
പ്രക്ഷേപണം അവസാനിപ്പിച്ച് പ്രസാർഭാരതി
തിരുവനന്തപുരം: ഇഷ്ട ചലച്ചിത്രഗാനങ്ങളും അറിയിപ്പുകളുമൊക്കെയായി ശ്രോതാക്കളുടെ മനസ്സിൽ ഇടംപിടിച്ച ആകാശവാണി അനന്തപുരി എഫ്.എം ചാനലിന്റെ പ്രക്ഷേപണം പ്രസാർഭാരതി അവസാനിപ്പിച്ചു. പ്രതിഷേധം ഭയന്ന് അതീവ രഹസ്യമായിട്ടായിരുന്നു നീക്കം. തിരുവനന്തപുരം നിലയത്തിലെ ഉദ്യോഗസ്ഥർപോലും ഇന്നലെ പ്രക്ഷേപണം അവസാനിപ്പിക്കാനുള്ള നിർദ്ദേശമെത്തിയപ്പോഴാണ് വിവരമറിഞ്ഞത്. 2005ൽ കേരളപ്പിറവി ദിനത്തിലാണ് പ്രവർത്തനം തുടങ്ങിയത്. ഇന്നു മുതൽ ആകാശവാണിയുടെ പ്രധാന നിലയത്തിൽ നിന്നുള്ള പ്രക്ഷേപണം മാത്രമേ ഉണ്ടാകൂ. എഫ്.എമ്മിലെ ചില പരിപാടികൾ ഇതിൽ ഉൾപ്പെടുത്തും.
കുറച്ചു നാളായി കേരളത്തിലെ ആദ്യത്തെ ഈ എഫ്.എം ചാനൽ നിറുത്തലാക്കാൻ പ്രസാർഭാരതി തലപ്പത്തുള്ള ചിലർ ശ്രമിച്ചിരുന്നതായി ആക്ഷേപമുണ്ടായിരുന്നു. 2022 ജനുവരി ഒന്നിന് അനന്തപുരി എഫ്.എമ്മിന്റെ പേരും പരിപാടികളും മാറ്റിയത് വിവാദമായി. അന്ന് വിവിധ ഭാരതി ആകാശവാണി മലയാളം എന്ന പേരായിരുന്നു പകരം നൽകിയത്. പ്രൈംടൈമിൽ ഹിന്ദി പരിപാടികളും കുത്തിനിറച്ചു. ചാനൽ മേധാവി മല്ലികാ കുറുപ്പിനെ മാറ്റി. എഫ്.എം ചാനൽ നിയന്ത്രണം മുംബയ് വിവിധ ഭാരതിക്കായി.
ഇക്കാര്യം കേരളകൗമുദി റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് വ്യാപക പ്രതിഷേധമുയർന്നു. ഓൾ ഇന്ത്യ റേഡിയോയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന എഫ്.എമ്മിന്റെ പേര് മാറ്റിയതും മലയാളം പ്രക്ഷേപണ സമയം കുറച്ച് ഹിന്ദി പരിപാടികൾ ഉൾപ്പെടുത്തിയതും ഉടൻ പിൻലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രിക്കും പ്രസാർഭാരതി സി.ഇ.ഒയ്ക്കും കത്തയച്ചു. കേന്ദ്രമന്ത്രി വി.മുരളീധരൻ, വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി എൽ.മുരുകനെ നേരിട്ടുകണ്ട് ശ്രോതാക്കളുടെ വികാരം അറിയിച്ചു. തുടർന്ന് പേര് അനന്തപുരി വിവിധ് ഭാരതി മലയാളം എന്നാക്കിയിരുന്നു.
ശ്രോതാക്കൾ 45 ലക്ഷം
തിരുവനന്തപുരത്തിന്റെ മിക്ക ഭാഗങ്ങളിലും കൊല്ലം,
പത്തനംതിട്ട ജില്ലകളിലെ ചിലയിടങ്ങളിലുമായി ഉണ്ടായിരുന്നത് 45 ലക്ഷം ശ്രോതാക്കൾ
ചലച്ചിത്രഗാന പരിപാടികൾക്ക് പ്രാമുഖ്യം, ട്രെയിൻസമയം, ട്രാഫിക് മാറ്റങ്ങൾ,
ജലവിതരണ തടസങ്ങൾ തുടങ്ങിയ അറിയിപ്പുകൾ. ഓരോ മണിക്കൂറിലും
പ്രധാന വാർത്തകൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |