
തിരുവനന്തപുരം: ട്രേഡ് യൂണിയനെ പ്രീതിപ്പെടുത്താൻ സ്‌മാർട്ട് മീറ്റർ വേണ്ട. എന്നാൽ, വായ്പയും 20,000 കോടിയുടെ വൈദ്യുതി നവീകരണ പദ്ധതിയും വേണം താനും. ആകെക്കുഴഞ്ഞ സർക്കാർ കേന്ദ്രവുമായി സമവായത്തിന് പാഴ് ശ്രമം തുടങ്ങി. മൂന്ന് മാസം സാവകാശം തേടി വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയെ കൊണ്ട് കേന്ദ്രത്തിന് കത്തെഴുതിച്ചതിന് പിന്നിലെ മനസ്സിലിരുപ്പ് ഇതാണ്. പക്ഷേ സ്‌മാർട്ട് മീറ്റർ സ്വീകരിക്കുന്ന സംസ്ഥാനങ്ങൾക്കേ കേന്ദ്ര സഹായം ലഭിക്കൂ. വേണ്ടെന്ന് വച്ചത് കേരളം മാത്രവും.
സ്വകാര്യ ഏജൻസി വഴി പദ്ധതി നടപ്പാക്കുന്ന ടോട്ടക്സ് രീതി മാറ്റിയാൽ വീണ്ടും ആലോചിക്കാമെന്നും അതിന് അനുവദിക്കണമെന്നുമാണ് കത്ത്. സ്‌മാർട്ട് മീറ്ററിനായി വന്ന ടെൻഡറുകൾ വൻതുകയുടേതാണ്. അത് ഉപഭോക്താക്കൾക്ക് മാസം 100രൂപ അധിക ബാദ്ധ്യതയുണ്ടാക്കും. ഇപ്പോൾ തന്നെ സർചാർജ്ജിന്റെ അധികഭാരമുണ്ട്. കൂടുതൽ ബാദ്ധ്യത ഒഴിവാക്കാനാണ് ടോട്ടക്‌സ് മാതൃക സ്വീകരിക്കാത്തതെന്ന് കത്തിൽ വിശദീകരിക്കുന്നു.
ചെലവുകുറഞ്ഞ ബദൽ രീതി അനുവദിക്കണം. വൈദ്യുതി മേഖലയിൽ വൻ പരിഷ്ക്കാരങ്ങൾ സംസ്ഥാനം നടത്തിവരികയാണെന്നും ആണയിട്ടാണ് കേന്ദ്ര ഊർജ്ജ മന്ത്രി ആർ.കെ.സിംഗിന് കത്തെഴുതിയത്. ടോട്ടക്‌സ് മാതൃക മാറ്റി കേരളത്തിന് മാത്രമായി അനുമതി നൽകാൻ സാദ്ധ്യത വിരളമാണ്.
കഴിഞ്ഞ ഡിസംബറിൽ സ്മാർട്ട് മീറ്റർ ടെൻഡറിനുള്ള കാലാവധി കഴിഞ്ഞിരുന്നു. കേരളം അപേക്ഷിച്ചത് അനുസരിച്ച് ഈ ജൂൺ 15 വരെ നീട്ടികൊടുത്തിരുന്നു. അതും കഴിഞ്ഞതോടെയാണ് പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചത്.
വൈദ്യുതി പരിഷ്ക്കാരങ്ങൾ നടപ്പാക്കാൻ ലഭിക്കുന്ന 7500 കോടിയുടെ വായ്പ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാരിന് താങ്ങാനാകില്ല. ഓണക്കാല പ്രതിസന്ധി മറികടക്കാൻ വായ്പ പോലും ലഭിക്കാത്ത സാഹചര്യമാണ്.
ഡിസംബർ വരെ 15,390 കോടിയുടെ വായ്‌പയ്‌ക്കാണ് അനുമതി. ഇന്നലെ 2,000 കോടി കൂടി എടുക്കാൻ തീരുമാനിച്ചതോടെ ഇതിൽ 14,500 കോടിയും കഴിഞ്ഞു. ബാക്കി വെറും 890കോടിയാണ്. തൽക്കാല ആശ്വാസമായി 15,000 കോടിയുടെ സഹായമോ, അഡ്ഹോക് അനുമതിയായി മൊത്ത വരുമാനത്തിന്റെ ഒരുശതമാനം അധിക വായ്പയോ അനുവദിക്കണമെന്ന് കേരളം അപേക്ഷിച്ചെങ്കിലും കേന്ദ്രം പ്രതികരിച്ചിട്ടില്ല. അടുത്ത മന്ത്രിസഭായോഗത്തിൽ ഒാണക്കാലത്തെ സാമ്പത്തിക പ്രതിസന്ധിയിൽ തീരുമാനമെടുത്തേക്കും.
സ്‌മാർട്ട് മീറ്റർ ഉപേക്ഷിച്ചാൽ നഷ്ടമാകുന്നത്
വൈദ്യുതി നവീകരണത്തിനുള്ള 20,000കോടി
രണ്ട് ഘട്ടങ്ങളായി 10,475.03 കോടിയും 10,896 കോടിയും.
ഓരോ വർഷവും 7500 കോടിയുടെ അധികവായ്പ.
മൂന്ന് ലക്ഷം കോടിയുടെ പദ്ധതി
രാജ്യമാകെ 3,05,894കോടിയുടെ വൈദ്യുതി നവീകരണമാണ് ആർ.ഡി.എസ്.എസ്.എന്ന റീവാമ്പ്ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്‌കീമിൽ നടക്കുന്നത്. ഇതിൽ 1.50ലക്ഷം കോടിയും 25 കോടി സ്‌മാർട്ട് മീറ്റർ സ്ഥാപിക്കാനാണ്. സ്‌മാർട്ട് മീറ്റർ നിരാകരിച്ച് വൈദ്യുതി നവീകരണം നടപ്പാക്കാനാകില്ല. ഉപേക്ഷിച്ചാൽ മൊത്തം പദ്ധതിയും നഷ്ടമാകും. ലോക നിലവാരത്തിലുള്ള വൈദ്യുതി വിതരണ സംവിധാനമാണ് ലക്ഷ്യം. കേരളം മുഖം തിരിച്ചാൽ നഷ്ടം ഉപഭോക്താക്കൾക്കാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |