പാലക്കാട് ജില്ലയിലെ പൊൽപ്പുള്ളി എന്ന ഗ്രാമത്തിലെ കൂളി മുട്ടം എന്ന സ്ഥലത്ത് വച്ചാണ് കൊങ്ങ് സംസ്‌കാരത്തിന്റെ ബാക്കി പത്രമായ ഈ തായ് നടുക്കല്ല് ചരിത്രം തേടിയുള്ള യാത്രയിൽ കണ്ടെത്തിയത്. മരത്തിന്റെ കീഴെയായി സ്ഥിതി ചെയ്യുന്ന ഈ നടുക്കല്ലിന് കാലപ്പഴക്കത്താൽ ചെറിയ തേയലും ,വിള്ളലുമെല്ലാം സംഭവിച്ചിട്ടുണ്ട്. ഏകദേശം 45 സെന്റിമീറ്റർ വീതിയും,50 സെന്റിമീറ്റർ നീളവും ഈ നടുക്കല്ലിന് ഉണ്ട്.ഇടത്തെ ഒക്കത്ത് കുഞ്ഞിനെ എടുത്ത് നിൽക്കുന്ന അമ്മയെയും, താഴെ രണ്ട് ഭാഗത്തായി പശുക്കളെയും നമുക്ക് ഈ നടുക്കല്ലിൽ കാണാനാകും.തമിഴ് നാട്ടിലെ ഗ്രാമീണ ദേവതകളെ കുറിച്ച് ഗവേഷണം ചെയ്യുന്ന ശ്രീ പല്ലടം പൊന്നു സ്വാമി അവർകളിൽ നിന്ന് മനസ്സിലായത് ഈ നടുക്കല്ല്,15,/16 നൂറ്റാണ്ടിലേതാകാം എന്നാണ്. ആദ്യമായിട്ടാണ് ഞാൻ പാലക്കാട് നിന്ന് ഇത്തരം നടുക്കല്ല് കാണുന്നത്.
ഒരുപാട് ചരിത്ര പ്രാധാന്യമുള്ള ഒന്നാണ് തായ് നടുക്കല്ലുകൾ.സംഘകാലം മുതലേ തമിഴ് ദേശത്തിൽ സ്വന്തം ഗ്രാമത്തിനോ/കുലത്തിനോ വേണ്ടി ജീവൻ വെടിഞ്ഞ അമ്മമാർക്കായും,അതും അല്ലേൽ വളരെ ചെറുപ്പത്തിൽ തന്നെ അസുഖം വന്നു മരിച്ച അമ്മമാർക്കോ,വേണ്ടിയും അവരുടെ ഓർമ്മയ്ക്കായ് ഇത്തരം നടുക്കല്ലുകൾ പ്രതിഷ്ഠിക്കുന്നത് പതിവാണ്.അമ്മ എന്നതിന്റെ തമിഴ് വാക്കാണ് തായ് എന്ന് എല്ലാവർക്കും അറിയാം അല്ലോ. ഇത്തരം നടുക്കല്ലുകൾ പിന്നീട് ഗ്രാമ ദേവതയായും,കുല ദേവതയായും ആരാധിക്കപ്പെടാറുണ്ട് .സന്താന സൗഭാഗ്യത്തിനും,രോഗ നിവാരണത്തിനും, കന്നുകാലികളുടെ ആരോഗ്യത്തിന് വേണ്ടിയും ,നല്ല വിളവ് ലഭിക്കാനും എല്ലാം ഗ്രാമീണ ജനത ഇത്തരം മൂർത്തികളെ ആരാധിക്കാറുണ്ട് .
ഒക്കത്ത് കുഞ്ഞും ,താഴെ രണ്ട് കന്നുകാലികൾ ആയും ഉള്ള നടുക്കല്ലുകൾ അധികവും കണ്ടു വരുന്നത് കൊങ്ങ് നാട്ടിൽ ആണ്.അമ്മയായത് കൊണ്ടാകും കുഞ്ഞിനെ ഒക്കത്ത് വച്ചത്.താഴെ കന്നുകാലികൾ എന്ത് കൊണ്ട് വന്നു എന്നു ചിന്തിക്കും നേരം കൊങ്ങ് ദേശം കന്നുകാലികൾക്ക് പ്രസിദ്ധം ആയിരുന്നു എന്നും അവയെ ഐശ്വര്യത്തിന്റെ ലക്ഷണമായി അന്നത്തെ ജനത കണ്ടിരുന്നു എന്നുമെല്ലാം ചേർത്ത് വായിക്കണം.ഈറോഡ്,തിരുപ്പൂർ,കോയമ്പത്തൂർ,സേലം എന്നീ ഭാഗങ്ങളിൽ നിന്നെല്ലാം ഇത്തരം നടുക്കല്ലുകൾ കണ്ടെത്തിയിട്ടുണ്ട്. കോയമ്പത്തൂർ സര്ക്കാര് ആർട്സ് കോളേജിലെ ചരിത്ര മ്യൂസിയത്തിൽ ഇത്തരം ഒരു നടുക്കല്ല് ഉണ്ട്.അവർ വീര മാത്തി അമ്മൻ എന്നാണ് ആ നടുക്കല്ലിനെ വിളിക്കുന്നത്.വീരമാത്തി അമ്മൻ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങൾ തമിഴ് ദേശങ്ങളിൽ ,അല്ലേൽ തമിഴ് വംശജർ ഉള്ള ഭാഗത്ത് നമുക്ക് കാണാൻ ആവും. സതി അനുഷ്ഠിച്ച അമ്മ അതായത് വീരയായ മഹാ സതി അമ്മ വീരമാസതി അമ്മ വീര മാസാത്തി അമ്മ വീര മാത്തി അമ്മ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.വീരനായ ഭർത്താവ് പോരിൽ മരണപ്പെട്ടു കഴിയും നേരം ,അവരുടെ ഭാര്യയും ഭർത്താവിന്റെ കൂടെയോ ,അതിനു ശേഷമോ ആയി സ്വയം മരണം പുൽകുകയും,അതിനു ശേഷം അവർക്ക് ദൈവീക പരിവേഷം കൈവരികയും ചെയ്യുന്ന കാര്യം മുൻപൊരിക്കൽ ഞാൻ എഴുതിയിട്ടുണ്ട് .വീര മാത്തി അമ്മനിലും അതെ സങ്കൽപ്പം തന്നെയാണ് ഉള്ളത്.തായ് നടുക്കല്ല് തന്നെയാണ് പിന്നീട് വീരമാത്തി അമ്മനായി ആരാധിക്കപ്പെടുന്നത്.പക്ഷേ അതിന് ആ അമ്മ എന്തിന് വേണ്ടി മരണപ്പെട്ടു എന്നതിനെ അടിസ്ഥാനമാക്കിയിട്ട് ആകും.ഇത്തരം തായ് നടുക്കല്ലുകളെ കുറിച്ച് മറ്റൊരു ഭാഷ്യം കൂടെ തമിഴ് ദേശത്ത് ഉണ്ട്.അതായത് തന്റെ കന്നുകാലികളെ തട്ടിക്കൊണ്ടു പോയവരിൽ നിന്ന് മോചിപ്പിക്കാൻ ശ്രമിച്ച് ജീവൻ നഷ്ടപ്പെട്ട അമ്മയ്ക്ക് വേണ്ടിയാണ് ഇത്തരം തായ് നടുക്കല്ല് വയ്ക്കുന്നത് എന്ന്..വീര മരണത്തിന്റെ ചിഹ്നങ്ങൾ ആയി ജനത ഈ നടുക്കല്ലിനെ ആരാധിക്കുന്നു.
എന്താണ് ഇത്തരം തായ് നടുക്കല്ലുകളുടെ പ്രാധാന്യം എന്നറിയാമോ. നമ്മുടെ ഇടയിൽ ജനിച്ച് ,ജീവിച്ച്,എന്തോ ഒരു പ്രത്യേക കാരണത്താൽ ജീവ ത്യാഗം ചെയ്ത അല്ലേൽ ജീവൻ നഷ്ടപ്പെട്ട അമ്മയുടെ ഓർമ്മയ്ക്ക് ആയാണ് ഈ നടുക്കല്ല് വയ്ക്കുന്നത്.നമ്മുടെ പൂർവിക ആണെന്ന് സാരം. എല്ലാ ആരാധനയും പൂർവികാരാധനുടെയും,വീരാരാധനയുടെയും ഭാഗമാണ് എന്നതിന്റെ തെളിവ് കൂടിയാണ് നമുക്ക് ഇവിടെ നിന്ന് ലഭിക്കുന്നത്..പുരാതനമായ ഇത്തരം നടുക്കല്ലുകൾ പല ഭാഗത്തും പിഴുതെറിയപ്പെട്ടു.ചില ഭാഗത്ത് പ്രതിഷ്ഠ മാറ്റി പുതിയ വിഗ്രഹങ്ങൾ ആയി മാറി.ചിലത് മ്യൂസിയത്തിൽ ആയി.ആകെ അവശേഷിക്കുന്ന തായ് നടുക്കല്ലിൽ ഒന്നാണ് നമ്മുടെ ഈ പാലക്കാടൻ ഗ്രാമത്തിൽ കുടികൊള്ളുന്നത്..ഇത്തരം തായ് നടുക്കല്ലിന്റെ സമീപത്തായി ചിലപ്പോൾ അമ്മൻ ക്ഷേത്രങ്ങളും കാണാൻ ആകും.ഇവിടെയും കൂളിമുട്ടം മാരിയമ്മൻ ക്ഷേത്രത്തിന്റെ സമീപത്തായിട്ടാണ് ഈ നടുക്കല്ല് സ്ഥിതി ചെയ്യുന്നത്.
ഈ തായ് നടുക്കല്ലും നൂറ്റാണ്ടുകൾ ആയി ആരാധിക്കപ്പെടുന്നുണ്ട്.പക്ഷേ അതിന്റെ പിന്നിലെ കഥയോ ,കാരണമോ ഒന്നും അവിടുത്തെ ആർക്കും അറിയില്ല. ഈ ദേശത്ത് ഉടയാർ ,ചെട്ടിയാർ,പിള്ളൈ,തുടങ്ങി ധാരാളം തമിഴ് വംശജരും ഉണ്ട്. പൂർവികർ തുടങ്ങി വച്ച കാര്യങ്ങൾ അടി ഉറച്ച വിശ്വാസത്തോടെ പിന്തുടർന്ന് പോകുന്നു എന്നും,ബാക്കി കഥകളോ ,ചരിത്രമോ, ഐതിഹ്യങ്ങളോ ഒന്നും അറിയില്ല എന്നാണ് ഈ ഗ്രാമത്തിലെ കാരണവരും , ഈ തായ് നടുക്കല്ലിനെ ആരാധിക്കുന്ന സമൂഹത്തിലെ കാരണവരുമായ ,തൊണ്ണൂറുകളും പടി കടന്ന മുത്തു എന്ന പേരുള്ള മുത്തശ്ശൻ പറഞ്ഞു തന്നത്. ഐക്കണോഗ്രഫി പ്രകാരം ഒരു പ്രതിഷ്ഠയുടെ തലമുടി ഒതുക്കി വച്ചിട്ടുള്ളതാണ് എങ്കിൽ അത് ശാന്തമായ ഭാവമാണ് എന്നും, പാറി പറന്നു ഉള്ള തലമുടിയാണ് എങ്കിൽ ഉഗ്ര ഭാവമാണ് എന്നും ആണ്.ഇവിടുത്തെ അമ്മയ്ക്ക് പാറി പറന്നു കിടക്കുന്ന തലമുടിയാണ്.അതിനാൽ ഒരു വീര,ഉഗ്ര കഥ തന്നെ അമ്മയ്ക്ക് പറയാൻ കാണും എന്ന് ഉറപ്പാണ്. എന്നെ ഏറ്റവും അദ്ഭുതപ്പെടുത്തിയ കാര്യം ഞാൻ പറയും വരെ ഇതൊരു അമ്മ വിഗ്രഹമാണ് അവിടെ ഉള്ള ഭൂരിഭാഗം ജനതയ്ക്കും അറിയില്ല എന്നതായിരുന്നു.എന്തായാലും ഈ തായ് നടുക്കല്ലിനെ അടിസ്ഥാനമാക്കിയുള്ള കൂടുതൽ തേടൽ ആരംഭിച്ചു കഴിഞ്ഞു.ഈ അമ്മയ്ക്ക് പറയാൻ ഉള്ള കഥകൾ അറിയണം . അതിനു വേണ്ടി പല്ലടം പൊന്നു സ്വാമി അവർകളെ പോലെയുള്ളവരുടെ സഹകരണം കൂടെ ഉണ്ട്. ഇത്തരം തായ് നടുക്കല്ലുകളുടെ പ്രാധാന്യം ജനങ്ങൾ മനസ്സിലാക്കുകയും സംരക്ഷിക്കപ്പെടുകയും ചെയ്യണം...കാരണം ഇതെല്ലാം നമ്മുടെ ചരിത്രത്തിന്റെ ,ജീവിതത്തിന്റെ ഭാഗമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |