ന്യൂഡൽഹി: തന്റെ കന്നിപ്രസംഗത്തിൽ സി.പി.എം എം.പി എ.എം ആരിഫിന് നേരിടേണ്ടി വന്ന ട്രോളുകളെ കുറിച്ച് പ്രതികരിച്ച് കോൺഗ്രസ് എം.പി രമ്യ ഹരിദാസ്. ആരിഫ് ഭാഷ നന്നായി കൈകാര്യം ചെയ്യുന്നയാളാണെന്നും എന്താണ് സംഭവിച്ചതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നുമാണ് പ്രതികരിച്ചത്. എല്ലാവരും മുൻകൂട്ടി എഴുതി തയാറാക്കിയ പേപ്പറാണ് പ്രസംഗത്തിനായി കൊണ്ടുപോകുക എന്നും രമ്യ പറഞ്ഞു.
തന്റെ കന്നി പ്രസംഗത്തിൽ പ്രശ്നം ഒന്നും ഉണ്ടായില്ലെന്നും ഹിന്ദി കുറച്ചൊക്കെ തനിക്ക് വശമുണ്ടെനും രമ്യ അഭിമുഖത്തിൽ പറഞ്ഞു. ഇനി അഥവാ പ്രശ്നം ഉണ്ടെങ്കിലും ഇംഗ്ലീഷ് തർജമ ലഭ്യമാണെന്നും അവർ പറഞ്ഞു.ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആലത്തൂരിലെ എം.പിയായ രമ്യ ഇക്കാര്യം പറഞ്ഞത്.
ജൂൺ 27ന് പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലാണ് ആരിഫ് എം.പിക്ക് അബദ്ധം പിണഞ്ഞത്. താൻ മൂന്ന് ദിവസമായി കന്നിപ്രസംഗത്തിന് അവസരം കാത്തിരിക്കുകയായിരുന്നുവെന്ന് പറഞ്ഞ് പ്രസംഗം തുടങ്ങിയ എം.പി കുറച്ച് നേരം പതറി നിന്നു. മൊബൈലിലുള്ള തന്റെ പ്രസംഗം വായിക്കാൻ ആരിഫിന് ബുദ്ധിമുട്ട് നേരിട്ടതാണ് കാരണം.
ഇതിനെ തുടർന്ന് 'മൊബൈൽ ഓൺ തന്നെയാണോ' എന്ന് സ്പീക്കർ ഓം ബിർള ആരിഫിനെ പരിഹസിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ആരിഫിനെതിരെ ട്രോളുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ആലപ്പുഴയിൽ അടിയന്തിരമായി കടൽഭിത്തി കെട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ആരിഫിന്റെ പ്രസംഗം