നിളയിലൂടെ സംവിധായികയായി അരങ്ങേറ്റം കുറിച്ച ഇന്ദു ലക്ഷ്മി സംസാരിക്കുന്നു
തിരുവനന്തപുരം ഗവ. എൻജിനിയറിംഗ് കോളേജിൽ പഠനം. 10 വർഷം ഇന്ത്യയിലും വിദേശത്തുമായി ഇൻഫോസിസിൽ ജോലി . ഇപ്പോൾ യു.എസ്.ടി ഗ്ലോബൽ കമ്പനിയിൽ ജോലി ചെയ്യുന്ന ഇന്ദു ലക്ഷ്മിയുടെ പുതിയ മേൽവിലാസം ചലച്ചിത്ര സംവിധായികയുടേതാണ്.
സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ച ശാന്തികൃഷ്ണയും വിനീതും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നിള സിനിമയിലൂടെയാണ് ഇന്ദു ലക്ഷ്മി അരങ്ങേറ്റം കുറിച്ചത്.കഥാപാത്രങ്ങളുടെ മികച്ച പ്രകടനങ്ങളിലൂടെ ശ്രദ്ധേയമായ നിളയുടെ ആഴത്തെക്കുറിച്ചും ഒഴുക്കിനെക്കുറിച്ചും ഇന്ദു ലക്ഷ്മി.
നിളയിൽ നവാഗത സംവിധായികയെ കാണുന്നില്ല ?
ആദ്യമായി ചെയ്യുന്ന സിനിമയായി തോന്നിയില്ല എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. ഒരുപാട് ആളുകൾ അങ്ങനെ സന്ദേശങ്ങൾ അയക്കുന്നുണ്ട്.എഴുതുന്നുണ്ട്.സിനിമയിൽ നമ്മളൊരു കഥ പറയുകയാണല്ലോ. ആ നരേഷൻ എനിക്ക് സാഹിത്യത്തിൽ നിന്ന് കിട്ടിയതാണ്. വായിച്ച പുസ്തകങ്ങളിലും കഥകളിലും ഊന്നിയതാണ്. നമ്മുടെ സങ്കല്പത്തിലെ നമ്മുടെ ഉള്ളിലെ കഥ വായിക്കുമ്പോഴുള്ള ഒരു ലോകമുണ്ടല്ലോ. അതിനോടാണ് ഞാൻ നീതി പുലർത്തിയിട്ടുള്ളത്. ഒരു പക്ഷേ അതായിരിക്കാം അങ്ങനെ തോന്നാൻ കാരണം. എന്നെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യമുള്ളത് കഥ പറയുന്നതിനാണ്.
പെൺ സിനിമകൾ ഈ മണ്ണിൽ വേര് പിടിക്കുന്നതിൽ തടസവും വെല്ലുവിളിയും നേരിടുന്നുണ്ടോ?
പെൺ സിനിമകൾ എന്ന രീതിയിൽ ഞാൻ കാണുന്നില്ല. എഴുതുമ്പോഴും സംവിധാനം ചെയ്യുമ്പോഴും ഞാനൊരു സ്ത്രീയാണെന്ന് കരുതാറില്ല. സംവിധാനം ചെയ്യുന്ന സമയത്ത് സംവിധായികയാണ്. അത് ആണാണോ പെണ്ണാണോ എന്ന കാര്യം എന്നെ സംബന്ധിച്ച് പ്രസക്തമല്ല. എന്റെ സിനിമയിൽ പ്രവർത്തിച്ചവരിൽ ആരും ഞാൻ ഒരു സ്ത്രീയാണ് എന്ന രീതിയിൽ കണ്ടിട്ടില്ല . പക്ഷേ സമൂഹത്തിന് അങ്ങനെയൊരു ചിന്തയുണ്ട്. സിനിമയെ ഒരു കലാരൂപം എന്ന രീതിയിൽ കാണുമ്പോൾ പെൺ സിനിമ എന്ന വേർതിരിവ് വേണ്ടായെന്ന് തോന്നിയിട്ടുണ്ട്.
സിനിമയിലെ സ്ത്രീ കഥാപാത്രങ്ങൾ ശക്തരാണല്ലോ?
കഥാപാത്രം സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും കഥയിൽ മാറ്റമില്ല. കഥ പറയുന്ന വൈകാരികതകളും മാറുന്നില്ല. ഞാൻ കഥയിലൂടെ മുന്നോട്ടുവയ്ക്കുന്ന കാര്യങ്ങളും മാറുന്നില്ല. സ്ത്രീ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ പ്രാഗത്ഭ്യമുള്ള അഭിനേത്രികളുണ്ട്. പക്ഷേ അവരെ വേണ്ടവിധത്തിൽ സിനിമാമേഖല പരിഗണിക്കുന്നില്ല. അവർക്ക് അവസരങ്ങൾ ലഭിക്കുന്നുമില്ല. നിളയിലെ കേന്ദ്ര കഥാപാത്രം 75 വയസുള്ള സ്ത്രീയായതിൽ എനിക്കൊരു കൗതുകമുണ്ടായിരുന്നു. ശാന്തികൃഷ്ണയെ പോലൊരു മികച്ച അഭിനേത്രി ആ കഥാപാത്രത്തെ അവതരിപ്പിക്കാനായി സമ്മതിച്ചു എന്നതും എനിക്ക് വലിയ നേട്ടമായിരുന്നു. ഈ സിനിമയെ മുഴുവനായും തോളിലേറ്റുന്നത് ഈ കഥാപാത്രമാണ്. ഇതിനെ സ്ത്രീപക്ഷം എന്നുമാത്രം പറയാൻ കഴിയില്ല. റഹ്മാൻ എന്ന കഥാപാത്രത്തിന് അതിന്റേതായ തലമുണ്ട്. നിർബന്ധമായി രാഷ്ട്രീയം പറയുന്ന സിനിമകളോടും എനിക്ക് താല്പര്യമില്ല. അങ്ങനെയൊരു സാമൂഹികമായ സന്ദർഭം ഉള്ളതായും തോന്നുന്നില്ല. സ്വാഭാവികമായി വന്നു ചേരുന്ന കഥാപാത്രങ്ങളുണ്ടാകും. അത്തരത്തിലുള്ള ഒരു കഥാപാത്രമാണ് മാലതി എന്ന സ്ത്രീയുടേത്.
സഹസംവിധായികയായില്ല. സ്വന്തം തിരക്കഥയിൽ സിനിമ വേണമെന്ന് തീരുമാനിച്ചിരുന്നോ?
സത്യത്തിൽ എഴുത്താണ് സിനിമയുമായി അടുപ്പിക്കുന്നത്. സ്കൂളിൽ പഠിക്കുമ്പോൾ മുതൽ എഴുതാറുണ്ട്. കൂട്ടുകാർ ഇപ്പോഴും എന്നെഓർക്കുന്നത് എന്റെ എഴുത്ത് കാരണമാണ്. ഒരുപാട് സംസാരിക്കുന്ന ആളായിരുന്നില്ല ഞാൻ. കോളേജ് സമയത്തും എഴുത്തും വായനയും തുടർന്നു. സിനിമകളും ഇഷ്ടമായിരുന്നു പക്ഷേ എഴുത്താണ് അതിന്റെ റൂട്ട് എന്ന് പറയാൻ കഴിയും. നമ്മൾ എഴുതുന്നതും വായിക്കുന്നതും കഥകൾ ആണല്ലോ, കഥകൾ എന്ന രീതിയിൽ ആണ് സിനിമയെ സമീപി ക്കുന്നത്. സംവിധാനം ചെയ്യാൻ നമ്മൾ സഹസംവിധായികയായി പ്രവർത്തിക്കണം എന്ന നിർബന്ധമുണ്ടെന്ന് തോന്നുന്നില്ല. സത്യം പറഞ്ഞാൽ, നിള ചെയ്യുമ്പോഴാണ് ഞാൻ ജീവിതത്തിൽ ഒരു സിനിമാ ലൊക്കേഷൻ കാണുന്നത്. ആദ്യ ഷോട്ട് മുതൽ എന്താണ് എടുക്കേണ്ടത് എന്ന കൃത്യമായ ധാരണ എനിക്കുണ്ടായിരുന്നു. ഓർമ്മവച്ച കാലം മുതൽ സാഹിത്യവുമായി ഉള്ള എന്റെ അടുപ്പം കാരണമാണ് എനിക്കതിന് സാധിച്ചത്. എന്റെ ഉള്ളിൽ ഉണ്ട് ഈ സിനിമ, മറ്റാരും കാണുന്നതിന് മുൻപ് അത് ഞാൻ കണ്ടു. അതുകൊണ്ട് ഒരു തരത്തിലുള്ള വ്യക്തത കുറവും ഇല്ലായിരുന്നു. ഷൂട്ടിന് കുറച്ച് ദിവസം മുൻപ് ടെൻഷൻ ഉണ്ടായിരുന്നു. ശാന്തികൃഷ്ണ, വിനീത്, മാമുക്കോയ എന്നീ സീനിയർ നടീനടന്മാരുടെ കൂടെ ആണ് ജോലി ചെയ്യാൻ പോകുന്നത്. ഞാൻ തന്നെ സമാധാനിപ്പിച്ച കാര്യം എന്തെന്നാൽ ഒറ്റയടിക്ക് നാടകം പോലെ ചെയ്യാൻ പോകുന്നതല്ലല്ലോ സിനിമ , ഷോട്ട് ബൈ ഷോട്ട് ആണല്ലോ എന്നതായിരുന്നു.
അടുത്ത സിനിമ എപ്പോഴായിരിക്കും?
ചർച്ച നടക്കുന്നുണ്ട്. യാഥാർത്ഥ്യമാകുക എന്നത് അത്ര എളുപ്പമല്ല. ചിലപ്പോൾ സമയമെടുത്തേക്കാം. ആളുകൾ കാണാൻ ആഗ്രഹിക്കുന്ന സിനിമയെടുക്കാൻ ആണ് താത്പര്യം. നിള വാണിജ്യ സിനിമ അല്ലെന്ന് പറയാൻ കഴിയില്ല , കാരണം സിനിമ കണ്ടിട്ട് വിളിക്കുന്നത് സാധാരണക്കാരായ ആളുകളാണ്. സാധാരണ ആളുകൾക്ക് ഇത് കണക്ട് ചെയ്യാൻ പറ്റി എന്നത് സന്തോഷം നൽകുന്ന കാര്യം ആണ്. നിള വലിയ വെല്ലുവിളി ആയിരുന്നു. തിരുവനന്തപുരം ആണ് നാട്. ഭർത്താവ് കനകൻ നായർ ഐടി രംഗത്താണ്. മക്കൾ നിരഞ്ജൻ,നന്ദന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |