കൊന്നപ്പൂക്കളെക്കുറിച്ചുള്ള ഒരു കവിത ഡോക്ടർ അയ്യപ്പപ്പണിക്കർ തുടങ്ങുന്നത് 'പൂക്കാതിരിക്കാൻ എനിക്കാവതില്ലേ" എന്ന വരിയോടെയാണ്. കണിക്കൊന്നയ്ക്ക് പൂക്കാതിരി ക്കാൻ കഴിയാത്തതു പോലെയാണ് ബി .ഡി ദത്തൻ എന്ന കലാകാരന് വരയ്ക്കാതിരിക്കാൻ കഴിയാത്തതും. രേഖാചിത്രങ്ങൾ അടങ്ങിയ ഈ പ്രദർശനത്തിലെ ഏറെക്കുറെ എല്ലാ ചിത്രങ്ങളും മഹാമാരിയുടെ സമയത്തും തുടർന്നും വരച്ചവയാണ്. അത്തരമൊരു മഹാശേഖരത്തിൽ നിന്ന് കലാകാരന്മാർക്ക് എപ്പോൾ വേണമെങ്കിലും സർഗാത്മക സ്രോതസുകൾ കണ്ടെത്താം. അതിനു ബോധപൂർവമായ ശ്രമങ്ങൾ വേണമെന്നില്ല. വരയ്ക്കാനിരിക്കുമ്പോൾ കലാകാരൻ അനുഭവിക്കുന്ന ഏകാന്തത എന്നത് ഒരു ബിന്ദുവാണ്. നടക്കാനിറങ്ങിയ ഒരു ബിന്ദു ഒരു രേഖയായി മാറുന്നു എന്ന് 'പോൾ ക്ളീ" പറഞ്ഞത് നടപ്പിന് തൊട്ടുമുൻപുള്ള ചൂളം കുത്തുന്ന ഏകാന്തതയെക്കുറിച്ചാണ്. ദത്തൻ മാഷ് വരയ്ക്കാനിരിക്കുമ്പോൾ അബോധാനുഭവങ്ങളുടെ മഹാശേഖരം തുറക്കപ്പെടുന്നു. ഏകാന്തതയിൽ നിന്ന് നിഴലുകൾ നീണ്ടെത്തുന്നത് പോലെ അവ ചിത്രതലത്തിൽ പടരുന്നു. ഏകാന്തത ഇല്ലാതാവുകയും അവിടേക്ക് ചരിത്രാനുഭവവും മിത്തും നാടോടിപാരമ്പര്യങ്ങളും അടങ്ങുന്ന ഓർമകളുടെ സഞ്ചയവും കടന്നുവരുന്നു. നടക്കാനിറങ്ങുന്ന ബിന്ദു, 'ഒ.വി.വിജയൻ" പറഞ്ഞതുപോലെ മറ്റനേകം ബിന്ദുക്കളെ സ്ഥലകാലരാശികളിൽ കണ്ടെത്തിയെന്നത് പോലെ വളവുകളും തിരിവുകളും കടന്നു രൂപങ്ങളായി മാറുന്നു.
ടാഗോർ കവിതകളുടെ ചിത്രീകരണം അന്വേഷിക്കുന്നവർക്ക് ഒരുപക്ഷേ അവ കാണാൻ കഴിയില്ല, എന്നാൽ ടാഗോർ കവിതകളിലെ ഭാവം അറിയാവുന്നവർക്ക് ദത്തൻ മാഷിന്റെ വരകളിലെ ഭാവതാരള്യവും സൗകുമാര്യവും കാണാതിരിക്കാൻ ആവില്ല. ഈ പ്രദർശനത്തിൽ ഉള്ള ഓരോ ചിത്രവും മൂന്ന് ഭൗതിക ഇടങ്ങളിൽ നിന്ന് വീക്ഷിക്കപ്പെടേണ്ടവ യാണ്. ഒന്നാമതായി, അവ പ്രവേശനവേളയിൽ കാണപ്പെടുന്ന വിദൂരദൃശ്യത്തിന്റെ പ്രചുരിമയായി കാണണം. രണ്ടാമതായി, അവയിലേക്ക് ഒരു മധ്യദൂരം സ്ഥാപിച്ച ശേഷം അവിടെ നിന്ന് കാണാം. മൂന്നാമതായി, സൂക്ഷ്മദൃശ്യാനുഭവത്തിനെന്നോണം അടുത്തുചെന്ന് കാണണം. ആദ്യത്തേതിൽ ചിത്രങ്ങളുടെ ഒഴുക്കിനെയും അവയുടെ പൊതുസൗന്ദര്യത്തെയും മനസിലാക്കാൻ കഴിയും. രണ്ടാമത്തെ മധ്യദൂരത്തിൽ നിന്നുകൊണ്ട് അവയിലെ രൂപങ്ങളെ തിരിച്ചറിയാൻ സാധിക്കും. മൂന്നാമത്തെ സമീപസ്ഥദൃശ്യത്തിൽ നിന്ന് ദത്തൻ മാഷ് അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ ഏതെല്ലാം പരിചിതവും അപരിചിതവും ആയ ദൃശ്യബിംബ സമുച്ചയങ്ങൾ അവതരിപ്പിക്കുന്നു എന്ന് കാണാം. ഓരോ കാഴ്ചയും വ്യത്യസ്തമായ ദൃശ്യാനുഭവങ്ങളാണ് പ്രദാനം ചെയ്യുന്നത്. ദൂരെനിന്ന്, വരകളുടെ വലക്കണ്ണികളായി തോന്നുന്ന ചിത്രങ്ങൾ മധ്യദൂര ത്തിലെത്തുമ്പോഴേക്കും രൂപങ്ങളായും അടുത്തെത്തുമ്പോൾ നരേറ്റീവുകളായും രൂപപ്പെടുന്ന ഭാവനയുടെ ഒരു ലീല ഇത്തരം കാഴ്ചയിലൂടെ അനുഭവവേദ്യമാകും. ഈ ചിത്രങ്ങളിലൂടെ ദത്തൻ മാഷ് വരച്ചിടാൻ ശ്രമിക്കുന്നത് എന്തായാലും ഒരു കഥയല്ല എന്ന് ഉറപ്പിച്ചു പറയാമെങ്കിലും ഒരു പുരാവൃത്തപശ്ചാത്തലത്തിലൂടെ കാണികൾക്ക് ഈ ചിത്രങ്ങൾ കാണാൻ കഴിയുകയും അങ്ങനെ കാണുന്നതോടെ അവയിൽ അടങ്ങിയിരിക്കുന്ന കഥകളെ പേർത്തെടുക്കാൻ കഴിയുകയും ചെയ്യും. സൂക്ഷ്മമായി നോക്കിയാൽ നാടോടി ദൃശ്യപാരമ്പര്യങ്ങളുടെ സമൃദ്ധിയെ ദത്തൻ മാഷ് തന്റെ ചിത്രങ്ങളിലേക്ക് സന്നിവേശിപ്പിച്ചിരിക്കുന്നത് കാണാം.
എല്ലാ മനുഷ്യരിലും കെടാതെ കിടക്കുന്ന ദേശത്തിന്റെ ഓർമകൾ എന്ന നിലയിൽ ക്കൂടിയാണ് ദത്തൻ മാഷിന്റെ ചിത്രങ്ങളിൽ കാണപ്പെടുന്നത്. ഈ ചിത്രങ്ങളിൽ ഒരു ശൈവാനുഭൂതിയുണ്ട്. ശൈവം ശിവബന്ധം എന്ന അർത്ഥത്തിലും ത്യാഗം, സഹനം, അടക്കം എന്നീ അർത്ഥങ്ങളിലും കാണപ്പെടുന്നു. എല്ലാ വിധത്തിലുമുള്ള ബന്ധപാശങ്ങളെയും ഭേദിച്ചൊരു ദൈവസങ്കല്പമാണ് ശിവം. അതിനു നാടോടി പാരമ്പര്യങ്ങളിൽ വലിയ പ്രാധാന്യമാണുള്ളത്. ദേശത്തിന്റെ ഓരോ കോണിലും ചെന്നെത്തുന്ന ത്യാഗബോധത്തിന്റെയും നീരസത്തിന്റെയും നിർമ്മമതയുടെയും അഹന്താഹത്യയുടെയും ഒക്കെ പുരാവൃത്തമാണ് ശൈവപുരാവൃത്തങ്ങൾ. ദത്തൻ മാഷുടെ ചിത്രങ്ങളിൽ ത്യാഗമൂർത്തിയും തന്നിലെ അഹന്തയെ സ്വയം കീഴടക്കിയവനുമായ ഒരു ശിവനെ കാണാൻ കഴിയും. ഒപ്പം ചണ്ഡികയുടെയും ദുർഗയുടെയും കാൽക്കീഴിൽ വീണുകിടക്കുന്ന ശിവനായും ആ രൂപങ്ങളെ കാണാൻ കഴിയും. ഇതിനെ ഊട്ടിയുറപ്പിക്കുന്നതാണ് ദത്തൻ മാഷുടെ ചിത്രങ്ങളിൽ ആവർത്തിച്ചു വരുന്ന പുലിയുടെയും കടുവയുടെയും രൂപങ്ങൾ. ദത്തൻ മാഷുടെ വരകളെല്ലാം സ്വതന്ത്രമായ ചിത്രങ്ങൾ എന്ന നിലയിൽത്തന്നെയാണ് സമീപിക്കേണ്ടത്. കാരണം അവ പെയിന്റിംഗുകൾക്ക് മുൻപേയുള്ള ഒരു സംക്രമണ ഇടം അല്ല. വരയ്ക്കാതിരിക്കാൻ എനിക്കാവതില്ലേ എന്ന പ്രചോദനത്തിലാണ് അവയുടെ തുടക്കം, തുടർച്ചയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |