SignIn
Kerala Kaumudi Online
Wednesday, 20 November 2019 5.03 PM IST

'കാരുണ്യ" ഫണ്ട് വക മാറ്റരുത്

editorial-

വളരെയധികം പേർക്ക് ഉപകാരപ്പെട്ടിരുന്ന കാരുണ്യ ചികിത്സാ സഹായ പദ്ധതി പുതുതായി ആവിഷ്കരിച്ച സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ലയിപ്പിക്കാനുള്ള തീരുമാനമെടുത്തപ്പോൾ അതുവരെ സഹായത്തിന് അപേക്ഷ നൽകി കാത്തിരിക്കുന്നവരുടെ കാര്യം സർക്കാർ ഓർക്കേണ്ടതായിരുന്നു. പ്രത്യേകിച്ചും രോഗികളെ സഹായിക്കാൻ വേണ്ടി മാത്രം തുടങ്ങിയ 'കാരുണ്യ" ഭാഗ്യക്കുറികളിൽ നിന്നുള്ള കോടിക്കണക്കിനു രൂപയുടെ നിധി സർക്കാരിന്റെ മടിശീലയിൽ കിടക്കുമ്പോൾ. ഇക്കഴിഞ്ഞ മൂന്നുവർഷം കാരുണ്യ ലോട്ടറികളിൽ നിന്നുള്ള അറ്റാദായം 1113 കോടി രൂപയാണെന്ന് സർക്കാർ തന്നെ നിയമസഭയിൽ വെളിപ്പെടുത്തിയിരുന്നു. പട്ടിണിപ്പാവങ്ങൾ ഉൾപ്പെടെ ജീവിതത്തിന്റെ എല്ലാ തുറകളിലും പെട്ടവർ മനസറിഞ്ഞ് കാരുണ്യ ഭാഗ്യക്കുറി ടിക്കറ്റുകൾ വാങ്ങുന്നത് അതിന്റെ ഉദ്ദേശ്യശുദ്ധി മനസിലാക്കുന്നതുകൊണ്ടാണ്. പതിനായിരക്കണക്കിന് രോഗികൾക്കാണ് കാരുണ്യ സഹായപദ്ധതിയുടെ ഗുണം ലഭിച്ചിട്ടുള്ളത്. ശസ്ത്രക്രിയയ്ക്കും ചെലവേറിയ ചികിത്സയ്ക്കും വഴി കാണാതെ അന്തിച്ചുനിന്ന അനേകം കുടുംബങ്ങൾക്ക് നൂലാമാലകളൊന്നുമില്ലാതെ എളുപ്പത്തിൽ സഹായം എത്തിച്ചിരുന്ന മികച്ച ഒരു മാതൃകാ പദ്ധതിയായിരുന്നു അത്. 'കാരുണ്യ"യുടെ ഏറ്റവും വലിയ നേട്ടം കാലതാമസമില്ലാതെ സഹായം എത്തുമെന്നതാണ്.

ഒരിക്കലും സഹായ നിധിയിൽ പണത്തിന്റെ കുറവ് അനുഭവപ്പെട്ടിരുന്നില്ല. ഭാഗ്യക്കുറിയിൽ നിന്നുള്ള നിലയ്ക്കാത്ത വരുമാനമാണ് അത് ഉറപ്പാക്കിയിരുന്നത്. എന്നാൽ പുതിയ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കാനുള്ള തീരുമാനം വന്നതോടെ 'കാരുണ്യ" സഹായത്തിനുവേണ്ടിയുള്ള അപേക്ഷകളിൽ തീർപ്പും സഹായ വിതരണവും മെല്ലെപ്പോക്കിലായി. ഇക്കഴിഞ്ഞ മേയിൽ ഫണ്ട് അഡ്‌മിനിസ്ട്രേറ്റർ അപേക്ഷകർക്കു നൽകാനായി നൂറുകോടി രൂപ ആവശ്യപ്പെട്ടെങ്കിലും അൻപതു കോടി നൽകാനേ നികുതി വകുപ്പ് തയ്യാറായുള്ളൂ. കാരുണ്യയിൽ നിന്നുള്ള അനേക കോടികൾ കാരുണ്യ ഫണ്ടിൽ ശേഷിക്കുമ്പോഴായിരുന്നു ഈ കടുംപിടിത്തം. ഗുരുതര രോഗങ്ങളുടെ ചികിത്സയ്ക്കായി മാത്രം നടപ്പാക്കിയ ഒരു മാതൃകാ പദ്ധതിക്കായി ജനങ്ങൾ കൈയയച്ച് സംഭാവന രൂപേണ നൽകിയ പണം സർക്കാരിന്റെ മറ്റു ചെലവുകൾക്കായി വക മാറ്റുന്നത് മഹാപാപമാണ്. ചികിത്സാ സഹായം തേടിയവരെ വിഷമിപ്പിക്കാതെ എത്രയും വേഗം പണം അനുവദിക്കേണ്ടതിനു പകരം സാങ്കേതികത്വം പറഞ്ഞ് സഹായം വൈകിക്കുന്നതിനു നീതീകരണമൊന്നുമില്ല.

'കാരുണ്യ ബെനവലന്റ് പദ്ധതി"യുടെ കാര്യത്തിൽ മന്ത്രിമാർക്കിടയിൽ പോലും ഭിന്നാഭിപ്രായം നിലനിൽക്കുകയാണ്. ഈ മാസം മുതൽ പദ്ധതി നിറുത്തലാക്കണമെന്ന് ധനവകുപ്പ് ശാഠ്യം പിടിച്ചിരുന്നു. എന്നാൽ പൊതുജനങ്ങളിൽ നിന്നുയർന്ന പ്രതിഷേധം കണക്കിലെടുത്ത് പദ്ധതി അടുത്ത മാർച്ച് 31 വരെ തുടരാമെന്ന് ആരോഗ്യ വകുപ്പ് സമ്മതിച്ചിരിക്കുകയാണ്. പദ്ധതിയുടെ ആയുസ് ഏതാനും മാസം കൂടി നീട്ടിക്കിട്ടിയത് നല്ല കാര്യമാണെങ്കിലും പുതിയ ഇൻഷ്വറൻസ് പദ്ധതിയെക്കുറിച്ച് ഉയർന്നുവന്നിട്ടുള്ള ആക്ഷേപങ്ങൾക്ക് പരിഹാരം കാണുക കൂടി വേണം. പദ്ധതിയിൽ പങ്കുചേരാതെ നിൽക്കുന്ന ആശുപത്രികളെ അനുനയിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ പാവങ്ങൾക്ക് ലഭിക്കാത്ത സ്ഥിതി ഉണ്ടാകും.

'കാരുണ്യ" ഫണ്ടിൽ ശേഷിക്കുന്ന പണം വക മാറ്റാതെ അപേക്ഷ നൽകി കാത്തിരിക്കുന്നവർക്ക് എത്രയും വേഗം വിതരണം ചെയ്യാനും ഏർപ്പാടുണ്ടാകണം. ഇൻഷ്വറൻസ് പദ്ധതി ജൂലായ് ഒന്നിന് പ്രാബല്യത്തിൽ വന്നതോടെ കാരുണ്യ വഴി സഹായം ലഭിക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് നിറുത്തിവച്ചിരിക്കുകയാണ്. പദ്ധതി മാർച്ച് വരെ നീട്ടിയ സ്ഥിതിക്ക് അത് പുനരാരംഭിക്കാവുന്നതാണ്. കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ സത്വര തീർപ്പുണ്ടാവുകയും വേണം.

സഹായ പദ്ധതികൾക്കായി സ്വരൂപിക്കുന്ന പണം അക്കാര്യത്തിനായി മാത്രം വിനിയോഗിക്കുന്നുവെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. എങ്കിലേ ഭാവിയിലും ഇത്തരം പദ്ധതികളോട് പൊതുജനങ്ങൾ മനസറിഞ്ഞ് സഹകരിക്കുകയുള്ളൂ. 'കാരുണ്യ" വഴി 1.40 ലക്ഷം രോഗികൾക്ക് സഹായം എത്തിക്കാൻ കഴിഞ്ഞുവെന്നത് വലിയ നേട്ടമാണ്. ഇതിനാവശ്യമായി വന്ന പണം ഭാഗ്യക്കുറിയിൽ നിന്നു മാത്രം ലഭിച്ചതാണ്. അതിൽ ശേഷിക്കുന്ന പണവും രോഗികളിൽത്തന്നെ എത്തേണ്ടതുണ്ട്.

പ്രത്യേക ഉദ്ദേശ്യം വച്ച് ജനങ്ങളിൽ നിന്നു സർക്കാർ പിരിച്ചെടുക്കുന്ന അധിക നികുതിയും സെസുകളും അതാതു കാര്യങ്ങൾക്കായി മാത്രം ചെലവഴിക്കുമ്പോഴാണ് ഉദ്ദേശശുദ്ധി പ്രകടമാകുന്നത്. പ്രളയമുണ്ടായപ്പോൾ ഇന്ത്യൻ നിർമ്മിത വിദേശ മദ്യങ്ങൾക്ക് എക്സൈസ് തീരുവ വർദ്ധിപ്പിച്ചത് പ്രളയത്തിൽ പെട്ടവരെ സഹായിക്കാൻ വേണ്ടിയാണ്. 310 കോടി രൂപയാണ് വെറും നാലുമാസം കൊണ്ട് മദ്യത്തിൽനിന്ന് അധിക നികുതിയായി സർക്കാർ പിരിച്ചെടുത്തത്. പ്രളയ ദുരന്തത്തിന്റെ ഒന്നാം വാർഷികമടുക്കുമ്പോഴും പുനരധിവാസ - പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഒച്ചിന്റെ വേഗമേയുള്ളൂ. പ്രളയത്തിൽ തകർന്ന പാവപ്പെട്ടവരുടെ വീടുകളുടെ പുനർ നിർമ്മാണം പോലും പൂർത്തിയാക്കാനായിട്ടില്ല. ഇവിടെയും പണമില്ലാത്തതല്ല പ്രശ്നം. സർക്കാർ കാര്യം മുറപോലെ എന്ന ശൈലിയാണ് അടിസ്ഥാന കാരണം.

വാഹന യാത്രക്കാരിൽ നിന്ന് പെറ്റിയായി ഓരോ വർഷവും പിരിക്കുന്ന ശതകോടികൾ റോഡ് സുരക്ഷാ നടപടികൾക്ക് പ്രയോജനപ്പെടുത്തേണ്ടതാണ്. എന്നാൽ പിരിച്ചെടുക്കുന്ന പണത്തിന്റെ ചെറിയൊരു ഭാഗം പോലും അതിനായി വിനിയോഗിക്കപ്പെടാറില്ല. അതുപോലെ ഇന്ധനങ്ങളുടെ മേലുള്ള സെസും മെച്ചപ്പെട്ട റോഡ് പരിപാലനത്തിനായി ഉദ്ദേശിക്കപ്പെട്ടതാണ്. ഖജനാവിലെത്തുന്ന ഈ പണവും പിന്നീട് എങ്ങോട്ടുപോകുന്നുവെന്ന് അറിയാറില്ല. സർക്കാരിന് സാമ്പത്തിക ഞെരുക്കം വർദ്ധിക്കുകയും വൻതോതിൽ വായ്പ എടുക്കേണ്ട സ്ഥിതിയിലെത്തുകയും ചെയ്യുന്നത് പതിവായതോടെ ഏതിനത്തിൽ എത്തുന്ന പണവും ക്ഷിപ്രനേരം കൊണ്ട് അപ്രത്യക്ഷമാകുന്നു. നികുതി പിരിവാകട്ടെ ഒരിക്കലും ലക്ഷ്യത്തിലെത്തുന്നുമില്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KARUNYA, LOTTERY, EDITORIAL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.