നമ്മുടെ ഓരോ പഴഞ്ചൊല്ലും വളരെ അർത്ഥവത്താണ്. സ്ത്രീകളുടെ കാര്യമാണ് പറയുന്നത്. അവള് കൊട്ടിയമ്പലം വരെ പോകും. അത്രയേ അവൾക്ക് പോകാൻ കഴിയൂ. അതിനു വെളിയിൽ പോയാൽ ഒരുമ്പെട്ടവൾ എന്ന് മുദ്ര കുത്തും. പിന്നെ ജീവിതമില്ല. രണ്ടും കൽപ്പിച്ച് പൊട്ടിച്ചെറിഞ്ഞു പോകാതെ ആ കെട്ടിനുള്ളിൽ നിന്നുകൊണ്ട് പയറ്റാൻ വിധിക്കപ്പെട്ടവൾ അവൾ. ഇത്രയും ആമുഖമായി എഴുതിയതിന്റെ കാരണം കേരളത്തിൽ തൊഴിലുപേക്ഷിച്ച സ്ത്രീകൾ 57 ശതമാനമാണെന്ന് കേരള നോളജ് ഇക്കോണമി മിഷൻ സ്ത്രീ തൊഴിലന്വേഷകർക്കിടയിൽ സംഘടിപ്പിച്ച സർവ്വേ റിപ്പോർട്ടിൽ നിന്ന് കണ്ടെത്തിയെന്ന വിവരമാണ്. നാഷണൽ സാംപിൾ സർവേ ഓഫീസിന്റെ തൊഴിൽ സേനാ സർവ്വേയിലും കണ്ടെത്തിയത് ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്നാണ്. വിദ്യാഭ്യാസമുള്ള സ്ത്രീകൾ പലരും കല്യാണം കഴിഞ്ഞ് കുട്ടി ഉണ്ടായിക്കഴിഞ്ഞാൽ ജോലി ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്നു. രാത്രി നടത്തവും പുരുഷനൊപ്പവും എന്നൊക്കെ എത്ര പുരോഗമനം പറഞ്ഞാലും ഇപ്പോഴും കുടുംബമായിക്കഴിഞ്ഞാൽ കുട്ടികളുടെ കാര്യവും വയസായവരുണ്ടെങ്കിൽ അവരുടെ കാര്യവുമൊക്കെ നോക്കേണ്ടത് സ്ത്രീയുടെ ഉത്തരവാദിത്തമാണ്.
ഈയടുത്തിടെ എന്റെ ഫോണിലൊരു സന്ദേശം വന്നു. പേരും നാളുമൊന്നുമില്ല. മെസേജ് ഇതായിരുന്നു. “ഞാനൊരു സർക്കാർ ഉദ്യോഗസ്ഥയായ അദ്ധ്യാപികയാണ്. പ്രസവം കഴിഞ്ഞു. കുഞ്ഞിന് ആറുമാസമായി. പ്രസവാവധി തീർന്നു. ഇനി എനിക്ക് ജോലിക്ക് ജോയിൻ ചെയ്യണം. കുഞ്ഞിന് ഒരു വയസുവരെ മുലപ്പാൽ കൊടുക്കണമെന്നല്ലേ ആരോഗ്യ വകുപ്പും സർക്കാരും എല്ലാം പറയുന്നത്. കുഞ്ഞുങ്ങൾക്ക് പാലുകൊടുക്കാനുള്ള സൗകര്യത്തിന് മാഡം ശിശു പരിപാലന കേന്ദ്രത്തിന് നിയമം ഉണ്ടാക്കിച്ച ആളായതുകൊണ്ടാണ് ഈ മെസേജ് മാഡത്തിനയച്ചത്. ഈ ആറുമാസം പ്രായമായ കുഞ്ഞിനെ ഇട്ടിട്ട് എങ്ങനെ പോകുമെന്നോർത്തിട്ടാണ് ഈ മെസേജ് അയക്കുന്നത്.” ആ കിളിന്ദുകുഞ്ഞിനെ ഇട്ടിട്ട് ജോലിക്കു പോകുന്നതിന്റെ വിഷമം എനിക്കു നല്ലവണ്ണം അറിയാവുന്നതുകൊണ്ട് ഞാൻ വിദ്യാഭ്യാസ വകുപ്പിൽ വിളിച്ച് എന്തെങ്കിലും സഹായം ചെയ്യാൻ പറ്റുമോ എന്നന്വേഷിച്ചു. രണ്ടുമാസത്തെ ശമ്പളമില്ലാത്ത അവധി എടുക്കാൻ പറ്റുമെന്ന വിവരമാണ് എനിക്കു കിട്ടിയത്. ഇതാണ് ഇവിടുത്തെ സ്ഥിതി.
അതേസമയം കേന്ദ്രസർക്കാർ ജീവനക്കാരായ സ്ത്രീകൾക്ക് ഒരുവർഷത്തെ പ്രസവാവധിയും ഒരു വർഷത്തെ ശമ്പളത്തോടുകൂടിയ ചൈൽഡ് കെയർ ലീവും ലഭിക്കുന്നുണ്ട്. ചൈൽഡ് കെയർ ലീവ് കുട്ടിയുടെ 18 വയസിനുള്ളിൽ എപ്പോൾ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും അതായത് ഒരു ദിവസമോ രണ്ടു ദിവസമോ അങ്ങനെ എത്ര പ്രാവശ്യം വേണമെങ്കിലും എടുക്കാൻ സാധിക്കും. രണ്ടു കുട്ടികളുണ്ടെങ്കിൽ രണ്ടുവർഷം ചൈൽഡ് കെയർ ലീവ് ലഭിക്കും. അഥവാ ഒരു കുട്ടിയെ ഉള്ളുവെങ്കിലും ഈ രണ്ടു വർഷം ലഭിക്കും.
കുട്ടിയുടെ പരിചരണത്തിന് രണ്ടുകൊല്ലം അവധി നൽകാൻ സെൻട്രൽ സിവിൽ സർവീസസ് (ലീവ്) ചട്ടത്തിൽ 43 (സി) എന്ന വകുപ്പുൾപ്പെടുത്തി ഭേദഗതി കൊണ്ടു വന്നിട്ടുണ്ട്. അത് എല്ലാ സംസ്ഥാനത്തിനും ബാധകമാണ്. ഈയടുത്തിടെയാണ് നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ സർക്കാർ ജീവനക്കാർക്ക് ഇതിനുള്ള തീരുമാനമെടുത്തത്. നമ്മുടെ സർക്കാർ ജീവനക്കാരായ സ്ത്രീകൾക്കും സർക്കാർ മനസുവെച്ചാൽ ഇതനുവദിക്കാവുന്നതേയുള്ളു.
സർക്കാർ എന്തുകൊണ്ട് സ്ത്രീകളുടെ ഈ വിഷമം മനസിലാക്കുന്നില്ല. ആണധികാരത്തിന്റെ മറ്റൊരു മുഖമാണ് ഇതിൽ ഞാൻ കാണുന്നത്. ഈയുള്ളവൾ ഇതിനുവേണ്ടി ഒന്നു ശ്രമിച്ചതാണ്. തൊഴിൽ വകുപ്പിൽ നിന്നും ധനകാര്യ വകുപ്പിലേക്കയച്ച വിവരാവകാശ കത്തിന്റെ മറുപടിയിൽ പറഞ്ഞത് ‘കുട്ടിയുടെ പരിചരണത്തിനായി അവധി നൽകുന്നത് സംബന്ധിച്ച വിഷയം സംസ്ഥാന സർക്കാരിന്റെ പരിഗണനയിലില്ല’ എന്നതാണ്. മറ്റൊന്ന് സർക്കാരിന് ചെയ്യാവുന്നത് പ്രൈവറ്റിലും പൊതുമേഖലയിലും ഒരുപോലെ കുഞ്ഞിന്റെ 6 വയസുവരെ പരിചരണത്തിനായി ശിശു പരിപാലന കേന്ദ്രം കൊടുക്കാമെന്നതാണ്. പ്രൈവറ്റ് സ്കൂൾ അദ്ധ്യാപകർക്കുൾപ്പെടെ സാധാരണ വിശ്രമ സമയം കൂടാതെ അരമണിക്കൂർ വീതം കുഞ്ഞിനു പാലുകൊടുക്കാൻ രണ്ടു നഴ്സിംഗ് ബ്രേക്ക് കൊടുക്കണമെന്ന് ഗസറ്റു മുഖാന്തിരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. (kerala Gazette.Extra.vol.IX.No807,dated 7-3-2020) ഇതൊക്കെ കടലാസിൽ സൂക്ഷിച്ചുവെക്കുകയും കല്യാണം കഴിയുന്നതോടെ ജോലി ഉപേക്ഷിക്കാൻ സ്ത്രീകളെ നിർബന്ധിതരാക്കുകയുമാണ് ഇപ്പോഴുള്ള അവരുടെ ശാപം. മറ്റൊന്ന് പ്രായമായവരുടെ പരിചരണമാണ്. കേന്ദ്ര സർക്കാർ കൊണ്ടുവന്നിരിക്കുന്ന പദ്ധതിപ്രകാരം പ്രായമായവരെ പരിചരിക്കാനുള്ളവർക്ക് നൽകുന്ന ട്രെയിനിംഗ് കിട്ടിയ ഹോംനേഴ്സുമാരെ ആശുപത്രികളിൽ വിടാതെ വീടുകളിലേക്കുപയോഗിച്ചാൽ അതും ഉപകാരമാകും. കേരളത്തിൽ വീട്ടുഭാരം താങ്ങാനാവാതെ വിദ്യാഭ്യാസമുള്ള യുവതികൾ തൊഴിലുപേക്ഷിച്ചത് ഇപ്പോൾ 57 ശതമാനമാണ്. ഇതിലും ഭേദം പെൺകുട്ടികളെ പഠിപ്പിക്കാതിരിക്കുന്നതാണ്. എന്തിനാണ് കൊച്ചുങ്ങളെ വളർത്താനും പ്രായമായവരെ ശുശ്രൂഷിക്കാനും ഇത്രയും വിദ്യാഭ്യാസം. രാത്രി നടപ്പും രാത്രി ഹോട്ടലിൽ പോക്കും ഒന്നുമല്ല ഇവിടുത്തെ സ്ത്രീകൾക്കു വേണ്ടത് ഇതിനൊരു പരിഹാരമാണ്. സർക്കാർ കണ്ണു തുറന്നെങ്കിൽ മാത്രമേ അതിന് രക്ഷയുള്ളൂ. അല്ലാതെ ആരു വിചാരിച്ചാലും ഇവിടുത്തെവിദ്യാഭ്യാസമുള്ള പെൺകുട്ടികളെ രക്ഷിക്കാൻ കഴിയില്ല. നിയമം നോക്കുകുത്തിയാക്കാതെ സ്ത്രീകൾക്കായുള്ള നിയമങ്ങളെല്ലാം കർശനമായി പാലിക്കാൻ വഴിയൊരുക്കാൻ ലേബർ എൻഫോഴ്സ്മെന്റിനെ പരിശോധനക്കു വിടുകയും സർക്കാർ ഇതിന് മുൻകൈ എടുക്കുകയും വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |