന്ത്യയും ചേര്‍ന്ന് രൂപം നല്‍കുന്നത് കരാറുകളും ഉടമ്പടികളും മാത്രമല്ല, ജീവിതങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും കൂടിയാണ്. യു.എസുമായുള്ള ബന്ധം കേവലം സാമ്പത്തികപരം മാത്രമല്ല, വികാരപരവും കൂടിയാണ്. " എന്നാണ് മോഡി സദസിനോട് അഭിപ്രായപ്പെട്ടത്.
നരേന്ദ്രമോഡിയുടെ യു.എസ്. സന്ദര്‍ശനം ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ യത്നിച്ചുകൊണ്ടിരിക്കുന്ന ചൈനയ്ക്കും രാജ്യത്തേക്ക് ഭീകരത പടര്‍ത്താന്‍ പരിശ്രമിക്കുന്ന പാകിസ്ഥാനും ഒരു മുന്നറിയിപ്പ് കൂടിയായി മാറിയിട്ടുണ്ട്. മോഡിയുടെ യു എസ് സന്ദര്‍ശനം പ്രതികൂല ശക്തികള്‍ക്കെതിരെയുള്ള ഒരു കൂട്ടായ്മയായി പരിണമിക്കുകയായിരുന്നു.
* ( ഫൊക്കാന മുൻ പ്രസിഡന്റും എം.ബി.എൻ ഫൗണ്ടേഷൻ (യു.എസ്.എ) ചെയർമാനുമാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |