നായകനായി റഹ്മാൻ വീണ്ടും മലയാളത്തിൽ.നാലു പതിറ്റാണ്ടുമായി വെള്ളിത്തിരയിലെ യാത്ര തുടരുമ്പോഴാണ് ഇത്തവണ സമാറ എന്ന ചിത്രത്തിൽ നായക കുപ്പായം. ഒപ്പം ബോളിവുഡ് അരങ്ങേറ്രം.അതോടൊപ്പം ആദ്യമായി 1000 ബേബീസ് എന്ന വെബ് സീരിസിന്റെ ഭാഗമാകുകയും ചെയ്തു.കൂടെവിടെ സിനിമയിലൂടെ പി. പദ്മരാജൻ മലയാള സിനിമയ്ക്ക് നൽകിയ താരം നിറഞ്ഞ ആഹ്ളാദത്തിൽ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
40വർഷത്തെ യാത്രയിൽ എന്താണ് ഏറ്റവും വലിയ നേട്ടം ?
പിന്നിട്ട 40 വർഷം തന്നെയാണ് എന്റെ നേട്ടം. ഇത്രയും വർഷങ്ങൾ ഒരുപാട് ഇഷ്ടത്തോടെ പ്രേക്ഷകർ എന്നെ സഹിക്കുന്നുണ്ടല്ലോ, ഇരുപതുവർഷത്തിൽ കൂടുതൽ ഒരു അഭിനേതാവ് സിനിമയിൽ ഉണ്ടെങ്കിൽ അത് വലിയ കാര്യം ആണെന്ന് പറയേണ്ടി വരും. ഒരേ കാര്യം ഒരു പരിധിയിൽ കൂടുതൽ തവണ കണ്ടാൽ ആളുകൾക്ക് മടുക്കും. പിന്നെ അവരുടെ ശ്രദ്ധ വേറെ കാര്യങ്ങളിലേക്ക് പോകും. പക്ഷേ ചിലർക്ക് മറ്റൊരു ഭാഗ്യം കിട്ടും. മമ്മൂക്കയെയും ലാലേട്ടനേയും പോലെയുള്ളവരെ എത്ര കണ്ടാലും പ്രേക്ഷകർക്ക് മടുക്കില്ല. തീർച്ചയായും അവരും അതിനുവേണ്ടി നല്ല കഠിനാദ്ധ്വാനം ചെയ്യുന്നുണ്ട്. ഇത്രയും വർഷത്തിനിടയ്ക്ക് ഇതിഹാസതുല്യരായ നടീനടന്മാർക്കൊപ്പം ജോലി ചെയ്യാൻ എനിക്ക് കഴിഞ്ഞു. മലയാളത്തിൽ മാത്രമല്ല, മിക്ക ഭാഷകളിലും അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു. ഇപ്പോൾ ഹിന്ദിയിൽ അഭിനയിക്കുന്നു. സ്വപ്നത്തിൽ പോലും കരുതിയില്ല ,ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന അമിതാഭ് ബച്ചനൊപ്പം അഭിനയിക്കാൻ കഴിയുമെന്ന്. അച്ഛനായി ബച്ചൻ സാർ. ഇതൊക്കെ വലിയ നേട്ടം തന്നെയാണ്.
കൂടെവിടെയിലെ രവി പുത്തൂരാനും സമാറയിലെ നായകനും എങ്ങനെയാണ് സിനിമയെ സമീപിച്ചത്?
ഇന്ന് ഞാൻ കുറച്ചുകൂടെ പ്രൊഫഷണലാണ്. 40 വർഷത്തെ അനുഭവസമ്പത്ത് എനിക്കൊപ്പമുണ്ട്. അതിന്റേതായ മാറ്റമുണ്ട്. കൂടെവിടെ ചെയ്യുന്ന സമയത്ത് സിനിമയെ കുറിച്ചൊന്നും അറിയില്ലായിരുന്നു. ഇപ്പോൾ ഒരുപാട് പക്വത നേടി. കുറെ നല്ല സിനിമകൾ ചെയ്തു. അതിനനുസരിച്ച അംഗീകാരം പ്രേക്ഷകരിൽ നിന്ന് ലഭിക്കുകയും ചെയ്തു. അക്കാലത്തെ സിനിമയും ഇപ്പോൾ ഉള്ളതും തമ്മിൽ വ്യത്യാസമുണ്ട്. പക്ഷേ അതൊന്നുമൊരു പ്രശ്നമായി തോന്നിയില്ല. കാരണം എന്റെ തൊഴിലായത് കൊണ്ട് കാലത്തിനനുസരിച്ച് നമ്മളെ തന്നെ അപ്ഡേറ്റ് ചെയ്യണം. ഇപ്പോൾ എ.ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) യുടെ കാലമാണ്. എല്ലാ നല്ലതിനെയും നമ്മൾ സ്വീകരിക്കാൻ തയ്യാറാകണം. ഞാൻ ഒരു സിനിമാഭ്രാന്തനാണ്. ലോകത്തുള്ള എല്ലാ സിനിമയും കാണും. അതിൽ അഭിനയം മാത്രം അല്ല, അവർ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകളെക്കുറിച്ചും പഠിക്കാറുണ്ട്.
മലയാളത്തിൽ ഇടവേള വന്നു ?
ഞാനിപ്പോൾ മലയാളം സിനിമകൾ മാത്രമല്ലല്ലോ ചെയ്യുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചെയ്യുന്നുണ്ട്. മാത്രമല്ല, മലയാളത്തിൽ കേട്ട കഥകളൊന്നും തൃപ്തി നൽകിയില്ല.അപ്പോഴാണ് സമാറ വരുന്നത്. ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷമാണ്. ഒരു കേസ് അന്വേഷിച്ച്, അത് കണ്ടെത്തുന്നതാണ് പ്രമേയം. ആഗസ്റ്റ് 11ന് റിലീസ് ചെയ്യും.
സിനിമയിലെ മറ്റു മേഖലകളിൽ ഒന്നും കണ്ടില്ല?
വർഷങ്ങളായുള്ള ആഗ്രഹമാണ് സംവിധായകനാവുക എന്നത്. ഒരിക്കൽ നടക്കേണ്ടതായിരുന്നു. എന്നാൽ അഭിനയത്തിന്റെ തിരക്ക് കൂടിയപ്പോൾ മാറ്റിവയ്ക്കേണ്ടി വന്നു. പല ഭാഷയിൽ അഭിനയിക്കുമ്പോൾ മിക്കപ്പോഴും അങ്ങോട്ടുമിങ്ങോട്ടും ഓട്ടമായിരിക്കും. ഇപ്പോഴും ആഗ്രഹം ഉണ്ട്. എനിക്ക് നല്ല ആത്മവിശ്വാസവുമുണ്ട്. അതിനുവേണ്ടി സമയം കണ്ടെത്താൻ സാധിക്കുന്നില്ല എന്നുമാത്രം. മറ്റു നടൻമാർ അഭിനയവും സംവിധാനവും ഒന്നിച്ചു കൊണ്ടുപോകുന്നുണ്ട്. എന്റെ സ്വഭാവം അനുസരിച്ച് ഒരു കാര്യം ചെയ്ത് തുടങ്ങിയാൽ മുഴുവൻ ശ്രദ്ധയും അങ്ങോട്ടായിരിക്കണം. കുറച്ച് നേരം അഭിനയിക്കുക, കുറച്ച് നേരം സംവിധാനം ചെയ്യുക എന്നത് ഇഷ്ടമുള്ള കാര്യമല്ല.
ബോളിവുഡിൽ എത്താൻ വൈകിയോ ?
എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട്. 1984 മുതൽ അവസരം വന്നിരുന്നു. പക്ഷേ അതൊന്നും നടന്നില്ല. 1989ൽ ആദ്യ തമിഴ് ചിത്രം നിലവേ മലരെ ഹിന്ദിയിൽ ചെയ്യാൻ അവസരം ലഭിച്ചു. അപ്പോഴാണ് കെ. ബാലചന്ദർ സാർ പുതു പുതു അർത്ഥങ്കളിലേക്ക് വിളിക്കുന്നത്. കമൽഹാസനെ വരെ കൊണ്ടുവന്ന ഇതിഹാസ തുല്യനായ സംവിധായകൻ. അങ്ങനെ ഒരാൾ വിളിച്ചപ്പോൾ പിന്നെ ഒന്നും നോക്കിയില്ല. പുതു പുതു അർത്ഥങ്കൾ എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായി മാറി. 'കൂടെവിടെ"മുതൽ പുതു പുതു അർത്ഥങ്കൾ ചെയ്യുന്നതുവരെ കോളേജ് കുമാരൻ പോലെയുള്ള കഥാപാത്രങ്ങളാണ് ലഭിച്ചത്. തമിഴിൽ അഞ്ചാറ് ഹിറ്റ് സിനിമകൾ ചെയ്തെങ്കിലും പുതു പുതു അർത്ഥങ്കൾക്കുശേഷം ഗ്രാഫ് തന്നെ മാറി.
ഇപ്പോഴും ഇത്ര സുന്ദരനായി ഇരിക്കാൻ എങ്ങനെ സാധിക്കുന്നു?
മനസ് നന്നായാൽ അത് പുറത്ത് കാണും. എന്റെ ജീവിതശൈലി കൊണ്ടുമാകാം. ഭക്ഷണം കഴിക്കുന്നതിനും നിയന്ത്രണമുണ്ട്. പിന്നെ, ദുഃശീലം ഒന്നുമില്ല. ഈ രൂപം അച്ഛനിൽനിന്നും അമ്മയിൽനിന്നും കിട്ടിയതാണ്. എന്നാൽ എനിക്ക് എന്റെ മുഖം കാണുമ്പോൾ വയസായി വരുന്നതായി തോന്നും. മമ്മൂക്കയെയും മോഹൻലാലിനേയും ഒക്കെ കാണുമ്പോൾ അസൂയ തോന്നാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |