ഇന്ത്യന്‍ ഭരണഘടനാശില്പികളില്‍ പ്രധാനികളായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവും ബി.ആര്‍. അംബേദ്കറും രാജ്യത്ത് ഏകവ്യക്തി നിയമം വേണം എന്ന അഭിപ്രായമുള്ളവരായിരുന്നു. ഇന്ത്യ കോളനിവാഴ്ചയില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ അവസ്ഥയില്‍ ആചാരങ്ങളിലും മറ്റും സമൂലമായൊരു മാറ്റം അടിച്ചേല്‍പ്പിക്കുന്നതിന് പകരം ഏകവ്യക്തി നിയമത്തെ അവര്‍ ഭരണഘടനയുടെ മാര്‍ഗനിര്‍ദ്ദേശതത്വങ്ങളില്‍ (44-ാം അനുച്ഛേദം) ഉള്‍പ്പെടുത്തി. രാഷ്ട്രം വിഭാവന ചെയ്യുന്ന സമത്വവും തുല്യനീതിയും ഉറപ്പാക്കാന്‍ കുടുംബ നിയമങ്ങള്‍ക്ക് ഏകീകരണം വേണം എന്നതായിരുന്നു ഭരണഘടനാശില്പികളുടെ സങ്കല്പം. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടി എഴുപത്തഞ്ചുകൊല്ലം കഴിഞ്ഞിട്ടും ഒരു സര്‍ക്കാരും ഒരു പാര്‍ട്ടിയും ഏകവ്യക്തിനിയമത്തിനുവേണ്ടി ഒരു കരടുബില്ലുപോലും ഇതുവരെ തയ്യാറാക്കാന്‍ മുതിര്‍ന്നിട്ടില്ല.
ഭരണഘടനപ്രകാരം രാജ്യത്തെ നിയമവ്യവസ്ഥയ്ക്ക് രണ്ട് വകഭേദങ്ങളാണുള്ളത്. കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ നിര്‍ണയിക്കുന്ന സംഹിത (ക്രിമിനല്‍ കോഡ്), വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കുന്ന സംഹിത (സിവില്‍കോഡ്) എന്നിങ്ങനെയാണ് രണ്ടു വക തിരിവുകളുള്ളത്. 1860ല്‍ ബ്രിട്ടീഷുകാരാണ് പൊതുക്രിമിനല്‍ നിയമം കൊണ്ടുവന്നത്. ശിക്ഷാനിയമത്തിന്റെ മുമ്പില്‍ ജാതി- മത - ലിംഗഭേദമില്ലാതെ എല്ലാവരും തുല്യരാണെന്ന് സ്ഥാപിക്കുംവിധമായിരുന്നു ബ്രിട്ടീഷുകാര്‍ ഈ നിയമം നടപ്പിലാക്കിയത്.
എന്നാല്‍ അക്കാലത്ത് വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്ത് അവകാശം മുതലായ കുടുംബകാര്യങ്ങളില്‍ ജാതി-മത ആചാരങ്ങള്‍ പിന്തുടരാന്‍ അനുവദിച്ചിരുന്നു. കാലം പോകവേ ജാതി- മതാനുഷ്ഠാനങ്ങളില്‍ പലതും ഒരു പരിഷ്‌കൃത സമൂഹത്തിന് അഭിലഷണീയമല്ലെന്ന് കണ്ടതിനെ തുടര്‍ന്ന് പരിഷ്‌കര്‍ത്താക്കളുടെയും ഭരണാധികാരികളുടെയും നിരന്തരമായ ഇടപെടലിനെ തുടര്‍ന്ന് പല അനാചാരങ്ങളും നിയമം മൂലം തന്നെ നിരോധിക്കപ്പെട്ടു. അയിത്താചാരം ഇതിനൊരു ഉദാഹരണമാണ്. അയിത്തം ആചരിക്കുകയോ പ്രകടിപ്പിക്കുകയോ ചെയ്യുന്നത് ഇന്ന് ക്രിമിനല്‍ കുറ്റമാണല്ലോ. അപ്പോഴും സിവില്‍ നിയമങ്ങളിലെ പലതും ലിംഗവിവേചനത്തിനും അസമത്വത്തിനും വഴിവച്ചുകൊണ്ട് തുടരുകയാണ്.
ക്രിസ്ത്യന്‍ പാരമ്പര്യത്തില്‍ വിവാഹിതയായ പെണ്‍കുട്ടിക്ക് പിതാവിന്റെ കാലശേഷം ലഭിക്കേണ്ട അനന്തരാവകാശത്തില്‍ ആണ്‍കുട്ടികളുടേതുപോലെ തുല്യാവകാശമല്ല ലഭിക്കുന്നത്. മുസ്ലിം പാരമ്പര്യത്തിലും മകന് കിട്ടുന്നതിന്റെ പകുതി മാത്രമാണ് മകള്‍ക്ക് കിട്ടുന്നത്. ഹിന്ദു കൂട്ടുകുടുംബങ്ങളിലും ഗോത്രവര്‍ഗങ്ങള്‍ക്കിടയിലും ഇത്തരം ചില വിവേചനങ്ങൾ നിലനില്‍ക്കുന്നുണ്ട്. ആണ്‍ പെണ്‍ഭേദമില്ലാതെ, ഭേദചിന്തകളില്ലാതെ വ്യക്തികളെ ഒരുപോലെ പരിഗണിക്കുന്ന സിവില്‍ നിയമമാണ് ഒരു പരിഷ്‌കൃതസമൂഹത്തിന് വേണ്ടത്.
ലോകം ഇന്ന് അതിവേഗം മാറുകയും സാങ്കേതികവിദ്യകളുടെ അതിപ്രസരം മൂലം ചുരുങ്ങുകയും ചെയ്യുകയാണ്. അനുദിനം വളരുന്ന സാങ്കേതികത്വത്തിന്റെ വിശാലലോകത്തിലേക്കാണ് പുതിയ തലമുറ കടന്നെത്തുന്നത്. അവരെ കാലഹരണപ്പെട്ട മതശാസനകളുടെയും മതഗ്രന്ഥങ്ങളുടെയും പേരില്‍ തല്പരകക്ഷികള്‍ അന്ധകാരത്തില്‍ തളച്ചിടാന്‍ ശ്രമിക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവുന്നതല്ല.
മതാടിസ്ഥാനത്തില്‍ ഇപ്പോള്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന വിവാഹം, വിവാഹമോചനം, ദത്തെടുക്കല്‍, അനന്തരാവകാശം, പിന്തുടര്‍ച്ചാവകാശം എന്നിവയുള്‍പ്പെടെയുള്ള വ്യക്തിനിയമങ്ങള്‍ മതത്തിന് അതീതമാക്കി പൗരസമത്വം പുലര്‍ത്തുവാനാണ് ഏകീകൃത നിമയങ്ങള്‍ നടപ്പിലാക്കേണ്ടത്.
വരുംകാലങ്ങളില്‍ രാജ്യപുരോഗതിക്ക് ഏകനിയമം അനിവാര്യമാകുമെന്ന് അറിയാവുന്നതിനാലാണ് ഭരണഘടനാശില്പികള്‍ 44-ാം അനുച്ഛേദത്തില്‍ നിര്‍ദ്ദേശകതത്വങ്ങളിലൊന്നായി രാജ്യത്തെ ജനങ്ങള്‍ക്ക് സിവില്‍കോഡ് ഉറപ്പാക്കാന്‍ ഭരണകൂടം ശ്രമിക്കണമെന്ന് പറഞ്ഞുവച്ചത്. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷങ്ങളിലേറെ കടന്നിട്ടും അതിപ്പോഴും യാഥാര്‍ത്ഥ്യമായില്ല. രാജ്യം ഭരിച്ചവര്‍ ബോധപൂര്‍വ്വം ഈ ഭരണഘടനാനിര്‍ദ്ദേശകത്വത്തെ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.
രാജ്യത്ത് മതാചാരപ്രകാരമുള്ള കുടുംബകാര്യങ്ങളിലെ വിവേചനങ്ങള്‍ നിയമകോടതികള്‍ക്ക് മുന്നില്‍ വരികയും കോടതികള്‍ നിയമപരമായി തന്നെ ആ കേസുകള്‍ പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. ഭര്‍ത്താവ് ഭാര്യയ്ക്ക് ജീവനാംശം നല്‍കണമെന്ന സുപ്രിം കോടതി വിധിക്ക് ആധാരമായ ഷബാനകേസും 2017ലെ മുത്തലാഖ് കേസും എടുത്തുപറയേണ്ട സംഭവങ്ങളാണ്.
അതുപോലെ മലയാളിയായ മേരി റോയി കാല്‍നൂറ്റാണ്ടുകാലം നിയമയുദ്ധം നടത്തി വിജയിച്ച (1986) തുല്യാവകാശവിധി ക്രിസ്ത്യന്‍ സമൂഹത്തില്‍ വിപ്ലവകരമായ മാറ്റത്തിനാണ് വഴിവച്ചത്. ഷബാനകേസിലെ സുപ്രിം കോടതിയുടെ അനുകൂലവിധിയെ രാജീവ്ഗാന്ധി സർക്കാർ മറികടക്കാന്‍ ശ്രമിച്ചതിന്റെ തിക്തഫലങ്ങള്‍ രാജ്യം ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നു.
നിയമങ്ങള്‍ കാലാനുസൃതമായി പരിഷ്‌ക്കരിക്കപ്പെടേണ്ടവയാണ്. മനുഷ്യന്റെ അന്തസിന് നിരക്കാത്ത മത, ജാതി, ലിംഗ വിവേചനപരമായ നിയമങ്ങള്‍ ഒരു പരിഷ്‌കൃതസമൂഹത്തിനും അനുയോജ്യമല്ല. ഭരണഘടനയും നിയമവാഴ്ചയുമാണ് ഒരു ആധുനിക സമൂഹത്തെ വഴി നടത്തേണ്ടത്. ഏകീകൃത സിവില്‍നിയമം നിലവില്‍ വരുന്നത് രാജ്യത്തെ കോടതികള്‍ക്ക് അനാവശ്യമായി ഉണ്ടാകുന്ന അമിതജോലിഭാരത്തെ കുറയ്ക്കും. നീതിന്യായ സംവിധാനങ്ങള്‍ കൂടുതല്‍ യുക്തിപൂര്‍വ്വവും കാര്യക്ഷമതയുള്ളതുമായി മാറും. വ്യവഹാരങ്ങള്‍ ഒന്നുകൂടി ലളിതമാകും. നീതിക്കുവേണ്ടി അനാവശ്യമായുള്ള കാത്തിരിപ്പ് ഒഴിവാകും. രാജ്യം കൂടുതല്‍ ആധുനികവും പരിഷ്‌കൃതവും പുരോഗമനപരവുമാകും. രാജ്യം ഇപ്പോൾ തന്നെ ജി ഡി പി, ഡിജിറ്റൽ മേഖല, ബഹിരാകാശ മേഖല, സാമ്പത്തിക രംഗം തുടങ്ങിയവയിൽ വികസിത രാഷ്ട്രങ്ങൾക്ക് ഒപ്പമോ, അപ്പുറമോ വളരുകയാണ്. ലോകത്തെ സൂപ്പർ പവറുകളിൽ ഒന്നാകാനുള്ള പടവുകൾ കയറുന്ന ഭാരതത്തെ പിന്നോട്ടടിപ്പിക്കുന്ന മാമൂലുകളെ ഇല്ലാതാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
* ( ഫൊക്കാന മുൻ പ്രസിഡന്റും നാമം (യു.എസ്.എ) ചെയർമാനുമാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |