തിരുവനന്തപുരം: നിലവിൽ കാരുണ്യ ബനവലന്റ് സ്കീമിൽ ചികിത്സയ്ക്ക് അർഹതയുണ്ടായിരുന്ന ആരുടേയും ചികിത്സാ മുടങ്ങില്ലെന്ന് ഉറപ്പ് വരുത്താൻ ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. മന്ത്രി കെ.കെ. ശൈലജയാണ് ഉത്തരവിറക്കിയത്. കാരുണ്യയിൽ അർഹതയുള്ള രോഗികൾക്ക് സൗജന്യ ചികിത്സ 2020 മാർച്ച് 31 വരെ നീട്ടിയാണ് ഉത്തരവിറക്കിയത്. പുതിയ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ (കെ.എ.എസ്.പി.) അംഗങ്ങളായ എല്ലാവർക്കും കെ.എ.എസ്.പി. എംപാനൽഡ് ആശുപത്രികളിൽ നിന്നും ചികിത്സ ലഭ്യമാക്കി വരുന്നു. കാരുണ്യ ചികിത്സാ ധനസഹായത്തിന് അർഹതയുള്ളവർക്കും എന്നാൽ ആർ.എസ്.ബി.വൈ./കെ.എ.എസ്.പി. കാർഡില്ലാത്തവർക്കും കെ.എ.എസ്.പി. എംപാനൽഡ് ആശുപത്രികളിൽ കെ.എ.എസ്.പി. പാക്കേജിലും നിരക്കിലും ചികിത്സ ലഭ്യമാക്കുന്നതാണ്. സ്റ്റേറ്റ് ഹെൽത്ത് അതോറിറ്റി മുഖാന്തിരമാണ് കെ.എ.എസ്.പി. എംപാനൽഡ് ആശുപത്രികൾക്ക് ചികിത്സയ്ക്ക് ചെലവായ തുക അനുവദിച്ച് നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതിയും നിലവിലുള്ള എല്ലാ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളേയും സംയോജിപ്പിച്ചുകൊണ്ട് 2019 ഏപ്രിൽ ഒന്നുമുതലാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കെ.എ.എസ്.പി.) കേരളത്തിൽ നടപ്പിലാക്കിലാക്കിയിരുന്നത്. ഒരു കുടുംബത്തിന് 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് വർഷന്തോറും ഇതിലൂടെ ലഭിക്കുന്നത്. കാരുണ്യ സ്കീം ജൂൺ 30 വരെ നീട്ടിയിട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ജൂലൈ ഒന്നു മുതൽ കാരുണ്യ സ്കീമിലുള്ളവർക്ക് ചികിത്സ ഉറപ്പുവരുത്താൻ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ധനകാര്യമന്ത്രി ഡോ. തോമസ് ഐസകും ആരോഗ്യ വകുപ്പ് മന്ത്രിയും ചർച്ച ചെയ്താണ് ചികിത്സാ സഹായം നീട്ടാനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചത്.
കാരുണ്യയിൽ ഒരു കുടുംബത്തിന് ജീവിതത്തിൽ ആകെ 2 ലക്ഷം രൂപയാണ് ചികിത്സാ ധനസഹായം ലഭിക്കുന്നത്. വൃക്ക മാറ്റിവയ്ക്കുന്നവർക്ക് 3 ലക്ഷം രൂപയും ലഭിക്കും. എന്നാൽ പുതിയ കെ.എ.എസ്.പി. പദ്ധതിയിലൂടെ ഓരോ വർഷവും 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് ലഭിക്കുന്നതാണ്.