മിനെസോട്ട: ഏതൊരു മനുഷ്യനും ഇക്കാലത്ത് ഉണ്ടാകുന്ന ഒരു രോഗമാണ് അസിഡിറ്റി. ഗാസ്‌ട്രോ ഇന്റസ്‌റ്റൈനൽ റിഫ്ളക്‌സ് ഡിസീസ് എന്നറിയപ്പെടുന്ന ഈ രോഗാവസ്ഥ നമ്മുടെ വയറ്റിനുള്ളിലെ ആഹാരം ദഹിപ്പിക്കാൻ സഹായകമായ ദഹനരസം അന്നനാളത്തിലേക്ക് കടക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടാണ്. ഇതിന് പരിഹാരമായി നിരവധി മരുന്നുകൾ നാമെപ്പോഴും കാണാറുമുണ്ട്. ഇടയ്‌ക്കിടെ ഇത് കഴിച്ചാൽ ആശ്വാസവും ലഭിക്കുന്നുണ്ട്. എന്നാൽ ഈ രോഗാവസ്ഥ സ്ഥിരമായി നിൽക്കുകയും ഇതിന് മരുന്ന് പതിവായി കഴിക്കുകയും ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
'ന്യൂറോളജി' എന്ന മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ തെളിഞ്ഞ ചില കാര്യങ്ങൾ പറയുന്നു. പ്രോട്ടോൺ പമ്പ് ഇൻഹിബിറ്റേഴ്‌സ് വിഭാഗത്തിൽപെട്ട മരുന്നുകൾ നാല് വർഷത്തിലേറെയായി കഴിക്കുന്നവരിൽ ഡിമെൻഷ്യ രോഗസാദ്ധ്യത 33 ശതമാനം കൂടുതലാണെന്നാണ് ലേഖനത്തിൽ പറയുന്നത്.
പിപിഐ മരുന്നുകളിൽ പലതിലും ഒമേപ്രോസോൾ, എസോമെപ്രാസോൾ, ലാൻസോപ്രോസോൾ എന്നിവ അടങ്ങിയിട്ടുണ്ട്. എന്നാൽ വിപണിയിൽ ഇത്തരം രോഗങ്ങൾക്ക് ലഭ്യമായ ജനപ്രിയ മരുന്നുകളിൽ ഇവയുടെ അംശമൊന്നും കണ്ടെത്തിയില്ല. പ്രോട്ടോൺ പമ്പ് ഇൻഹിബിറ്ററുകൾ ആമാശയത്തിലെ എൻസൈമുകളെ ലക്ഷ്യം വയ്‌ക്കുന്നവയാണ്.അതുവഴി ആമാശയത്തിലെ അസിഡിക്ക് പ്രശ്‌നം ഇവ ഇല്ലാതാക്കും.
'ആസിഡ് റിഫ്ളക്‌സുകൾ നിയന്ത്രിക്കാൻ പ്രോട്ടോൺ പമ്പ് ഇൻഹിബിറ്റുകൾ ഗുണകരമാണ്. എന്നാൽ ദീർഘകാലമായുള്ള ഉപയോഗം പക്ഷാഘാതം, അസ്ഥികളിൽ ഒടിവ്, ഗുരുതര വൃക്കരോഗങ്ങൾ എന്നിവയുണ്ടാക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.' മിനസോട്ട സ്‌കൂൾ ഓഫ് പബ്ളിക് ഹെൽത്തിലെ കാമാക്ഷി ലക്ഷ്മീനാരായൺ വ്യക്തമാക്കുന്നു.
കുറഞ്ഞകാലയളവിൽ ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നവരിൽ ഡിമെൻഷ്യ രോഗസാദ്ധ്യത കണ്ടില്ല എന്നാൽ ദീർഘകാലമായി ഉപയോഗിക്കുന്നവരിൽ സ്‌മൃതിനാശ സാദ്ധ്യത കൂടുതലെന്ന് കണ്ടെന്നും അവർ വ്യക്തമാക്കി.
അഞ്ചര വർഷത്തിനിടെ 5712 പേരെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് പഠനം നടത്തിയത്. എല്ലാവരും 45 വയസിന് മുകളിലുള്ളവരായിരുന്നു. ഇക്കാലയളവിൽ 585 പേർക്ക് അതായത് 10 ശതമാനത്തോളം പേർക്ക് രോഗമുണ്ടായി. എന്നാൽ അസിഡിറ്റി കൊണ്ട് ഡിമെൻഷ്യയുണ്ടാകും എന്നല്ല കണ്ടെത്തിയതെന്നും ഗവേഷകർ പറയുന്നു.
അസിഡിറ്റി ഒഴിവാക്കാൻ കൃത്യമായ മരുന്നുകൾ കഴിക്കുകയും എന്നും കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കുകയും ആണ് ഉചിതം. ഭക്ഷണത്തിൽ അസിഡിറ്റിക്ക് കാരണമാകുന്നവ നിശ്ചയമായും ഒഴിവാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |