സ്വാശ്രയ കോളേജുകളുമായി 21ന് കരാറൊപ്പിടും
തിരുവനന്തപുരം: 143 എൻജിനിയറിംഗ് കോളേജുകളിലും അഫിലിയേഷനുള്ള പരിശോധന പൂർത്തിയാക്കി കോളേജ്, കോഴ്സ്, സീറ്റ് വിവരങ്ങളടങ്ങിയ ലിസ്റ്റ് സാങ്കേതിക സർവകലാശാല സർക്കാരിന് ഇന്നലെ കൈമാറി. ഇതോടെ എൻജിനിയറിംഗ് പ്രവേശനത്തിലെ ആശങ്ക ഒഴിഞ്ഞു.
സർക്കാർ ലിസ്റ്റ് അംഗീകരിച്ച് എൻട്രൻസ് കമ്മിഷണർക്ക് കൈമാറുന്നതോടെ പ്രവേശനത്തിന് ഓപ്ഷൻ ക്ഷണിക്കും. ജൂൺ 19ന് എൻട്രൻസ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ജൂലായ് ഒന്നിന് അലോട്ട്മെന്റ് നടപടി തുടങ്ങുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നെങ്കിലും അഫിലിയേറ്റഡ് കോളേജുകളുടെ പട്ടിക ലഭിക്കാത്തതിനാൽ അലോട്ട്മെന്റ് തുടങ്ങാനായിരുന്നില്ല. സ്വാശ്രയ കോളേജുകളിലെ പകുതി സീറ്റുകളിൽ എൻട്രൻസ് കമ്മിഷണറുടെ അലോട്ട്മെന്റിന് മാനേജ്മെന്റുകളുമായി 21ന് കരാറൊപ്പിടും.
അര ലക്ഷം
ബി.ടെക് സീറ്റ്
143 കോളേജുകളിലായി 49,903 ബി.ടെക് സീറ്റുകളാണുള്ളത്. 92 കോളേജുകളിൽ പുതുതലമുറ എമർജിംഗ് കോഴ്സുകൾ കൂടുതലായി അനുവദിച്ചതോടെ ഇക്കൊല്ലം എൻജിനിയറിംഗിന് 4830 സീറ്രുകൾ കൂടി വർദ്ധിച്ചു. കഴിഞ്ഞ വർഷം 45,073 സീറ്റുകളാണ് ഉണ്ടായിരുന്നത്. എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ 54,079 വിദ്യാർത്ഥികളിൽ 49,671പേരാണ് പ്ലസ്ടു യോഗ്യതാ പരീക്ഷയുടെ മാർക്ക് റാങ്ക് പട്ടികയിൽ ഉൾപ്പെടുത്താൻ അപ് ലോഡ് ചെയ്തത്. ഇത്രയും പേരാണ് റാങ്ക് ലിസ്റ്റിലുള്ളത്.
കോട്ടയത്തും കോഴിക്കോട്ടും ഓരോ സ്വാശ്രയ കോളേജുകൾ ഇക്കൊല്ലം പുതുതായി ആരംഭിക്കും. ഇവയുടെ അഫിലിയേഷനുള്ള പരിശോധന നടത്തിയിട്ടില്ല. അതിനാൽ ആദ്യ അലോട്ട്മെന്റുകളിൽ ഈ കോളേജുകളിലേക്ക് ഓപ്ഷൻ നൽകാനാവില്ല. സർവകലാശാല അഫിലിയേഷൻ നൽകിയാൽ രണ്ടാമത്തെയും മൂന്നാമത്തെയും അലോട്ട്മെന്റുകളിൽ
ഉൾപ്പെടുത്തും. 3 അലോട്ട്മെന്റുകൾക്ക് ശേഷം സർക്കാർ നിയന്ത്രിത സ്വാശ്രയ, സ്വകാര്യ സ്വാശ്രയ കോളേജുകളിൽ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേക്ക് എൻട്രൻസ് എഴുതാത്തവരെയും പ്രവേശിപ്പിക്കാം.
ആർക്കിടെക്ചർ
റാങ്ക് ലിസ്റ്റ് നീളും
കഴിഞ്ഞ 9ന് നടത്തിയ നാറ്റ മൂന്നാം പരീക്ഷയിലെ സ്കോർ കൂടി ആർക്കിടെക്ചർ പ്രവേശനത്തിനുള്ള റാങ്ക്ലിസ്റ്റിന് പരിഗണിക്കാൻ നാഷണൽ കൗൺസിൽ ഒഫ് ആർക്കിടെക്ചർ എൻട്രൻസ് കമ്മിഷണർക്ക് നിർദ്ദേശം നൽകി. ഈ പരീക്ഷയുടെ സ്കോർ പ്രസിദ്ധീകരിക്കാൻ ഒരാഴ്ചയെങ്കിലുമെടുക്കും. ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ് ജൂൺ അവസാനം പ്രസിദ്ധീകരിക്കാനിരുന്നതാണ്.
പ്രവേശനം നേടണ്ട
സമയം കുറയും
എൻജിനിയറിംഗ് അലോട്ട്മെന്റ് നടപടികൾ വൈകിയതിനാൽ വിദ്യാർത്ഥികൾക്ക് കോളേജുകളിൽ പ്രവേശനം നേടേണ്ട സമയം കുറയ്ക്കേണ്ടി വരും. മൂന്ന് അലോട്ട്മെന്റുകൾക്കിടയിൽ ഒരാഴ്ചയിലേറെ സമയം പ്രവേശനം നേടാൻ അനുവദിച്ചിരുന്നു. അലോട്ട്മെന്റ് ഇനിയും വൈകിയാൽ ഈ സമയം ഏതാനും ദിവസങ്ങളാക്കി കുറയ്ക്കണം. സെപ്തംബർ 15നകം അലോട്ട്മെന്റ് പൂർത്തിയാക്കണം. സാങ്കേതിക സർവകലാശാലയുടെ ആദ്യഘട്ട അഫിലിയേഷൻ പട്ടികയിലുള്ള കോളേജുകളെ ഉൾപ്പെടുത്തി ആദ്യ അലോട്ട്മെന്റ് നടത്തുമെന്നും പിന്നീട് അഫിലിയേഷൻ ലഭിക്കുന്ന കോളേജുകളെ അടുത്ത ഘട്ടത്തിൽ ഉൾപ്പെടുത്തുമെന്നും എൻട്രൻസ് കമ്മിഷണറേറ്റ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |