കൊച്ചി: ഓയോ റൂമിലെ കൊലപാതകത്തിൽ പ്രതിയുടെ മൊഴി പുറത്ത്. ചങ്ങനാശേരി വാലുമ്മച്ചിറ ചീരംവേലിൽ രേഷ്‌മ രവിയെ (28) യാണ് കോഴിക്കോട് ബാലുശേരി തലയാട് തോട്ടത്തിൽ നൗഷാദ് (30) ഹോട്ടൽ മുറിയിൽ കുത്തിക്കൊലപ്പെടുത്തിയത്.
യുവതിയും നൗഷാദും പല തവണ ഒരുമിച്ച് കഴിഞ്ഞിരുന്നെന്നാണ് വിവരം. ഇതിനിടയിൽ രേഷ്മ പല തവണ മരുന്ന് കുത്തിവച്ചെന്നും, തന്റെ ആരോഗ്യം ക്ഷയിപ്പിക്കാൻ ശ്രമിച്ചതാണോയെന്ന് സംശയമുണ്ടെന്നും പ്രതി പൊലീസിനോട് പറഞ്ഞു. തന്റെ ശാരീരികമായ ചില കുറവുകളെക്കുറിച്ച് രേഷ്മ മറ്റൊരു പുരുഷനോട് പറഞ്ഞിട്ടുണ്ടെന്ന് നൗഷാദ് സംശയിച്ചു. ഇതും വൈരാഗ്യമുണ്ടാകാൻ കാരണമായി.
നൗഷാദ് സംശയമുന്നയിച്ച രേഷ്മയുടെ ആൺസുഹൃത്തിന്റെ മൊഴിയെടുക്കാനാണ് പൊലീസിന്റെ തീരുമാനം. പ്രതിയുടെ മാതാപിതാക്കളുമായി യുവതി എപ്പോഴും തർക്കത്തിലേർപ്പെടുകയും അവരോട് മോശമായി പെരുമാറുകയും ചെയ്തിരുന്നതും കൊലയ്ക്കു കാരണമായതായാണ് സൂചന.
പല ചോദ്യങ്ങൾക്കും പ്രതി പരസ്പര വിരുദ്ധമായാണ് മറുപടി നൽകിയത്. യുവതി ദുർമന്ത്രവാദം ചെയ്തുവെന്ന ഇയാളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് അന്വേഷണ സംഘം പറഞ്ഞു. ഹോട്ടലിലെത്തിയ യുവതിയുമായി തർക്കത്തിലേർപ്പെടുന്നതിന്റെ വീഡിയോ ഇയാൾ മൊബൈലിൽ പകർത്തിയിരുന്നു. പ്രതിക്കെതിരെ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കൊലപാതക ശ്രമത്തിന് കേസ് നിലവിലുണ്ട്. റിമാൻഡിലുള്ള പ്രതിയെ കൂടുതൽ ചോദ്യംചെയ്യുന്നതിന് കസ്റ്റഡിയിൽ വാങ്ങാൻ ഇന്ന് പൊലീസ് അപേക്ഷ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |