വളരെ പ്രധാനപ്പെട്ട ഒരു കാര്യത്തിലേക്ക് സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ശ്രദ്ധക്ഷണിക്കാനാണ് ഈ കത്ത്. നാഷണൽ ആക്ഷൻ പ്ളാൻ ഫോർ സീനിയർ സിറ്റിസൺസിന്റെ ഭാഗമായി വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാരിന്റെ സഹായത്താൽ സാമൂഹ്യനീതി വകുപ്പും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ ഡിഫൻസും (എൻ.ഐ.എസ്.ഡി ) ചേർന്ന് കേരളത്തിൽ നടപ്പിലാക്കിവരുന്ന ദേശീയപദ്ധതിയാണ് നാഷണൽ ഹെൽപ്പ് ലൈൻ ഫോർ സീനിയർ സിറ്റിസൺസ് അഥവാ എൽഡർ ലൈൻ. പൂർണ്ണമായും കേന്ദ്ര സർക്കാർ ഫണ്ടിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ, 2021 നവംബർ 1 മുതലാണ് തിരുവനന്തപുരം പൂജപ്പുര ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ചത്. 14567 എന്ന ടോൾ ഫ്രീ നമ്പരിൽ വർഷത്തിൽ എല്ലാ ദിവസവും രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ 60 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് ടെലിഫോൺ മുഖേനയും നേരിട്ടുമുള്ള ഇടപെടലുകളിലൂടെയും സംശയനിവാരണം, മാർഗ്ഗനിർദ്ദേശം, മാനസിക പിന്തുണ, ചൂഷണങ്ങൾക്കും, അതിക്രമങ്ങൾക്കുമെതിരെയുള്ള സഹായം, അഗതികളായ മുതിർന്ന പൗരന്മാരുടെ പുനരധിവാസം തുടങ്ങിയ ധാരാളം സേവനങ്ങൾ നൽകി വരുന്നു.
സന്തോഷകരമായ വാർദ്ധക്യം സാദ്ധ്യമാക്കാനായി മുതിർന്ന പൗരന്മാർക്കുവേണ്ടി കേരളത്തിൽ സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കിവരുന്ന പദ്ധതികളിൽ എൽഡർ ലൈനും മികച്ച പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. എൻ.ഐ.എസ്.ഡിയിൽ നിന്നുള്ള നിർദ്ദേശപ്രകാരം സാമൂഹ്യനീതി വകുപ്പ് കരാർ വ്യവസ്ഥയിൽ നിയമിച്ച 24 ജീവനക്കാരാണ് (പ്രോജക്ട് മാനേജർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, 4 ലീഡർമാർ, 7 ഫീൽഡ് ഓഫീസർമാർ, 10 കാൾ ഓഫീസർമാർ, സ്വീപ്പർ) നിലവിൽ എൽഡർ ലൈൻ പദ്ധതിയിൽ പ്രവർത്തിക്കുന്നത്. എൻ.ഐ.എസ്.ഡിയുമായുള്ള ധാരണാപത്ര പ്രകാരം, 2022-23 സാമ്പത്തിക വർഷത്തെ എൽഡർ ലൈൻ പ്രവർത്തനത്തിനായി ലഭിക്കേണ്ടിയിരുന്ന മുഴുവൻ തുകയും നാളിതുവരെയും ലഭിച്ചിട്ടില്ല. കൂടാതെ 2023-24 സാമ്പത്തിക വർഷത്തെ ഒന്നും രണ്ടും ഘട്ട തുകകളും ലഭ്യമായിട്ടില്ല. ഈ സാഹചര്യത്തിൽ 2023 ഏപ്രിൽ മുതൽ ജീവനക്കാർക്ക് വേതനം നൽകുവാനോ, BSNL Internet/PRI ബിൽ, വൈദ്യുതി ബിൽ തുടങ്ങിയ പദ്ധതിയുമായി ബന്ധപ്പെട്ട അടിയന്തര ചെലവുകൾക്കുള്ള തുക ഒടുക്കുവാനോ വകുപ്പിന് സാധിച്ചിട്ടില്ല. പ്രവർത്തനം ആരംഭിച്ച്, നാളിതുവരെയായി 70,000-ത്തോളം ആളുകൾ വിവിധ ആവശ്യങ്ങൾക്കായി എൽഡർ ലൈനുമായി ബന്ധപ്പെട്ടിട്ടുണ്ട്, അതിൽ നേരിട്ടുള്ള സഹായം ആവശ്യമായ 3000ത്തോളം കാളുകൾക്ക് ആവശ്യകതയനുസരിച്ച് നേരിട്ടുള്ള ഇടപെടലുകൾ നടത്താനും കഴിഞ്ഞിട്ടുണ്ട്. നിലവിലേതിന് സമാനമായ സാഹചര്യത്തിൽ കഴിഞ്ഞ സാമ്പത്തികവർഷം ആറു മാസത്തോളം ശമ്പളം ലഭ്യമാകാതിരുന്നിട്ടും എല്ലാ ദിവസവും നൂറ്റമ്പതിലധികം കാളുകൾ വരുന്ന എൽഡർ ലൈൻ-കേരള, പ്രവർത്തനം ആരംഭിച്ച നാൾ മുടക്കിയിട്ടില്ല. മാത്രമല്ല ഇതുവരെയും ശ്രദ്ധേയമായ പ്രവർത്തനമാണ് നടത്തിവരുന്നത്. കൂടാതെ ശമ്പളത്തിൽ തടസ്സം നേരിട്ടിട്ടും എല്ലാ ദിവസവും 12 മണിക്കൂർ വീതം എൽഡർ ലൈൻ ജീവനക്കാർ ഇടതടവില്ലാതെ പ്രവർത്തിച്ചുവരുന്നുണ്ട്. മുതിർന്ന പൗരന്മാർക്കായുള്ള ശ്രദ്ധേയമായൊരു പദ്ധതിയെന്ന നിലയിലും അശരണരായ മുതിർന്ന പൗരന്മാർക്ക് നേരിട്ടുപോയി വേണ്ട സഹായങ്ങൾ ലഭ്യമാക്കുന്ന ഒരേയൊരു പദ്ധതി എന്ന നിലയിലും എൽഡർ ലൈൻ പ്രവർത്തനം മുതിർന്ന പൗരന്മാർക്ക് അനിവാര്യമാണ്. ദേശീയ വ്യാപകമായി എൽഡർ ലൈൻ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നതിനായി എൻ.ഐ.എസ്.ഡി പുതിയ ധാരണാപത്രം ക്ഷണിച്ചിട്ടുള്ളതായും നടപടികൾ പൂർത്തിയാകുന്നതു വരെ പ്രവർത്തനഫണ്ട് ലഭ്യമാക്കുന്നതിൽ കാലതാമസം നേരിടുമെന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. കൂടാതെ പുതിയ ധാരണാപത്രം നിലവിൽ വരുന്നവരെ പകുതി ജീവനക്കാരെ മാത്രം ഉപയോഗിച്ച് കണക്ട് സെന്റർ മാത്രം പ്രവർത്തിച്ചാൽ മതിയെന്നാണ് എൻ.ഐ.എസ്.ഡി അറിയിച്ചിട്ടുള്ളത്. ഫണ്ട് ലഭ്യതയിലുണ്ടാകുന്ന ഈ കാലതാമസം പദ്ധതിയുടെ പ്രവർത്തനത്തെയും ജീവനക്കാരുടെ പ്രവർത്തന മികവിനെയും സാരമായി ബാധിക്കുന്നതിനാൽ, അടിയന്തരമായി ജീവനക്കാരുടെ വേതനം നൽകുന്നതിനും ഓഫീസ് പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ചെലവുകൾക്കുമായി എൻ.ഐ.എസ്.ഡി യിൽ നിന്ന് നിലവിലെ ധാരണാപത്രപ്രകാരം ലഭിക്കേണ്ട തുക ലഭിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണം. പ്രായമായവരെ കൈയൊഴിയരുത്.
എം.ഡി. മോഹൻദാസ്
വക്കം
നിയന്ത്രണ ഫിൽട്ടറുകൾ
ഉപയോഗപ്പെടുത്തണം
കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും നിരീക്ഷിക്കാനും രക്ഷിതാക്കളെ സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്തിരിക്കുന്ന സോഫ്റ്റ്‌വെയറുകൾ ആണ് രക്ഷാകർത്തൃ നിയന്ത്രണ ഫിൽട്ടറുകൾ. ഈ ഫിൽട്ടറുകൾ അനുചിതമായവ ബ്ലോക്ക് ചെയ്യാനും അനാവശ്യ വെബ്‌സൈറ്റുകളിലേക്കോ ആപ്പുകളിലേക്കോ ഉള്ള ആക്സസ് നിയന്ത്രിക്കാനും മൊബൈൽ ഉപയോഗത്തിന് സമയപരിധി നിശ്ചയിക്കാനും കുട്ടികൾ ഏതൊക്കെ ആവശ്യത്തിനാണ് മൊബൈൽ ഫോൺ ഉപയോഗിച്ചതെന്ന് അറിയാൻ ആക്ടിവിറ്റി റിപ്പോർട്ടുകൾ നൽകാനും കഴിയും.
കുട്ടികൾക്കായി സുരക്ഷിതമായ ഓൺലൈൻ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനും സ്‌ക്രീൻ സമയവും കുട്ടികളുടെ മറ്റ് പ്രവർത്തനങ്ങളും തമ്മിലുള്ള ബാലൻസ് നിലനിറുത്തുന്നതിനും എല്ലാ രക്ഷകർത്താക്കളും നിർബന്ധമായും രക്ഷാകർത്തൃ നിയന്ത്രണ ഫിൽട്ടറുകൾ ഉപയോഗിക്കേണ്ടതാണ്. ഐഫോണുകളിലും ആൻഡ്രോയ്ഡ് മൊബൈൽ ഫോണുകളിലും സൗജന്യമായി ഉപയോഗിക്കാവുന്ന മൊബൈൽ ആപ്ലിക്കേഷനുകളായും ലഭ്യമാണ്.
അഭിലാഷ് ജി.ആർ
അദ്ധ്യാപകൻ
കൊല്ലം
ഡി.എ കുടിശ്ശിക അവകാശമല്ല
ദേശീയ വിലസൂചികയുടെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഇടയ്ക്കിടെ നൽകുന്ന ക്ഷാമബത്ത അതേ തോതിൽ സംസ്ഥാന സർക്കാർ നൽകുന്നില്ല എന്ന രീതിയിൽ വ്യാപക പ്രചാരണങ്ങൾ നടക്കുന്നുണ്ട്. 2021 മുതലുള്ള ആറു ഗഡുക്കൾ ആയ 18 ശതമാനം കുടിശ്ശിക ഉണ്ടെന്നാണ് വാദം. കേന്ദ്രസർക്കാർ നൽകുന്ന അതേ അനുപാതത്തിൽ ഡി.എ സംസ്ഥാന സർക്കാരുകൾ നൽകണമെന്ന് ഇന്ത്യൻ ഭരണഘടനയിലുണ്ടോ? കൃത്യമായ അടിസ്ഥാന ശമ്പളം നൽകുന്നതിനു പുറമേയാണ് ഡി.എ. അതതു സംസ്ഥാനത്തെ സാഹചര്യവും ആവശ്യകതയും സാമ്പത്തികനിലയും അനുസരിച്ചു മാത്രം നൽകേണ്ടതാണ് അധിക ഡി.എ. കേരളത്തിൽ, മറ്റെങ്ങുമില്ലാത്ത വിധം എയ്ഡഡ് ജീവനക്കാരുടെ സാന്നിദ്ധ്യം അധിക ഡി.എ നൽകുന്നതിനു സർക്കാരിനു തടസ്സമാകുന്നു. വിപണിയിലെ വിലക്കയറ്റം നേരിടാനാണ് ഇടയ്ക്കിടെ ഡി.എ നൽകുന്നത് എന്നാണു വയ്പ്. അടിസ്ഥാന ശമ്പളത്തിന് ആനുപാതികമായായാണ് അതു നൽകുന്നത്. അഞ്ച് ശതമാനം ഡി.എ അനുവദിച്ചാൽ 25,000 രൂപ ശമ്പളമുള്ള ആൾക്ക് ശമ്പളത്തിൽ 1,250 രൂപ കൂടും. എന്നാൽ, രണ്ടുലക്ഷം അടിസ്ഥാന ശമ്പളമുള്ളയാൾക്ക് 10,000 രൂപ കൂടും. വിലക്കയറ്റം രണ്ടുപേർക്കും ഒരുപോലെയല്ലേ ? പയറിനും സവാളയ്ക്കും പെട്രോളിനുമെല്ലാം ഒരേ വിലയല്ലേ എല്ലാവരും നൽകേണ്ടത് ? ഡി.എ നൽകുന്നതിൽ തെറ്റില്ല. പക്ഷേ, അത് ശതമാനത്തിൽ നൽകുന്നത് യുക്തിയല്ല. ഒരു ശതമാനം എന്നത് നൂറുരൂപ എന്ന കണക്കിൽ എല്ലാ ജീവനക്കാർക്കും നൽകണം. 18 ശതമാനം കുടിശ്ശിക എന്നത് 1,800 രൂപ വീതം നൽകിയാൽ തീരാവുന്നതേയുള്ളൂ ഈ പ്രശ്നം.
ജോഷി ബി. ജോൺ
മണപ്പള്ളി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |