ലണ്ടൻ : ഏഴ് നവജാത ശിശുക്കളെ കൊന്ന കേസിൽ 33കാരിയായ നഴ്സ് കുറ്റക്കാരിയെന്ന് കണ്ടെത്തി ബ്രിട്ടീഷ് കോടതി. വടക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ദ കൗണ്ടസ് ഒഫ് ചെസ്റ്റർ ഹോസ്പിറ്റലിലെ നഴ്സായിരുന്ന ലൂസി ലെറ്റ്ബിയെ ആണ് ഇന്നലെ മാഞ്ചസ്റ്റർ ക്രൗൺ കോടതി കുറ്റക്കാരിയെന്ന് വിധിച്ചത്.
2015 ജൂൺ മുതൽ 2016 ജൂൺ വരെയുള്ള കാലയളവിലാണ് പിഞ്ചുക്കുഞ്ഞുങ്ങളെ ലൂസി ക്രൂരമായി കൊന്നത്. ആറ് കുഞ്ഞുങ്ങളെ കൊല്ലാനും ശ്രമിച്ചു. കഴിഞ്ഞ ഒക്ടോബർ മുതൽ കേസിൽ വിചാരണ തുടർന്നുവരികയായിരുന്നു. രോഗം ബാധിച്ചതോ പൂർണ വളർച്ചയെത്തും മുമ്പ് ജനിച്ചതോ ആയ കുഞ്ഞുങ്ങളെയാണ് ലൂസി കൊലപ്പെടുത്തിയത്.
വായു കുത്തിവച്ചും അമിതമായി പാല് നൽകിയും ഇൻസുലിൻ കുത്തിവച്ചുമായിരുന്നു കൊല. കുഞ്ഞുങ്ങളുടെ ദുരൂഹ മരണത്തിൽ ആശുപത്രി അധികൃതർ പരാതി ഉന്നയിച്ചതിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് ലൂസിയുടെ ക്രൂരത പുറത്തായത്.
2020ൽ അറസ്റ്റിലായ ലൂസി കസ്റ്റഡിയിൽ തുടരുകയായിരുന്നു. ലൂസിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ കൊലപാതകങ്ങൾ വിവരിക്കുന്ന തരത്തിലെ കൈയ്യെഴുത്തുപ്രതികൾ പൊലീസ് കണ്ടെത്തി. ഓഗസ്റ്റ് 21ന് ലൂസിയുടെ ശിക്ഷ വിധിക്കും.
ലൂസി
പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഹെറെഫോർഡ് സ്വദേശിനി
യൂണിവേഴ്സിറ്റി ഒഫ് ചെസ്റ്ററിൽ നിന്ന് 2011ൽ നഴ്സിംഗ് ബിരുദം പൂർത്തിയാക്കി
തൊട്ടടുത്ത വർഷം ദ കൗണ്ടസ് ഒഫ് ചെസ്റ്റർ ഹോസ്പിറ്റലിൽ നഴ്സ് ആയി ജോലി കിട്ടി
2015ൽ കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തിലായി ഡ്യൂട്ടി
സമൂഹത്തിൽ സജീവമായിരുന്നു. സാൽസാ ക്ലാസുകളിലും ജിമ്മിലും പതിവ് സന്ദർശനം. യാത്രകൾ ഇഷ്ടം
ഇരകൾ
ആകെ 17 കുട്ടികളെ ലൂസി ഉപദ്രവിച്ചെന്ന് കരുതുന്നു. ഇവയിൽ പല കുഞ്ഞുങ്ങളും ഏതാനും ദിവസങ്ങൾ മാത്രം പ്രായമുള്ളവരായിരുന്നു. ഇരകളിൽ ഇരട്ട കുഞ്ഞുങ്ങളും ഒറ്റ പ്രസവത്തിൽ ജനിച്ച മൂന്ന് ആൾക്കുഞ്ഞുങ്ങളും ഉൾപ്പെടുന്നു. നൈറ്റ് ഷിഫ്റ്റിനിടെയായിരുന്നു കൊലകൾ നടത്തിയത്. കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ മാതാപിതാക്കളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ലൂസി നിരീക്ഷിച്ചിരുന്നു.
അറസ്റ്റ്
ആദ്യം രണ്ട് തവണ അറസ്റ്റിലായെങ്കിലും ലൂസിയെ മോചിപ്പിച്ചിരുന്നു. 2018 ജൂലായിലാണ് ലൂസിയെ ആദ്യമായി അറസ്റ്റ് ചെയ്തത്. 2020ൽ നടന്ന മൂന്നാം അറസ്റ്റിൽ ലൂസിക്കെതിരെ ഔദ്യോഗികമായി കുറ്റംചുമത്തി കസ്റ്റഡിയിലെടുത്തു. ' അവരെ പരിപാലിക്കാൻ ഞാൻ യോഗ്യയല്ല. അതിനാൽ ഞാൻ അവരെ മനഃപൂർവം കൊന്നു.
ഞാൻ ദുഷ്ടയാണ്. ഞാനാണ് അത് ചെയ്തത് ' ...ലൂസിയുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയ കുറിപ്പിൽ പറയുന്നു. ഇത് ലൂസിയാണ് എഴുതിയതെന്ന് സ്ഥിരീകരിച്ചു. അതേ സമയം, ലൂസി കുറ്റസമ്മതം നടത്തിയിട്ടില്ല. ലൂസിക്കെതിരെ നേരിട്ട് തെളിവുകളില്ലെന്നാണ് അവരുടെ അഭിഭാഷകരുടെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |