അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ ബാങ്കുകൾ നാല് വർഷത്തിനിടെ ജനങ്ങളിൽ നിന്ന് ഈടാക്കിയ പിഴ തുക 21044 കോടി രൂപയാണെന്ന് വാർത്ത കണ്ടു. പലപ്പോഴും അത്യാവശ്യത്തിന് പണം എടുക്കാനായി ചെല്ലുമ്പോൾ "പണമില്ല " എന്ന് പറഞ്ഞാണ് എ.ടി.എം നിരാശപ്പെടുത്തുന്നത്. ഇങ്ങനെ വരുമ്പോൾ തിരികെ ഉപഭോക്താവിന് പിഴ നൽകാനും ബാങ്കുകൾ ബാധ്യസ്ഥരല്ലേ? ഓണം ദിനങ്ങൾ അടുത്ത് വരികയാണ്. പല ദിനങ്ങളിലും ബാങ്കുകൾ അവധിയുമായിരിക്കും. കണക്കുകൂട്ടലുകൾക്ക് അപ്പുറം ആളുകൾക്ക് പണത്തിന്റെ ആവശ്യം വന്നേക്കാം. ആ സമയത്ത് എ.ടി.എമ്മുകളിൽ പണമില്ലാത്ത അവസ്ഥയുണ്ടാകരുത്. ഇത് അധികൃതർ ഉറപ്പാക്കണം.
ആർ.ജിഷി
കൊട്ടിയം
വിലക്കയറ്റം
ഉറക്കം കെടുത്തുന്നു
അവശ്യ സാധനങ്ങളുടേയും പച്ചക്കറികളുടേയും തൊട്ടാൽ പൊള്ളുന്ന വിലജനത്തിന്റെ ഉറക്കം കെടുത്തുകയാണ്. ഈ ഓണക്കാലത്തെങ്കിലും ജനത്തിന്റെ ഗതികേടിന് അറുതി വരുത്തേണ്ട ബാദ്ധ്യത അധികാരികൾക്കുണ്ട്. പക്ഷേ പ്രഖ്യാപനങ്ങളല്ലാതെ ഒന്നിനും കാര്യമായ നടപടി ഉണ്ടാകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഓണത്തിന് കിറ്ര് മഞ്ഞക്കാർഡുകാർക്ക് മാത്രമേയുള്ളൂ എന്ന പ്രഖ്യാപനം സാധാരണക്കാരന് കടുത്ത പ്രഹരമായിട്ടുണ്ട്. നടുവൊടിക്കുന്ന നികുതിയും ഇന്ധന വിലയും താങ്ങിയാണ് ജനജീവിതം ഇഴഞ്ഞു നീങ്ങുന്നത്, ഓണക്കാലത്തെങ്കിലും ജനത്തോട് നീതി കാണിക്കാൻ അധികാരികൾ തയാറാകണം.
സുധർമ്മ ശശീന്ദ്രൻ
തൊടുപുഴ
'വിധ്വംസക പ്രവർത്തനം'
നിർവചിക്കുമ്പോൾ
ക്രിമിനൽ നിയമങ്ങളെ പരിഷ്‌കരിക്കാൻ കേന്ദ്രം കൊണ്ടുവരുന്ന പുതിയ ബില്ലുകൾ പ്രാബല്യത്തിൽ വരുമല്ലോ. ക്രിമിനൽ നടപടികൾ പൊതുപ്പട്ടികയിൽ ആയതിനാൽ കേന്ദ്ര നിയമത്തിന് വിരുദ്ധമാവാതെ സംസ്ഥാനത്ത് ചട്ടമുണ്ടാക്കാം.
കേരളത്തിൽ ലഹരി ഉപയോഗവും വിപണനവും, ലഹരിവസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാകുന്ന ക്രൂരകൃത്യങ്ങളും കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളും കൃത്യമായ വ്യാഖ്യാനത്തോടെ 'വിധ്വംസക' പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുകയും, സ്റ്റേഷൻ പരിധി നോക്കാതെ കേസെടുക്കാൻ സഹായിക്കുന്ന 'സീറോ എഫ്.ഐ.ആർ' സംവിധാനവും, നീതി ഉറപ്പാക്കുന്നതിന് 'സമ്മറി ട്രയൽ' സംവിധാനവും, ഉൾപ്പെടുത്തി നീതി നിർവഹണം വേഗത്തിലാക്കണം. ഈ പരിഷ്‌കാരങ്ങൾ സംസ്ഥാനതലത്തിൽ വരുത്തേണ്ടത് അനിവാര്യമാണ്.
അഭിലാഷ് ജി.ആർ
കൊല്ലം
കുട്ടികളെ
ആര് സൂക്ഷിക്കും ?
സമൂഹത്തിൽ ക്രിമിനലുകളും ലഹരി മാഫിയയും പിടിമുറുക്കുമ്പോൾ മാതാപിതാക്കളുടെ ഏറ്രവും വലിയ ഭയം കുട്ടികളുടെ സുരക്ഷയാണ്. ട്യൂഷനോ സ്കൂളിലോ എവിടെയായലും മക്കളുടെ സുരക്ഷയെക്കുറിച്ചോർത്ത് മാതാപിതാക്കൾ ഭീതിയിലാണ്. വിദ്യാലയങ്ങളിലേക്ക് പോകുന്ന കുട്ടികളുടെ പിന്നാലെ വേട്ടക്കാരുടെ കണ്ണുകളും ഉണ്ടെന്നതാണ് ഞെട്ടിക്കുന്ന യാഥാർത്ഥ്യം. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ മാതാപിതാക്കളുടെ ശ്രദ്ധ മാത്രം കൊണ്ട് കാര്യമില്ല. ഇതിനായി സ്കൂൾ അധികൃതരുടെയും റെസിഡന്റ്‌സ് അസോസിയേഷനുകളുടേയും സാമൂഹിക സംഘടനകളുടേയും കൂട്ടായ്‌മകൾ രൂപപ്പെട്ടേ മതിയാവൂ. ലഹരി മാഫിയയ്‌ക്കെതിരെ കർശന നടപടികളുമായി പൊലീസും ഭരണസംവിധാനങ്ങളും ഉണരണം.
പ്രീതി വിശ്വൻ
പന്തളം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |