SignIn
Kerala Kaumudi Online
Tuesday, 15 October 2019 6.41 AM IST

ഒരു രാത്രിയിൽ കെട്ടിപ്പിടിച്ച് കൊണ്ട് അമ്മ ചോദിച്ചു, മോൾക്ക് ഇഷ്‌ടമാണോ അങ്കിൾ ഈ വീട്ടിൽ താമസിക്കുന്നതിൽ: സങ്കടപ്പെടുത്തുന്ന കുറിപ്പ്

fb-post

സ്ത്രീ പുരുഷ ബന്ധത്തിന് പല മാനങ്ങളുണ്ടെന്ന് എഴുത്തുകാരും വൈദ്യശാസ്ത്രവും വരച്ചുകാട്ടിയിട്ടുണ്ടെങ്കിലും അതിന്റെ ആഴമളക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. ഇത്തരത്തിലൊരു അനുഭവം തുറന്നെഴുതിയ മനശാസ്ത്രജ്ഞ കലാ മോഹന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ വായനക്കാരുടെ കണ്ണ് നിറയ്‌ക്കുന്നത്. തന്റെയടുത്ത് കൗൺസിലിംഗിനെത്തിയ ഒരു പെൺകുട്ടിയുടെ അനുഭവമാണ് ഇതിവൃത്തം. അച്ഛന്റെ മരണശേഷം പുനർവിവാഹം ചെയ്യാനൊരുങ്ങിയ അമ്മയെ മകൾ തടഞ്ഞതും പിന്നീട് അമ്മ പുനർവിവാഹത്തിൽ നിന്നും പിന്മാറിയതും വ്യക്തമാക്കുന്ന കുറിപ്പ് കണ്ണീരോടെയല്ലാതെ വായിച്ചുതീർക്കാനാവില്ല. സ്‌നേഹം കിട്ടാത്തവരാണ് ഇനിയും കൊതിക്കുകയെന്നും പൂർണമായും സ്‌നേഹിക്കപ്പെട്ടവൾ അതിന്റെ ശക്തമായ ഓർമയിൽ കാലം കഴിക്കുമെന്നും കലാ മോഹൻ കുറിക്കുന്നു.

പോസ്‌റ്റിന്റെ പൂർണരൂപം ഇങ്ങനെ

എനിക്ക് ഇപ്പൊ നല്ല കുറ്റബോധം ഉണ്ട്, അമ്മയോട് അന്ന് അങ്ങനെ പെരുമാറി എന്നോർത്ത്.
അവൾ മനസ്സ് തുറന്നു പറയുക ആണെന്ന് അറിയാം..

എന്റെ കൂട്ടുകാരിക്ക് teacher നെ കാണണം എന്നു പറഞ്ഞു ഒരിക്കൽ എന്റെ പഴയ ഒരു വിദ്യാർഥിനി കൊണ്ട് വന്നതാണ് അവളെ...

അമ്മയും അച്ഛനും എങ്ങനെ സ്നേഹിച്ചിരുന്നതാണ് എന്നറിയോ..
എനിക്ക് കുശുമ്പ് വരുമായിരുന്നു..
ഒരേപാത്രത്തിൽ കഴിക്കും, ഒരുമിച്ചു പത്രം വായിക്കും, ചർച്ചകൾ നടത്തും, വൈകുന്നേരങ്ങളിൽ നടക്കാൻ ഇറങ്ങും..
അച്ഛന്റെ അമ്മയും അച്ഛനും കൂടെ ഉണ്ടായിരുന്നു..
സ്നേഹം ആവോളം കിട്ടി ഞാൻ വളർന്നു..
എനിക്ക് പതിമൂന്നു വയസ്സുള്ളപ്പോൾ അനിയൻ ഉണ്ടായി..
അവനു ഒരു വയസ്സ് തികയും മുൻപാണ് അച്ഛൻ മരിച്ചത്..
അറ്റാക്ക് ആയിരുന്നു..
പ്രതീക്ഷിക്കാത്ത മരണം..
അമ്മ കരഞ്ഞില്ല, ഒരേ ഇരുപ്പായിരുന്നു..
പേടിയായിരുന്നു എല്ലാർക്കും.
അമ്മയുടെ ഓഫീസിൽ നിന്നും എന്നും ഓരോ സഹപ്രവർത്തകർ എത്തും..
സംസാരിക്കും..
അനിൽ അങ്കിൾ ആയിരുന്നു അധികവും വരിക..
അച്ഛനുള്ളപ്പോ വരാറുണ്ടായിരുന്നു..
അങ്കിൾ ന്റെ ഭാര്യ മറ്റൊരു ആളിന്റെ ഒപ്പം പോയി എന്നു അമ്മ അമ്മുമ്മയോടു പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്..അച്ഛൻ കുറെ സമാധാനിപ്പിക്കുകയും ഒക്കെ ചെയ്യും വരുമ്പോ..
അച്ഛൻ മരിച്ചു കഴിഞ്ഞു അങ്കിൾ വരുമ്പോ എനിക്ക് എന്തോ ഇഷ്‌ടകേടായിരുന്നു..
അമ്മ ഓഫീസിൽ നിന്നും വന്നാലും phone വിളിക്കും..
ഓരോ കാര്യങ്ങൾക്കും കൂടെ നിൽക്കും..
അമ്മ എന്റെ അച്ഛനെ മറക്കുന്നത് പോലെ തോന്നി..
അതെനിക്ക് സഹിക്കാൻ വയ്യായിരുന്നു..
മോനു അങ്കിൾ വരുമ്പോൾ കൂടെ ചിരിക്കുകയും കളിക്കുകയും ഒക്കെ ചെയ്യും..
അമ്മുമ്മയും അപ്പൂപ്പനും അങ്കിൾ വരുന്നത് ഒരു സമാധാനം ആണ് എന്നു തോന്നി..
അച്ഛൻ ഒറ്റ മകൻ ആയിരുന്നു..
ആ സ്ഥാനത്തു നിന്നാണ് അങ്കിൾ അവർക്ക് എല്ലാം ചെയ്യുന്നത് എന്നു അപ്പുപ്പൻ പറഞ്ഞപ്പോൾ എനിക്ക് ദേഷ്യം വന്നു..
എനിക്ക് മാത്രം പറ്റുന്നില്ലായിരുന്നു..

മോൾക്ക് അങ്കിൾ ഈ വീട്ടില് താമസിക്കുന്നത് ഇഷ്‌ടമാണോ എന്നു ഒരു രാത്രിയിൽ അമ്മ എന്നെ കെട്ടിപിടിച്ചു കിടക്കുമ്പോൾ ചോദിച്ചു.
അമ്മയുടെ കൈ തട്ടി മാറ്റിയിട്ടു ഞാൻ കുറെ കരഞ്ഞു..
കുറെ നേരം അനങ്ങാതെ കിടന്നിട്ടു, അമ്മ എന്നെ അണച്ചു ചേർത്ത് കുറെ ഉമ്മ തന്നു...
ആ ദിവസം കഴിഞ്ഞു അങ്കിൾ വീട്ടില് വന്നിട്ടില്ല..
ഞാൻ കാൺകെ phone വിളിച്ചിട്ടില്ല..
എനിക്ക് സമാധാനം ആയിരുന്നു..
അമ്മയും സ്വാഭാവികമായി പെരുമാറി..

ഒരു ദിവസം അമ്മുമ്മ കരഞ്ഞു കൊണ്ടിരിക്കുന്നതാണ് ഞാൻ സ്കൂളിൽ നിന്നും വന്നപ്പോൾ കണ്ടത്..
അമ്മ ഒന്നും മിണ്ടാതെ അടുത്തിരിക്കുന്നു..
അങ്കിൾ നു സുഖമില്ല എന്നും സീരിയസ് ആണെന്നും അമ്മ പറഞ്ഞു..
ഞാൻ അമ്മയെ നോക്കി..
സങ്കടമോ ഭീതിയോ എന്നൊന്നും അല്ലാത്ത മറ്റെന്തോ ഭാവം..
പനി കൂടിയതാണ് അങ്കിൾനു..
അത്രയും ഉള്ളോ..
സീരിയസ് ആകില്ല, ഞാൻ എന്നെ തന്നെ സമാധാനപ്പെടുത്തി.. പക്ഷെ,
അങ്കിൾ മരിച്ചു രണ്ടു ദിവസത്തിനുള്ളിൽ..
അപ്പുപ്പനോട് ഒപ്പം,
അമ്മ മരണത്തിനു പോയിട്ട് വന്നു, ഞങ്ങൾക്ക് ഭക്ഷണം തന്നു, പഠിപ്പിച്ചു.. മോനു കളിക്കണം എന്നു പറഞ്ഞപ്പോൾ അതും ചെയ്തു..
എന്നത്തേയും പോലെ എല്ലാം നടന്നു..
എനിക്ക് ഒരു വിധം സമാധാനമായി..
എപ്പോഴോ ഉണർന്നു നോക്കിയപ്പോൾ അമ്മയില്ല അരികിൽ..
അടുത്ത മുറിയിൽ ഇരുട്ടത്തു വാ പൊത്തി, നെഞ്ച് പിളർന്നു കരയുന്ന അമ്മയെ ഞാൻ കണ്ടെന്നു അമ്മ അറിഞ്ഞില്ല..
ഞാൻ വല്ലാതായി പോയ്‌..
അച്ഛൻ മരിച്ചപ്പോൾ പോലും അമ്മ ഇങ്ങനെ തകർന്നിട്ടില്ല എന്നു തോന്നി..

അങ്കിൾ നെ കുറിച്ചു ഞാനോ അമ്മയോ പിന്നെ സംസാരിച്ചിട്ടില്ല..

ടീച്ചറെ, ഞാൻ ചെയ്തത് തെറ്റാണോ?
എനിക്ക് ഇപ്പോൾ ഒരു ബന്ധം ഉണ്ട്..
വീട്ടില് സമ്മതിച്ചു..
വിവാഹം കഴിഞ്ഞാൽ വിദേശത്ത് പോകും..
അനിയൻ സ്കൂളിൽ ആണ്..
അപ്പുപ്പൻ മരിച്ചു..
അമ്മുമ്മ കിടപ്പിലും ആണ്.
അമ്മ ഒരു പുനർവിവാഹം കഴിക്കണം എന്നു ഞാൻ ഇപ്പൊ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്..
ഞാൻ അതു പറയുകയും ചെയ്തു..
ഒരിക്കലും അങ്ങനെ ഉണ്ടാകില്ല എന്നു അമ്മ തീർത്തു പറയുന്നു..
എനിക്കു അതു ഭയങ്കര സങ്കടം ആയി..

മോളോട് ഉള്ള വാശി അല്ലെടാ..
അമ്മ ഇനി ഒരാളെ വിവാഹം കഴിക്കില്ല..
ഞാൻ പെട്ടന്ന് മറുപടി പറഞ്ഞപ്പോൾ അവൾ അമ്പരന്നു..

അമ്മയെ കാണാതെ?
കാണേണ്ട...ചിലരെ അറിയാൻ കാണണം എന്നില്ല..
സ്നേഹം കിട്ടാത്തവർ ആണ്, ഇനിയും കൊതിക്കുക..
അവർ പൂർണ്ണമായും സ്നേഹിക്കപെട്ട ഒരുവളാണ്..
ആദ്യത്തെ പുരുഷനിൽ നിന്നും കിട്ടാതെ എന്തുണ്ടായിരുന്നോ, അതു അല്പ കാലം കൊണ്ട്,
പിന്നെ വന്ന ആള് നൽകി..
അതിൽ ഒടുങ്ങി എല്ലാ ആഗ്രഹങ്ങളും..
എന്തിനാണ് ഒരുപാട് നാൾ.?
ഒറ്റ ദിവസം ആയാലും പോരേ..??
അത്രമേൽ സ്നേഹിച്ച ഒരാളുടെ നെഞ്ചത്ത് ചേർന്നു കിടന്ന അല്പം നേരത്തിന് എന്ത് മാത്രം ശക്തിയാണ് തരാൻ കഴിക..
ആ ഒരു ഓര്മ്മ പോരേ..
കാണപ്പെടാത്ത ഈശ്വരനും കാണപ്പെടുന്ന സ്നേഹവുമായി ഒരാൾ..
പെട്ടന്ന് നഷ്‌ടമായാൽ കൂടി,
ജീവിതാവസാനം വരെ മറ്റൊരു പുരുഷനും പിന്നെ സ്ഥാനമില്ല..

ആണോ?
മ്മ്മ്.. ഉറപ്പ്..

സ്ത്രീ - പുരുഷ ബന്ധത്തിന്റെ പലതും ഞാൻ ഇനി പഠിക്കണം അല്ലേ ടീച്ചർ,
അറിയാൻ ഇനിയും എത്രയോ ബാക്കി...

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HEALTH, LIFESTYLE HEALTH, MENTAL HEALTH, MEN AND WOMEN RELATIONSHIP, RELATIONSHIP TIPS, RELATIONSHIP, FACEBOOK POST, KALA MOHAN FACEBOOK POST, KALA MOHAN
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.