കോടതി ഉത്തരവ് കാറ്റിൽപ്പറത്തി വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഭിക്ഷാടനമാഫിയ പിടിമുറുക്കുന്നത് ഭക്തരെ ഭീതിയിലാഴ്ത്തുന്നു. എന്നിട്ടും അധികൃതർ മൗനം നടിക്കുകയാണ്. ഹൈക്കോടതിയുടെ ഒ.പി നമ്പർ 3821/ 90 ആൻഡ് ഡി. ബി. പി. 49/ 15 ഉത്തരവ് പ്രകാരം ക്ഷേത്രത്തിലോ ഗോപുരനടയിലോ പരിസരങ്ങളിലോ ഭിക്ഷാടനം, കച്ചവടം എന്നിവ നിരോധിച്ചിട്ടുണ്ട്. ഇതിന് വിപരീതമായി പ്രവർത്തിക്കുന്നവരെ മുന്നറിയിപ്പില്ലാതെ പ്രോസിക്യൂഷൻ നടപടി സ്വീകരികുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അറിയിപ്പ് ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ട് നാളെറെയായി. എന്നാൽ ക്ഷേത്രത്തിനകത്ത് പോലും യാചകർ തമ്പടിക്കുകയാണ്. സമീപത്തെ ഹോട്ടലുകളുടെയും ബേക്കറികളുടെയുമൊക്കെ മുന്നിൽ കൈനീട്ടി നിൽക്കുന്ന ഇവരെ ഓടിച്ചുവിടാനേ സമയമുള്ളൂവെന്ന് ഉടമകളും പറയുന്നു. ഒരു മണിക്കൂറിനുള്ളിൽ അടുത്തയാൾ അവിടെ സ്ഥാനം പിടിക്കും.
പാദരക്ഷകളും ചൂണ്ടും
പാദരക്ഷകൾ സൂക്ഷിക്കുന്നതിനുള്ള കൗണ്ടർ തുറക്കാത്തതും ഭക്തരെ ദുരിതത്തിലാക്കുകയാണ്. ഗോപുരനടയിൽ ഇടുന്ന പാദരക്ഷകൾ മോഷണം പോകുന്നത് പതിവാണ്. തെക്കേനട ഒഴിച്ച് മറ്റു മൂന്ന് നടകളിലും സൂക്ഷിപ്പ് കേന്ദ്രമുണ്ടങ്കിലും തുറക്കാറില്ല.
പണം വീതംവയ്ക്കും
യാചിച്ച് ഉണ്ടാക്കുന്ന പണം വൈകിട്ട് ഇവർ തമ്പടിച്ച് വീതിച്ചെടുക്കുകയാണ്. തല മറച്ചും മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ കാണിച്ചുകൊണ്ട് കൈയ്യും കാലുമൊക്കെ പ്ലാസ്റ്ററും മറ്റും ചുറ്റിയും ഭിക്ഷാടനത്തിന് എത്തുന്നവരുണ്ട്. സ്ത്രീകൾ ഉൾപ്പെട്ട സംഘവും ഇക്കൂട്ടത്തിലുണ്ട്. ഒരു മുഖപരിചയവുമില്ലാത്തവരാണ് യാചക വേഷത്തിൽ വരുന്നതെന്ന് വ്യാപാരികളടക്കം പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |