കൽപ്പറ്റ: വയനാട് ജില്ലയിൽ നിന്നും ഗോത്ര വിഭാഗത്തിലുള്ള 19 കുട്ടികൾ കേരളത്തിലെ വിവിധ ലാ കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കേരള ലാ എൻട്രൻസ് ടെസ്റ്റ് എഴുതുന്നു. പഞ്ചവത്സര എൽ.എൽ.ബി ഇന്റഗ്രേറ്റഡ് കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷയാണ് നടക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി കേരള- കേന്ദ്ര സർവ്വകലാശാലയുടെ തിരുവല്ലയിലുള്ള നിയമപഠന വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നടക്കുന്നുണ്ട്.
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നിയമഗോത്രം പരിപാടിയുടെ ഭാഗമായി പട്ടികവർഗ വികസന വകുപ്പിന്റെ സഹകരണത്തോടെ കണിയമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ നടക്കുന്ന പരിശീലന പരിപാടിക്കാണ് കേന്ദ്ര സർവകലാശാല നേതൃത്വം നൽകുന്നത്.
സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡീൻ പ്രൊഫ. (ഡോ) ജയശങ്കർ. കെ.ഐ, നിയമവിഭാഗം മേധാവി ഡോ. ഗിരികുമാർ.ജെ, അഡ്വ. രേഷ്മ, അദ്ധ്യാപകർ, ബിരുദാനന്ദര ബിരുദ, ഗവേഷക വിദ്യാർഥികൾ എന്നിവരാണ് പരിശീലനം നൽകുന്നത്.
കൂടാതെ കാസർഗോഡ്, പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ ഗോത്ര വിഭാഗം കുട്ടികൾക്കും കേന്ദ്ര സർവകലാശാല പരിശീലനം നൽകുന്നുണ്ട്. മാനന്തവാടി, കണ്ണൂർ എന്നീ സെന്ററുകളിൽ പരീക്ഷയെഴുതുന്ന കുട്ടികളുടെ എല്ലാ തയ്യാറെടുപ്പും പൂർത്തിയായതായി. പ്രൊഫ. ജയശങ്കർ അറിയിച്ചു. കണിയാമ്പറ്റ, നൂൽപ്പുഴ, നല്ലൂർനാട് തുടങ്ങിയ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെ പരിശീലനം നേടിയ 19 കുട്ടികളാണ് ആഗസ്റ്റ് ആറിന് കേരളമോട്ടാകെ നടക്കുന്ന എൻട്രൻസ് പരീക്ഷ വയനാട് ജില്ലയിൽനിന്നും എഴുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |